ഇൻസ്‌പയർ സ്കോളർഷിപ്: ലക്ഷ്യം കൈവരിച്ചെന്ന കേന്ദ്ര വാദത്തിന് കണക്കില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇൻസ്‌പയർ–ഷി (Innovation in Science Pursuit for Inspired Research–Scholarship for Higher Education) പദ്ധതിയിൽ വർഷം 12,000 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുകയെന്ന ലക്ഷ്യം കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ഈ അവകാശവാദത്തെ തള്ളുന്നതാണ് ലോക്‌സഭയിൽ നൽകിയ മറുപടിയിലെ കണക്കുകൾ.

ഡയറക്ട് മോഡും ഇൻസ്റ്റിറ്റ്യൂഷൻ മോഡും ഉൾപ്പെടുത്തി പദ്ധതിയുടെ വാർഷിക ലക്ഷ്യം കൈവരിച്ചതായാണ് ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ് നൽകിയ മറുപടിയിൽ അവകാശപ്പെട്ടത്. എന്നാൽ അതോടൊപ്പം നൽകിയ വർഷംതിരിച്ചുള്ള കണക്കിൽ 2019–20 മുതൽ 2024–25 വരെയുള്ള ഒരൊറ്റ വർഷത്തിലും 12,000 സ്കോളർഷിപ് നൽകിയിട്ടില്ല.

2019–20ൽ 10,764 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിച്ചത്. 2020–21ൽ 10,461, 2021–22ൽ 10,859, 2022–23ൽ 10,539, 2023–24ൽ 11,705, 2024–25ൽ 11,294 എന്നിങ്ങനെയാണ് കണക്ക്. 6 വർഷത്തെയും എണ്ണം വാർഷിക ലക്ഷ്യമായ 12,000ൽ താഴെയാണ്. ഇതോടെ “വാർഷിക ലക്ഷ്യം കൈവരിച്ചു” എന്ന മന്ത്രിയുടെ മറുപടിയും സർക്കാർ തന്നെ നൽകിയ കണക്കുകളും തമ്മിലുള്ള വൈരുധ്യം വ്യക്തമായി.

കേരളത്തിൽ മൂന്നിലൊരാൾക്ക് മാത്രം

കേരളത്തിൽനിന്ന് 6 വർഷത്തിനിടെ ആകെ 7,637 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ സ്കോളർഷിപിന് തിരഞ്ഞെടുക്കപ്പെട്ടത് 2,488 വിദ്യാർഥികൾ മാത്രം. അതായത് അപേക്ഷിച്ചവരിൽ ഏകദേശം മൂന്നിലൊരാൾക്കാണ് സ്കോളർഷിപ് ലഭിച്ചത്.

2019–20ൽ കേരളത്തിൽ 977 അപേക്ഷകളിൽ 525 പേർക്കാണ് സ്കോളർഷിപ് ലഭിച്ചത്. 2020–21ൽ 1,737 അപേക്ഷകളിൽ 299 പേർ, 2021–22ൽ 1,807 അപേക്ഷകളിൽ 731 പേർ, 2022–23ൽ 1,180 അപേക്ഷകളിൽ 410 പേർ, 2023–24ൽ 1,043 അപേക്ഷകളിൽ 365 പേർ, 2024–25ൽ 893 അപേക്ഷകളിൽ 158 പേർ എന്നിങ്ങനെയാണ് കണക്ക്.

കേരളത്തിൽ അപേക്ഷകരുടെ എണ്ണം 2021–22ൽ 1,807 ആയിരുന്നതിൽനിന്ന് 2024–25ൽ 893 ആയി കുറഞ്ഞതും ശ്രദ്ധേയമാണ്. അതേ കാലത്ത് സ്കോളർഷിപ് ലഭിച്ചവരുടെ എണ്ണം 731ൽനിന്ന് 158ലേക്കും താഴ്ന്നു.

ചെലവിട്ടത് 1,578.63 കോടി

2019–20 മുതൽ 2025–26 വരെയുള്ള 7 സാമ്പത്തികവർഷങ്ങളിൽ ഇൻസ്‌പയർ–ഷി പദ്ധതിക്കായി കേന്ദ്ര സർക്കാർ ആകെ 1,578.63 കോടി രൂപ അനുവദിക്കുകയും വിനിയോഗിക്കുകയും ചെയ്തതായി മറുപടിയിൽ പറയുന്നു.

2019–20ൽ 228.12 കോടി, 2020–21ൽ 238.64 കോടി, 2021–22ൽ 220.63 കോടി, 2022–23ൽ 233.02 കോടി, 2023–24ൽ 212.19 കോടി, 2024–25ൽ 213.86 കോടി, 2025–26ൽ 232.17 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്.

പെൺകുട്ടികളുടെ പങ്കാളിത്തം ഉയർന്നു

പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ സമീപവർഷങ്ങളിൽ പെൺകുട്ടികളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021–22ൽ 10,859 ഗുണഭോക്താക്കളിൽ 5,907 പേർ പെൺകുട്ടികളായിരുന്നു. 2022–23ൽ 5,634, 2023–24ൽ 6,512, 2024–25ൽ 6,495 പെൺകുട്ടികൾക്ക് സ്കോളർഷിപ് ലഭിച്ചു.

ഗ്രാമീണ മേഖലയിൽനിന്നുള്ള വിദ്യാർഥികളാണ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. 2019–20ൽ 7,400 ഗ്രാമീണ വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിച്ചപ്പോൾ 2023–24ൽ ഇത് 7,760 ആയിരുന്നു. എന്നാൽ 2024–25ൽ ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം 6,004 ആയി കുറഞ്ഞു.

അടിസ്ഥാന, പ്രകൃതി ശാസ്ത്ര വിഷയങ്ങളിൽ മികവുള്ള വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണ മേഖലയിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻസ്‌പയർ–ഷി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടപ്പാക്കലും ഫലപ്രാപ്തിയും സർക്കാർ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ വർഷം 12,000 സ്കോളർഷിപ് എന്ന ലക്ഷ്യം കൈവരിച്ചെന്ന അവകാശവാദവും സർക്കാർ പുറത്തുവിട്ട കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടിന് വ്യക്തമായ വിശദീകരണമില്ല.

COMMENT

Recent Articles

Related Articles

Special