ആരാണ് തമിഴ്നാട് ഭരിക്കുന്നത്?

Follow the FOURTH PILLAR LIVE channel on WhatsApp 

തമിഴ്നാട്ടിൽ ഏതാനും ദിവസങ്ങൾക്കിടെ പുറത്തുവന്ന 2 സർക്കാർ ഉത്തരവുകൾ ജനാധിപത്യത്തെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒന്നിൽ സി.പി.ഐ., സി.പി.എം. പ്രവർത്തകരുടെ പേരും വിലാസവും ഗ്രാമംതിരിച്ച് ശേഖരിക്കാൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറ്റൊന്നിൽ ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളിൽ കോളേജ് വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസവകുപ്പും പൊലീസും ജില്ലാ ഭരണകൂടവും ഒന്നിച്ച് ഇടപെടണമെന്ന് നിർദേശിച്ചു. രണ്ടും പ്രതിഷേധം ശക്തമായതോടെ പിൻവലിച്ചു. എന്നാൽ ഉത്തരവ് പിൻവലിച്ചതുകൊണ്ട് ചോദ്യം അവസാനിക്കുന്നില്ല.

നിയമപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ നിരീക്ഷിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഒരു ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു? ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ തടയാൻ സർക്കാർ സംവിധാനത്തെ ഉപയോഗിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് എങ്ങനെ തോന്നി?

അതിലേറെ പ്രധാനപ്പെട്ട ചോദ്യം ഇതാണ്. തമിഴ്നാട്ടിൽ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണോ ഭരിക്കുന്നത്, ഉദ്യോഗസ്ഥരാണോ?

 

കമ്യൂണിസ്റ്റുകാരുടെ പേരും വിലാസവും വേണം

ദിണ്ടിഗൽ ജില്ലയിലെ ഗുജിലിയംപാറ താലൂക്കിലാണ് ആദ്യ സംഭവം. ഓഗസ്റ്റ് 18ന് തഹസിൽദാർ എം.അയ്യാസാമി കീഴുദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവിൽ താലൂക്കിലെ എല്ലാ റവന്യൂ ഗ്രാമങ്ങളിലുമുള്ള സി.പി.ഐ., സി.പി.എം. അംഗങ്ങളുടെയും നേതാക്കളുടെയും പേരും വിലാസവും ശേഖരിച്ച് അന്നുതന്നെ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകാത്ത ഗ്രാമസഹായികൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ‌

ഇത് വോട്ടർപട്ടിക പുതുക്കലല്ല. ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തലുമല്ല. ദുരന്തനിവാരണ പ്രവർത്തനത്തിനുള്ള വിവരശേഖരണവുമല്ല. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് ദേശീയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളെ സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകം പട്ടികപ്പെടുത്തുകയാണ്. എന്തിന്? ആ ചോദ്യത്തിന് ഉത്തരവിൽ വിശദീകരണമില്ല.

ദിണ്ടിഗൽ ലോക്സഭാംഗവും സി.പി.എം. നേതാവുമായ ആർ.സച്ചിതാനന്തം ശക്തമായി പ്രതികരിച്ചു. നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടിക തയ്യാറാക്കുന്നതുപോലെയാണ് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ അന്വേഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണൽക്കടത്തുകാരുടെയും കയ്യേറ്റക്കാരുടെയും കുറ്റവാളികളുടെയും പട്ടിക ഇതുപോലെ തയ്യാറാക്കിയിട്ടുണ്ടോ എന്നും ചോദിച്ചു.

പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു. അയ്യാസാമിയെ ചുമതലയിൽനിന്ന് മാറ്റി; പിന്നീട് സസ്പെൻഡ് ചെയ്തു. പക്ഷേ ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. അദ്ദേഹത്തിന് അത്തരമൊരു ഉത്തരവ് നൽകാൻ ആരാണ് അധികാരം നൽകിയതെന്ന് കണ്ടെത്തണം.

കാരണം ദളിത് കുടുംബങ്ങളുടെ ഭൂമിപ്രശ്നമോ?

ഈ സംഭവത്തിന് പിന്നിലെ പശ്ചാത്തലവും ശ്രദ്ധേയമാണ്. ചിന്നരാവുത്തൻപട്ടി ഗ്രാമത്തിലെ അരുന്ധതിയർ കുടുംബങ്ങളുടെ ഭൂമിയവകാശ പ്രശ്നവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവർത്തകർ തഹസിൽദാരെ സമീപിച്ചതിനു പിന്നാലെയാണ് വിവാദ ഉത്തരവ് വന്നത്. അങ്ങനെയെങ്കിൽ വിഷയം കൂടുതൽ ഗുരുതരമാണ്. ദളിതരുടെ ഭൂമിയവകാശത്തിനായി ഇടപെട്ട രാഷ്ട്രീയ പ്രവർത്തകരെ ഭരണകൂടത്തിന്റെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണോ? ഒരു ഉദ്യോഗസ്ഥന്റെ നടപടിയെ ചോദ്യം ചെയ്താൽ പാർട്ടി അംഗങ്ങളുടെ പേരും വീടിന്റെ വിലാസവും തേടുന്നതാണോ മറുപടി?

കൊളോണിയൽ ഭരണകാലത്ത് ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നവരെ ‘സംശയിക്കേണ്ടവർ’ എന്ന നിലയിൽ പട്ടികയിടുന്ന രീതിയാണ് ഉണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ നിയമപരമായ രാഷ്ട്രീയ പ്രവർത്തനം അതേ കണ്ണിലൂടെ കാണാൻ ഒരു റവന്യൂ ഉദ്യോഗസ്ഥന് കഴിയില്ല.

വിദ്യാർഥികൾ പ്രതിഷേധിക്കരുതെന്ന് മറ്റൊരു ഉത്തരവ്

ഗുജിലിയംപാറ വിവാദം കെട്ടടങ്ങുംമുമ്പാണ് മറ്റൊരു ഉത്തരവ് പുറത്തുവന്നത്. ഓഗസ്റ്റ് 17ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിലാണ് ഇടതുപക്ഷ പാർട്ടികളും സംഘടനകളും തമിഴ്നാട് കോക്ക്റോച്ച് ജനതാ പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ നിർദേശിച്ചത്. പൊലീസ്, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ് എന്നിവ ചേർന്ന് ‘ഏകോപിത നടപടി’ സ്വീകരിക്കണമെന്നായിരുന്നു നിർദേശം.

ഇതിന്റെ പശ്ചാത്തലത്തിൽ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചെന്നൈയിലെ സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസായ ബാലൻ ഇല്ലത്തിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും പങ്കെടുത്തു. വിദ്യാർഥികൾ സമരം ചെയ്യുന്നതാണ് ഇവിടെ ഭരണകൂടത്തിന് പ്രശ്നമായത്.

കോളേജിന്റെ മതിൽ കടന്നാലും വിദ്യാർഥിക്ക് അവകാശമുണ്ട്

കോളേജ് അച്ചടക്കം ഉറപ്പാക്കാൻ പ്രിൻസിപ്പലിന് അധികാരമുണ്ട്. ക്ലാസുകൾ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിയും. പക്ഷേ കോളേജിന് പുറത്തുള്ള ഒരു സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥിയോട് ഉത്തരവിടാൻ വിദ്യാഭ്യാസവകുപ്പിന് എന്ത് അധികാരമാണുള്ളത്? കോളേജിൽ ചേർന്നതോടെ ഒരാളുടെ പൗരാവകാശം അവസാനിക്കുന്നില്ല.

വിദ്യാർഥിക്കും അഭിപ്രായം പറയാം. പ്രതിഷേധിക്കാം. സംഘടനയിൽ പ്രവർത്തിക്കാം. പൊതുപ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കാം. അത് ഇടതുപക്ഷത്തിന്റെ സമരമായതിനാൽ മാത്രം തടയാൻ ശ്രമിക്കുന്നത് അതിലും ഗുരുതരമാണ്. ഒരു ബി.ജെ.പി. പരിപാടിയിലോ കോൺഗ്രസ് പരിപാടിയിലോ ടി.വി.കെ. പരിപാടിയിലോ പങ്കെടുക്കുന്ന വിദ്യാർഥിയെ കുറിച്ച് ഇതേ നിർദേശം ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ മാത്രം പേരെടുത്തുപറഞ്ഞത്?

ഈ ചോദ്യം വിദ്യാർഥി സംഘടനകളും ഉയർത്തി. പ്രതിഷേധത്തെ തുടർന്ന് ഓഗസ്റ്റ് 19ന് സർക്കുലർ പിൻവലിക്കേണ്ടിവന്നു. സർക്കുലർ അയച്ച ജോയിന്റ് ഡയറക്ടർ പി.സിന്തിയ സെൽവിയോട് മുൻകൂർ അനുമതിയില്ലാതെ ഉത്തരവ് അയച്ചതിനെക്കുറിച്ച് വിശദീകരണം തേടി.

ഇത് ഒരു ഉദ്യോഗസ്ഥയുടെ മാത്രം തീരുമാനമായിരുന്നോ?

ഇവിടെയാണ് കഥ കൂടുതൽ ഗൗരവമുള്ളതാകുന്നത്. ആദ്യഘട്ടത്തിൽ സർക്കുലർ ഒരു ഉദ്യോഗസ്ഥയുടെ തെറ്റായ തീരുമാനമായി അവതരിപ്പിക്കാമായിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന രേഖകൾ മറ്റൊന്നാണ് പറയുന്നത്.

ഉന്നത വിദ്യാഭ്യാസവകുപ്പ് സ്പെഷൽ സെക്രട്ടറി രശ്മി സിദ്ധാർഥ് സഗഡെ ഓഗസ്റ്റ് 14ന് അയച്ച കത്തിൽ, ജൂലൈയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ക്രമസമാധാന യോഗത്തിലെ നിർദേശം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ ഇത്തരം പ്രതിഷേധങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്ന് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 20നകം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. അതായത് താഴെയുള്ള ഒരു ഉദ്യോഗസ്ഥ പെട്ടെന്ന് സ്വന്തം മനസ്സിൽനിന്ന് ഉണ്ടാക്കിയ വാചകമെന്ന വാദത്തിന് ഇവിടെ പരിമിതിയുണ്ട്.

നിർദേശത്തിന്റെ ഉറവിടം ഭരണസംവിധാനത്തിന്റെ മുകളിലേക്കാണ് നീളുന്നത്. അപ്പോൾ സർക്കുലർ പിൻവലിച്ച് ജോയിന്റ് ഡയറക്ടറോട് വിശദീകരണം ചോദിച്ചതുകൊണ്ടുമാത്രം മതിയോ? ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ എന്താണ് തീരുമാനിച്ചത്? ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ പ്രത്യേകം തടയണമെന്ന് ആരാണ് പറഞ്ഞത്? എന്തുകൊണ്ടാണ് പറഞ്ഞത്?

2 ഉത്തരവ്; ഒരേ മനോഭാവം

ഗുജിലിയംപാറയിലെ ഉത്തരവും കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലറും വ്യത്യസ്ത വകുപ്പുകളിൽനിന്നാണ് വന്നത്. എന്നാൽ രണ്ടിന്റെയും രാഷ്ട്രീയ മനോഭാവം ഒന്നാണ്. ഒന്നിൽ കമ്യൂണിസ്റ്റുകാരെ കണ്ടെത്തി പട്ടികയിടണം. മറ്റൊന്നിൽ ഇടതുപക്ഷ സമരത്തിലേക്ക് വിദ്യാർഥികൾ പോകുന്നത് തടയണം. ഒന്നിൽ രാഷ്ട്രീയ പ്രവർത്തകൻ ഭരണകൂടത്തിന് നിരീക്ഷിക്കേണ്ട വ്യക്തിയാണ്. മറ്റൊന്നിൽ ചോദ്യം ചോദിക്കുന്ന വിദ്യാർഥി നിയന്ത്രിക്കേണ്ട പ്രശ്നമാണ്. ഇത് യാദൃച്ഛികമെന്ന് മാത്രം പറഞ്ഞ് ഒഴിയാൻ കഴിയില്ല.

ഇടതുപക്ഷത്തിന്റെ പിന്തുണയിൽ നിൽക്കുന്ന സർക്കാർ

ഈ സംഭവങ്ങൾക്ക് മറ്റൊരു രാഷ്ട്രീയ പ്രത്യേകതയുമുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം ലഭിക്കാത്ത ടി.വി.കെയ്ക്ക് സർക്കാർ രൂപവത്കരിക്കാൻ സി.പി.ഐയും സി.പി.എമ്മും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണ നൽകി. എന്നാൽ ഇടതുപക്ഷം ഭരണസഖ്യത്തിൽ ചേർന്നിട്ടില്ല; പുറത്തുനിന്നുള്ള പിന്തുണയാണ് നൽകുന്നത്.

അത്തരമൊരു സർക്കാരിന്റെ ഭരണസംവിധാനത്തിൽനിന്നാണ് കമ്യൂണിസ്റ്റ് പ്രവർത്തകരെ പട്ടികയിടാനും ഇടതുപക്ഷ സമരത്തിലേക്കുള്ള വിദ്യാർഥികളുടെ പങ്കാളിത്തം തടയാനും ഉത്തരവുകൾ വരുന്നത്. അതുകൊണ്ടാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിന്റെ ചോദ്യം രാഷ്ട്രീയമായി പ്രസക്തമാകുന്നത്. സർക്കാരിനെ ഉദ്യോഗസ്ഥർ നയിക്കുമോ, ജനാധിപത്യ രാഷ്ട്രീയമാണോ നയിക്കുക എന്നത് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എം.സായി കുമാറിനെ മാറ്റണമെന്നും ഉത്തരവുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യനും ഈ സമീപനത്തെ പഴയ കൊളോണിയൽ രീതിയെന്ന് വിശേഷിപ്പിച്ചു.

ഉത്തരവ് പിൻവലിച്ചതുകൊണ്ട് ഉത്തരവാദിത്വം തീരുന്നില്ല

ജനാധിപത്യവിരുദ്ധമായ ഒരു ഉത്തരവ് പുറത്തുവരുന്നു. പ്രതിഷേധമുണ്ടാകുന്നു. സമൂഹമാധ്യമങ്ങളിൽ പകർപ്പ് പ്രചരിക്കുന്നു. പിന്നെ സർക്കാർ പിൻവലിക്കുന്നു. ഇതുകൊണ്ട് പ്രശ്നം അവസാനിച്ചു എന്നു പറയാനാവില്ല. ഉത്തരവ് എഴുതപ്പെട്ടതുതന്നെയാണ് പ്രശ്നം. അത് ഒപ്പിട്ട് ഔദ്യോഗികമായി അയച്ചതാണ് പ്രശ്നം. അത് നടപ്പാക്കാൻ താഴെയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതാണ് പ്രശ്നം. പൊതുജന പ്രതിഷേധം ഉണ്ടായിരുന്നില്ലെങ്കിൽ അവ പിൻവലിക്കുമായിരുന്നോ എന്ന ചോദ്യവും അവശേഷിക്കുന്നു.

ഇന്ന് കമ്യൂണിസ്റ്റ്; നാളെ ആര്?

ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളുടെ പേര് സർക്കാർ ശേഖരിക്കുന്നത് ന്യായീകരിച്ചാൽ അതിന്റെ പരിധി എവിടെയാണ്? ഇന്ന് സി.പി.എമ്മും സി.പി.ഐയും. നാളെ തൊഴിലാളി യൂണിയൻ അംഗങ്ങളാകാം. പിന്നെ കർഷക സംഘടന. അടുത്തത് സർക്കാരിനെ വിമർശിക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരുമാകാം.

അതുപോലെ വിദ്യാർഥികൾ പ്രതിഷേധിക്കരുതെന്ന് സർക്കാർ നിർദേശിക്കാൻ തുടങ്ങിയാൽ അടുത്ത ഘട്ടത്തിൽ എന്താകും? ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യരുത്. സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യരുത്. ജാതിവിവേചനത്തിനെതിരെ സമരം ചെയ്യരുത്. നീറ്റ് പരീക്ഷക്കെതിരെ സമരം ചെയ്യരുത്. സർക്കാരിനെതിരെ ഒന്നും പറയരുത്. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല.

വിജയ് മൗനം വെടിയണം

മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ സർക്കാർ 2 ഉത്തരവുകളും പിൻവലിച്ചത് സ്വാഗതാർഹമാണ്. തെറ്റായ നടപടി തിരുത്തുന്നത് ആവശ്യവുമാണ്. പക്ഷേ ഇനി വേണ്ടത് വിശദീകരണമാണ്. ഗുജിലിയംപാറ തഹസിൽദാർ എന്തുകൊണ്ടാണ് കമ്യൂണിസ്റ്റുകാരുടെ പട്ടിക ആവശ്യപ്പെട്ടത്? അതിനെക്കുറിച്ച് സമഗ്ര അന്വേഷണം ഉണ്ടാകുമോ? വിദ്യാർഥികളെ ഇടതുപക്ഷ സമരങ്ങളിൽനിന്ന് തടയണമെന്ന നിർദേശത്തിന് ചീഫ് സെക്രട്ടറിയുടെ ക്രമസമാധാന യോഗവുമായി എന്തു ബന്ധമാണ്? അത്തരം തീരുമാനം എടുത്തത് ആരാണ്? ഇത്തരം ഉത്തരവുകൾ ഇനി ആവർത്തിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുമോ? ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.

ജനാധിപത്യത്തിന് കാവലാകുന്നത് ജനങ്ങളുടെ പ്രതികരണം

ഈ 2 സംഭവങ്ങളും മറ്റൊരു സത്യം കൂടി തെളിയിച്ചു. ഉത്തരവുകൾ ഭരണസംവിധാനത്തിനുള്ളിൽനിന്ന് സ്വയം തിരുത്തപ്പെട്ടതല്ല. കമ്യൂണിസ്റ്റ് പാർട്ടികൾ പ്രതിഷേധിച്ചു. എസ്.എഫ്.ഐയും മറ്റ് വിദ്യാർഥി സംഘടനകളും തെരുവിലിറങ്ങി. ജനാധിപത്യ സംഘടനകൾ എതിർത്തു. വാർത്ത പുറത്തുവന്നു. അപ്പോഴാണ് ഉത്തരവുകൾ പിൻവലിച്ചത്.

അതുകൊണ്ട് ഈ സംഭവത്തിലെ ആശ്വാസം ഉദ്യോഗസ്ഥ സംവിധാനം തെറ്റ് തിരിച്ചറിഞ്ഞു എന്നതല്ല. തെറ്റ് കണ്ടപ്പോൾ പ്രതികരിക്കാൻ തമിഴ്നാട്ടിൽ ഇപ്പോഴും ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങളുണ്ട് എന്നതാണ്. അതുതന്നെയാണ് അധികാരത്തിന്റെ അതിരുകൾ ഓർമിപ്പിച്ചത്. നിയമപരമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ നിരീക്ഷിക്കേണ്ട സംഘടനയായി കാണാൻ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല. സമൂഹത്തിലെ അനീതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിയെ അച്ചടക്കലംഘകനാക്കാനും ഭരണകൂടത്തിന് അവകാശമില്ല.

ജനാധിപത്യത്തിൽ ഉദ്യോഗസ്ഥർക്ക് ഭരണനിർവഹണമാണ് ജോലി. ആരാണ് രാഷ്ട്രീയ എതിരാളി, ആരെയാണ് നിരീക്ഷിക്കേണ്ടത്, ഏത് സമരത്തിലാണ് വിദ്യാർഥി പങ്കെടുക്കേണ്ടത് എന്ന് തീരുമാനിക്കൽ അവരുടെ ജോലിയല്ല. അതുകൊണ്ടാണ് തമിഴ്നാട് ഇന്ന് വിജയ് സർക്കാരിനോട് ഒരു ലളിതമായ ചോദ്യം ചോദിക്കുന്നത്: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണോ തമിഴ്നാട് ഭരിക്കുന്നത്? അതോ രാഷ്ട്രീയ നയം തീരുമാനിക്കുന്ന ഉദ്യോഗസ്ഥരോ? ആ ചോദ്യത്തിന് 2 സർക്കുലറുകൾ പിൻവലിച്ചതുകൊണ്ട് മാത്രം മറുപടിയാകില്ല.

COMMENT

Recent Articles

Related Articles

Special