Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നാണ് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പുതിയ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിൻ്റെ 2 എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്.
അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 വിമാനത്തിൻ്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നൽകുന്നതിൻ്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട് പെട്ടെന്ന് ഓൺ ചെയ്‌തെങ്കിലും എൻജിനുകൾ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. കൃത്യമായ വിവരങ്ങൾ അറിയാൻ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.
അപകട സമയത്ത് വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേർ ബിസിനസ് ക്ലാസിലും 215 പേർ ഇക്കോണമി ക്ലാസിലുമായിരുന്നു. ഒരാൾ ഒഴികെ മറ്റെല്ലാവരും അപകടത്തിൽ മരിച്ചു.



























