Follow the FOURTH PILLAR LIVE channel on WhatsApp
അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോഴും ഇവിടെ കൂട്ടി
ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇത്തവണ എക്‌സൈസ് തീരുവ ഇനത്തിൽ 2 രൂപയാണ് വർധിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിലാവും.
രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയും 50 രൂപ വർധിപ്പിച്ചിട്ടുണ്ട്. സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നവർക്കും വില വർധന ബാധകമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഉജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടർ 550 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവർ സിലിണ്ടറിന് 853 രൂപ നൽകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നേരത്തേ ഇത് യഥാക്രമം 500 രൂപ, 803 രൂപ എന്നിങ്ങനെ ആയിരുന്നു.
എക്സൈസ് തീരുവ കൂട്ടിയെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ക്രമേണ നികുതി ഇനത്തിൽ അധികം പിരിക്കുന്ന തുക അടിത്തട്ടിലെ ഉപഭോക്താവിൻ്റെ മേൽ വന്ന് പതിക്കുന്നതാണ് രീതി. നിലവിൽ തിരുവനന്തപുരത്ത് പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.
യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് തീരുവ കൂട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. പെട്രോളിൻ്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിൻ്റേത് 10 രൂപയായും മൊത്തത്തിൽ ഉയർത്തിയതായാണ് ഉത്തരവിൽ വ്യക്തമാവുന്നത്.
2024 മാർച്ച് 14നാണ് ഇതിനു മുൻപു കേന്ദ്രം എക്സൈസ് തീരുവയിൽ മാറ്റം വരുത്തിയത്. അന്നു പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായാണ് ഏറെക്കാലത്തിനു ശേഷം ഇന്ധനവിലയിൽ കുറവുണ്ടായത്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ 30നും ഇന്ധനവിലയിൽ മാറ്റമുണ്ടായി. പെട്രോൾ പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്തതോടെയാണിത്. അന്നു കേരളത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ വില കൂടുകയും കുറയുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണു കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് നികുതി കൂട്ടിയതെന്നാണു വാദം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിൻ്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കു വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ പറയുന്നത്. പക്ഷേ, മാസംതോറും വില പുനഃപരിശോധിക്കാൻ അധികാരമുള്ള എണ്ണക്കമ്പനികൾ ക്രമേണ ഈ ഭാരം ഉപഭോക്താക്കളിലേക്കു കൈമാറുകയാണ് പതിവ്.