Follow the FOURTH PILLAR LIVE channel on WhatsApp
ജെ. സ്റ്റുഡിയോസിന്റെയും എ 2 എ സ്റ്റുഡിയോസിന്റെയും ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമിച്ച് ഉമേഷ് എസ്.നായർ സംവിധാനം ചെയ്യുന്ന ‘മോഹന വള്ളി’യുടെ ചിത്രീകരണം പൂർത്തിയായി.
ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ഭീതിയും നർമവും സങ്കൽപ്പലോകവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. അസീസ് നെടുമങ്ങാടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ പ്രേമദാസൻ എന്ന യുവാവിന്റെയും അമ്മയുടെയും ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി പിന്നീട് വലിയൊരു ‘വള്ളിക്കെട്ടായി’ മാറുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് നർമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്.
ഗ്രാമീണ ജീവിതവും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാകുന്നു. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നൽകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന രാഹുൽ കല്യാൺ. സംഗീതം അൽഫോൻസ് ജോസഫ്. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം സുനേഷ് സെബാസ്റ്റ്യൻ. കലാസംവിധാനം മകേഷ് മോഹൻ. ചമയം സിജേഷ് കൊങ്ങോട്ടി. വസ്ത്രാലങ്കാരം അരവിന്ദ് കെ.ആർ.
ശബ്ദമിശ്രണം എം.ആർ.രാജാകൃഷ്ണൻ, ശബ്ദരൂപകല്പന ആശിഷ് ജോസ് ഇല്ലിക്കൽ, രൂപകല്പന യെല്ലോടൂത്ത്, വിപണനം ഒപ്റ, നിശ്ചലചിത്രങ്ങൾ വിഷ്ണു ആർ.ഗോവിന്ദ്. കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ് എന്നിവരാണ് പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശശി പൊതുവാൾ. പി.ആർ.ഒ. വാഴൂർ ജോസ്.



























