Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി ഉൾപ്പെട്ട മേഖലയിൽ അനുഭവപ്പെട്ടത്. ഭൂചലനത്തിൻ്റെ പ്രകമ്പനം 5 മുതല്‍ 10 വരെ മിനിറ്റ് നീണ്ടുനിന്നു എന്നാണ് റിപ്പോർട്ട്. ഭൂചലനവുമായി ബന്ധപ്പെട്ട് എവിടെയും ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബ് തുടങ്ങിയ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാറി ഹരിയാണയിലെ ഝജ്ജര്‍ ആണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെൻ്റര്‍ഫോര്‍ സീസ്‌മോളജി അറിയിച്ചു. കഴിഞ്ഞ 5 മാസത്തിനിടെ ഡല്‍ഹി മേഖലയില്‍ അനുഭവപ്പെട്ട രണ്ടാമത്തെ വലിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരി 17ന് ഡല്‍ഹി-എൻ.സി.ആറില്‍ 4.0 തീവ്രത അനുഭവപ്പെട്ട ഭൂചനം അനുഭവപ്പെട്ടിരുന്നു. ഡല്‍ഹിയിലെ ധൗള കുവാന്‍ ആയിരുന്നു പ്രഭവ കേന്ദ്രം.



























