300 രൂപ മുതൽ ആപ്പും വെബ്‌സൈറ്റും ഇനി ‘ഐൻഡ്രിയ കോസ്‌മോസ്’ തരും

Follow the FOURTH PILLAR LIVE channel on WhatsApp 

സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കുറഞ്ഞ ചെലവിൽ നിർമിത ബുദ്ധി (എ.ഐ.) അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന ‘ഐൻഡ്രിയ കോസ്‌മോസ്’ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. കൊച്ചി ആസ്ഥാനമായ ഐൻഡ്രിയ വികസിപ്പിച്ച പ്ലാറ്റ്‌ഫോം കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ 2026 സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലാണ് പുറത്തിറക്കിയത്.

സാങ്കേതികവിദഗ്ധരുടെ സഹായമില്ലാതെ വെബ്‌സൈറ്റുകളും ആപ്പുകളും നിർമിക്കാനും വീഡിയോകൾ, ഗാനങ്ങൾ, ബിസിനസ് പ്രസന്റേഷനുകൾ തുടങ്ങിയവ തയ്യാറാക്കാനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഡാറ്റാബേസ്, ലോഗിൻ, ഡാഷ്‌ബോർഡ്, ലൈവ് ഹോസ്റ്റിങ് എന്നിവയുൾപ്പെടുന്ന ആപ്പുകൾ 300 രൂപ മുതൽ നിർമിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഉപഭോക്താക്കൾ സ്വന്തം ഭാഷയിൽ ആവശ്യങ്ങൾ പറഞ്ഞാൽ പ്ലാറ്റ്‌ഫോമിലെ ‘കോസ്മി’ എന്ന എഐ സഹായി കൂടുതൽ ചോദ്യങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ച് പദ്ധതിയും ഡിസൈനും തയ്യാറാക്കും. തുടർന്ന് ആപ്പ് നിർമിച്ച് പ്രവർത്തനസജ്ജമാക്കുന്നതുവരെയുള്ള സേവനങ്ങളും ലഭ്യമാക്കും. വെബിലും മൊബൈലിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ആദ്യ സംഭാഷണം സൗജന്യമാണ്. ആവശ്യമായ സേവനങ്ങൾക്കുമാത്രം പണം നൽകിയാൽ മതിയാകും.

വെബ്‌സൈറ്റുകൾക്ക് ഡൊമെയ്ൻ വാങ്ങുന്നത് മുതൽ ഉത്പന്നങ്ങളുടെ പ്രചാരണവീഡിയോകൾ, പരസ്യഗാനങ്ങൾ, പോസ്റ്ററുകൾ, ബ്രോഷറുകൾ, ലോഗോകൾ, നിക്ഷേപകർക്കുള്ള പിച്ച് ഡെക്കുകൾ, ബിസിനസ് റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുന്നതുവരെയുള്ള സേവനങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ഇവന്റ് രജിസ്‌ട്രേഷൻ, പേയ്‌മെന്റ് ലിങ്കുകൾ തുടങ്ങിയവയ്ക്കുള്ള ക്യുആർ കോഡുകളും നിർമിക്കാം. വിവിധ സേവനങ്ങൾക്കായി പ്രത്യേകം സബ്‌സ്‌ക്രിപ്ഷനുകൾ എടുക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.

സംരംഭങ്ങളുടെ പ്രവർത്തനം വിശകലനം ചെയ്യുന്നതിനുള്ള ‘മൈ ബിസിനസ്’ സംവിധാനവും പ്ലാറ്റ്‌ഫോമിലുണ്ട്. നിലവിലുള്ള അക്കൗണ്ടിങ്, ഇൻവോയ്സിങ്, ഇ-കൊമേഴ്‌സ്, പേയ്‌മെന്റ്, എച്ച്ആർ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ച് വിവരങ്ങൾ വിശകലനം ചെയ്യാം. കുടിശ്ശികയുള്ള ഇൻവോയ്സുകൾ, ലാഭകരമായ ഉൽപ്പന്നങ്ങൾ, വിൽപ്പന, സ്റ്റോക്ക് തുടങ്ങിയ വിവരങ്ങൾ സ്വന്തം ഭാഷയിൽ ചോദിച്ചറിയാം. വിവിധ സോഫ്റ്റ്‌വെയറുകളിലെ വിവരങ്ങൾ താരതമ്യം ചെയ്യാനും ദൈനംദിന ബിസിനസ് റിപ്പോർട്ടുകൾ തയ്യാറാക്കാനും സംവിധാനമുണ്ട്.

വിമാനടിക്കറ്റുകളുടെ ലഭ്യത പരിശോധിക്കൽ, ടിക്കറ്റ് ബുക്കിങ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സൗകര്യങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താം.

സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്കും ചെറുകിട സംരംഭകരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐൻഡ്രിയ കോസ്‌മോസ് സ്ഥാപകൻ ജ്യോതിസ് പറഞ്ഞു. ആദ്യ ആപ്പിനായി സ്റ്റാർട്ടപ്പുകൾ ലക്ഷങ്ങൾ ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കാനും സംരംഭകത്വം കൂടുതൽ പേർക്ക് പ്രാപ്യമാക്കാനും പുതിയ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്‌സൈറ്റ്: aindriya

LEAVE A REPLY

Recent Articles

Related Articles

Special