Follow the FOURTH PILLAR LIVE channel on WhatsApp
ജീവിതത്തിൽ തുണയായിരുന്ന മുത്തശ്ശിയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ വിജിത്തിന് ഇനി സ്വന്തം വീടും വിലാസവും. സാമൂഹികനീതി–വനിതാ ശിശുവികസന വകുപ്പ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കാട്ടാക്കട മടത്തുക്കോണത്ത് നിർമിച്ച വീടിന്റെ താക്കോൽ വ്യാഴാഴ്ച കൈമാറും.
സെപ്റ്റംബർ 24ന് വൈകിട്ട് 5ന് കാട്ടാക്കട വീരണകാവിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിജിത്തിന് താക്കോൽ കൈമാറുക. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരന്റെ അധ്യക്ഷതയിലാണ് ചടങ്ങ്.
പൂജപ്പുര ജുവനൈൽ ഹോമിലെ കെയർടേക്കറായ രഞ്ജിത്താണ് ഏതാനും വർഷം മുമ്പ് വിജിത്തിനെ സാമൂഹികനീതി–വനിതാ ശിശുവികസന വകുപ്പ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഓഫീസിലെത്തിച്ചത്. ചെറിയൊരു ജോലിയും താമസിക്കാനുള്ള സൗകര്യവും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. വിജിത്തിന്റെ സാഹചര്യം മനസ്സിലാക്കിയ സംഘം ഓഫീസിൽ താൽക്കാലിക ജോലി നൽകുകയും താമസസൗകര്യം ഒരുക്കുകയും ചെയ്തു.
തുടർന്ന് വർഷങ്ങളായി സംഘം ഓഫീസിൽ ജോലി ചെയ്ത വിജിത്തിന് സ്വന്തമായി വീടൊരുക്കണമെന്ന ആശയം ഭരണസമിതിയിൽ ഉയർന്നു. വീടുവെയ്ക്കാൻ ഭൂമി ലഭിച്ചാൽ നിർമാണത്തിനുള്ള സഹായം കണ്ടെത്താമെന്നായിരുന്നു ധാരണ.
ഇതറിഞ്ഞ സഹകരണസംഘത്തിലെ വനിതാ ബോർഡ് അംഗം സ്വന്തം ഭൂമിയിൽനിന്ന് വിജിത്തിന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ സന്നദ്ധയായി. ഭൂമി നൽകിയ വിവരം പരസ്യപ്പെടുത്തരുതെന്നും തന്റെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലം അളന്ന് തിരിച്ച് ആവശ്യമായ രേഖകൾ തയ്യാറാക്കി ഭൂമി വിജിത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു.
കേരള എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എയുടെയും സഹകരണത്തോടെ തുടർന്നാണ് ഭവനനിർമാണം ആരംഭിച്ചത്. സഹകരണസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വീട് സാധാരണ രൂപത്തിലാകാതെ സൗകര്യവും ഭംഗിയും ഉറപ്പാക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപരേഖയിലും മാറ്റം വരുത്തി. അന്നത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.പ്രദീപ്‌കുമാറിന്റെ ഇടപെടലിലൂടെ വാസ്തുശില്പിയുടെ സേവനവും ലഭ്യമാക്കി. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തുകയും ചെയ്തു.
കാട്ടാക്കട മടത്തുക്കോണത്ത് വീടിന്റെ തറക്കല്ലിട്ടത് കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ശശിധരനാണ്. തറക്കല്ലിടുമ്പോൾ അടിത്തറയിൽ സ്വർണം വയ്ക്കുന്ന നാട്ടുപതിവിനായി ആവശ്യമായ സ്വർണം ഭൂമി നൽകിയ ബോർഡ് അംഗത്തിന്റെ അച്ഛൻ നൽകി.
കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ, സഹകരണസംഘം ഭാരവാഹികളായ എസ്.ഷിബു, സി.സതീഷ് സത്യനേശൻ, ആർ.വേണുനായർ, ടി.ചിത്ര തുടങ്ങിയവർ നിർമാണപ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായി.
വ്യക്തികളിൽനിന്നും ജീവനക്കാരിൽനിന്നും ലഭിച്ച സാമ്പത്തികസഹായവും നിർമാണസാമഗ്രികളും ഉപയോഗിച്ചാണ് വീട് പൂർത്തിയാക്കിയത്. വീടിനു മുന്നിൽ ഫലകമോ മറ്റേതെങ്കിലും അടയാളപ്പെടുത്തലോ സ്ഥാപിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ ജോലി തേടി സഹകരണസംഘത്തിലെത്തിയ വിജിത്തിന് ആദ്യം ലഭിച്ചത് ജോലിയും താമസിക്കാനുള്ള ഇടവുമായിരുന്നു. വർഷങ്ങൾക്കുശേഷം അതേ കൂട്ടുതന്നെയാണ് സ്വന്തമായി ഭൂമിയും വീടും ഒരുക്കിയത്. നിർമാണം പൂർത്തിയായതോടെ സെപ്റ്റംബർ 24ന് വിജിത്ത് പുതിയ വീട്ടിലേക്ക് പ്രവേശിക്കും.
































