Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: ഉടൻ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടമാണെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്നും ദീപാ ദാസ് മുന്‍ഷി നേതാക്കളോട് ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെ.പി.സി.സി. അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും ഡി.സി.സി. ഭാരവാഹികളും പങ്കെടുത്ത സ്പെഷല്‍ ജനറല്‍ ബോഡിയിലാണ് ദീപ ദാസ് മുന്‍ഷിയുടെ കേരളത്തിലെ നേതാക്കളോടുള്ള മുന്നറിയിപ്പ്.
കേരളത്തിൽ ഡു ഓര്‍ ഡൈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്ന് ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍, 2026ല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദീപാ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയില്‍ ഇപ്പോഴും മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായിട്ടില്ല. 76 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ മാത്രമാണ് പുനഃസംഘടിപ്പിക്കാൻ സാധിച്ചത്. ജൂലൈയില്‍ തന്നെ ഇത് പൂര്‍ത്തിയാക്കണമെന്നും, കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ദീപാ ദാസ് മുൻഷി ചൂണ്ടിക്കാണിച്ചു.
കോട്ടയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് യോഗത്തില്‍ അധ്യക്ഷനായി. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡൻ്റുമാരായ എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ., കെ.സി.ജോസഫ്, കുര്യന്‍ ജോയി, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി എന്നിവർ യോഗത്തില്‍ സംബന്ധിച്ചു.
























