ദേശീയ പണിമുടക്ക് എന്തിനുവേണ്ടി? ആരൊക്കെയാണ് പണിമുടക്കുന്നത്?

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് കേരളത്തിൽ ശക്തമായി തന്നെ തുടരുന്നു. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

രാജ്യമൊട്ടാകെ വിവിധ മേഖലകളിലുള്ള 25 കോടി തൊഴിലാളികൾ പണിമുടക്കിൻ്റെ ഭാഗമാകുമെന്നാണ് തൊഴിലാളി യൂണിയനുകൾ അവകാശപ്പെടുന്നത്. പൊതുഗതാഗതം, ഇൻഷുറൻസ്, ബാങ്കിങ്, പോസ്റ്റൽ ഉൾപ്പെടെ നിരവധി മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് പത്തിന് നിശ്ചയിച്ച പണിമുടക്ക് പഹൽഗാം ഭീകാരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജൂലൈ 9ലേക്ക് മാറ്റുകയായിരുന്നു.

എന്തിന് വേണ്ടി ഈ പണിമുടക്ക്?

പ്രധാനമായും കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾക്ക് എതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം. വർഷങ്ങളായി തൊഴിലാളികൾ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിൻ്റെ പുതിയ ലേബർ കോഡെന്നാണ് യൂണിയനുകളുടെ ആരോപണം. കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡ് കോർപ്പറേറ്റുകൾക്ക് അനുകൂലമാണെന്നും ആരോപണമുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു, ജോലി സമയം വർധിപ്പിക്കുന്നു, യൂണിയനുകളുടെ പ്രവർത്തനങ്ങൾ തടയിടുന്നു, തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാകുന്നു, തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രത്തിൻ്റെ ലേബർ കോഡിനെതിരെ യൂണിയനുകൾ ഉന്നയിക്കുന്നത്. കൂടാതെ വർദ്ധിച്ചുവരുന്ന കരാർവൽക്കരണത്തെയും തൊഴിലുകളുടെ സ്വകാര്യവൽക്കരണത്തെയും യൂണിയനുകൾ ശക്തമായി എതിർക്കുന്നു. കൂടാതെ പൊതുമേഖലയിലെ നിയമനങ്ങൾ കുറവും ജീവിത ചെലവിൽ വർദ്ധനവ് ഉണ്ടായിട്ടും വേതനത്തിൽ വർദ്ധനവില്ലാത്തതും തൊഴിലാളി യൂണിയനുകൾ പ്രധാനപ്രശ്നങ്ങളിൽ ഒന്നായി ചൂണ്ടിക്കാട്ടുന്നു.

പുതിയ തൊഴിൽ കോഡുകൾ റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എസ്.) വർഷത്തിൽ 200 തൊഴിൽ ദിനങ്ങളായി ഉയർത്തുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന ആവശ്യങ്ങളോട് കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നയങ്ങൾ ഗ്രാമീണ മേഖലയിൽ ദുരിതം വർദ്ധിപ്പിച്ചു എന്ന് വാദിച്ചുകൊണ്ട് കർഷക സംഘടനകളും സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ഉയർന്ന വില, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ ബഡ്ജറ്റുകളിലെ വെട്ടിച്ചുരുക്കൽ എന്നിവയും പണിമുടക്കിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ആരൊക്കെയാണ് പണിമുടക്കുന്നത്?

10 സംഘടനകളാണ് പ്രധാനമായും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

1 ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി.)
2 അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി.)
3 ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്.)
4 സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സി.ഐ.ടി.യു.)
5 അഖിലേന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെൻ്റർ (എ.ഐ.യു.ടി.യു.സി.)
6 ട്രേഡ് യൂണിയൻ കോർഡിനേഷൻ സെൻ്റർ (ടി.യു.സി.സി.)
7 സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ അസോസിയേഷൻ (സേവ)
8 അഖിലേന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എ.ഐ.സി.സി.ടി.യു.)
9 ലേബർ പ്രോഗ്രസ്സീവ് ഫെഡറേഷൻ (എൽ.പി.എഫ്.)
10 യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യു.ടി.യു.സി.)

ഇതിന് പുറമെ സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള കർഷക സംഘടനകളും വിവിധ കാർഷിക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാരത് ബന്ദിന് പിന്തുണ നൽകാത്ത ഒരേയൊരു പ്രധാന തൊഴിലാളി യൂണിയൻ ആർ.എസ്.എസ്. അനുകൂല സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്.) ആണ്.

ദേശീയ പണിമുടക്ക് ഏറ്റവും ശക്തമായി നടക്കുന്നത് കേരളത്തിലാണ്. ഹർത്താലിന് സമാനമായ രീതിയിലാണ് സംസ്ഥാനത്തെ പണിമുടക്ക്. പൊതുഗതാഗതം ഏതാണ്ട് പൂർണ്ണമായും സതംഭിച്ച നിലയിലാണ്. കട കമ്പോളങ്ങളാകെ അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. സർവീസ് നടത്താൻ തയ്യാറായ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും സമര അനുകൂലികൾ തടയുന്നുണ്ട്. ഇതോടെ പലയിടത്തും പൊതുജനങ്ങൾ പെരുവഴിലായി.

അതേസമയം, ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയും കെ.എസ്.ആർ.ടി.സിയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും. കാലിക്കറ്റ്, എം.ജി., കേരള, കുഫോസ് സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Recent Articles

Related Articles

Special