രാജസ്ഥാനിൽ ചെങ്കൊടി ഉയർത്തി നോഖ; നഗരസഭയിൽ സി.പി.എം. ഭരണം ഉറപ്പിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ മുന്നേറ്റവുമായി സി.പി.എം. ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിലെ 45 വാർഡുകളിൽ 29 എണ്ണവും നേടി സി.പി.എം. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. സെപ്റ്റംബർ 14ന് നടന്ന വോട്ടെണ്ണലിലാണ് ഫലം പുറത്തുവന്നത്. കേവലഭൂരിപക്ഷത്തിന് 23 സീറ്റ് മതിയെന്നിരിക്കെ 6 സീറ്റിന്റെ അധിക ഭൂരിപക്ഷമാണ് സി.പി.എമ്മിനുള്ളത്.

രാജസ്ഥാനിലാകെ ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയപ്പോഴാണ് നോഖയിലെ ഫലം വേറിട്ട രാഷ്ട്രീയ സന്ദേശമായി മാറിയത്. സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും മുഖ്യകക്ഷികളായി ഏറ്റുമുട്ടുന്ന പതിവ് രാഷ്ട്രീയചിത്രത്തിനിടയിൽ ഒരു നഗരസഭയിൽ സി.പി.എം. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത് ദേശീയതലത്തിലും ശ്രദ്ധ നേടി. രാജസ്ഥാനിലെ തദ്ദേശ ഫലത്തിൽ കോൺഗ്രസിന്റെ പിന്നോട്ടുപോക്കിനൊപ്പം സി.പി.എം., ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികളുടെ മുന്നേറ്റവും പുതിയ രാഷ്ട്രീയസാധ്യതകളായി വിലയിരുത്തപ്പെടുന്നു.

നോഖയിൽ ഇത്തവണ സി.പി.എം. 45 വാർഡിലും സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു. ബി.ജെ.പിയും 45 വാർഡിലും സ്ഥാനാർഥികളെ നിർത്തി. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി പത്തിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും മത്സരിച്ചു. 40 സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നോഖയിൽ പ്രധാന മത്സരം ബി.ജെ.പിയും പ്രാദേശിക ശക്തിയായ വികസ മഞ്ചും തമ്മിലാകുമെന്നായിരുന്നു വിലയിരുത്തൽ. കോൺഗ്രസ് സംഘടനാപരമായി ചിത്രത്തിൽനിന്ന് അകന്നുനിന്നതും പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ വികസ മഞ്ച് സി.പി.എമ്മുമായി കൈകോർത്തതോടെയാണ് രാഷ്ട്രീയസമവാക്യം മാറിയത്. ബി.ജെ.പിയുടെ ശക്തമായ പ്രചാരണത്തെയും സംസ്ഥാന ഭരണത്തിന്റെ രാഷ്ട്രീയസ്വാധീനത്തെയും മറികടന്നാണ് ഈ നേട്ടം.

രാജസ്ഥാനിൽ സി.പി.എമ്മിന് ഇതിനകം ശക്തമായ കർഷക–തൊഴിലാളി അടിത്തറയുള്ള മേഖലകളുണ്ട്. സിക്കർ ലോക്സഭാ മണ്ഡലത്തിൽ 2024ൽ സി.പി.എം. നേതാവ് അമ്രാറാം നേടിയ വിജയം സംസ്ഥാനത്തെ ഇടതുപക്ഷ സാന്നിധ്യത്തിന്റെ പ്രധാന അടയാളമായിരുന്നു. ഇപ്പോൾ ഒരു നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയത് തദ്ദേശരംഗത്തും പാർട്ടിക്ക് പുതിയ കരുത്തായി. നോഖ ഉൾപ്പെടെ സംസ്ഥാനത്ത് സി.പി.എം. സ്ഥാനാർഥികൾ നിരവധി വാർഡുകളിൽ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന ഫലങ്ങൾ.

നഗരസഭാധ്യക്ഷ സ്ഥാനം ഇത്തവണ ഒ.ബി.സി. വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുന്നത്. 29 അംഗങ്ങളുള്ള സി.പി.എം. പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ അധ്യക്ഷസ്ഥാനവും പാർട്ടിക്കായിരിക്കും.

COMMENT

Recent Articles

Related Articles

Special