Follow the FOURTH PILLAR LIVE channel on WhatsApp
സംവിധായകൻ വിജീഷ് മണിയുടെ ‘അട്ടപ്പാടി – ദി വാലി ഓഫ് ഡിവൈൻ ഹീലിങ്’ എന്ന ഡോക്യുഫിക്ഷൻ ചിത്രം 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടിയിലെ ഗോത്രവൈദ്യത്തെയും പരമ്പരാഗത ചികിത്സാവിജ്ഞാനത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രം നവംബർ 27ന് മേളയിൽ പ്രദർശിപ്പിക്കും. മൂന്നാംതവണയാണ് വിജീഷ് മണിയുടെ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അട്ടപ്പാടിയിലെ ഗോത്രഭാഷകളിൽ സിനിമകളൊരുക്കി ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ് മണി. അട്ടപ്പാടി താഴ്വരയിൽ തലമുറകളായി കൈമാറിവരുന്ന ഗോത്രവൈദ്യ വിജ്ഞാനവും അതിന്റെ സവിശേഷതകളും ലോകത്തിനുമുന്നിലെത്തിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് സംവിധായകൻ പറഞ്ഞു.
ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദം അഗളി ഐ.ടി.ഡി.പി. ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ എം.കന്തസ്വാമി, അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ഷോളയൂർ പഞ്ചായത്ത് അംഗം ജി.ഷാജു, സംവിധായകൻ വിജീഷ് മണി, അജിത് ഷോളയൂർ, വഞ്ചിയമ്മ, വടുകിയമ്മ, കെ.ശിവാനി എന്നിവരും ഗോത്രകലാകാരന്മാരും ചടങ്ങിൽ പങ്കെടുത്തു.
ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസൂദനൻ, മുരുകൻ, അയ്യപ്പൻ, നഞ്ചിയമ്മ, വഞ്ചിയമ്മ, വടുകിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
അജിത് ഷോളയൂരാണ് തിരക്കഥ. ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.ലെനിൻ എഡിറ്റിങ്ങും ഗണേഷ് മാരാർ ശബ്ദസംവിധാനവും നിർവഹിക്കുന്നു. സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദിയാണ് ഗാനരചന. വിജീഷ് മണി സംഗീതവും മിഥുൻ മലയാളം പശ്ചാത്തലസംഗീതവും ഒരുക്കുന്നു. റോജി പി.കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും രാമദാസ് അട്ടപ്പാടി ലൊക്കേഷൻ മാനേജരുമാണ്. പി.ആർ.ഒ. എ.എസ്. ദിനേശ്.
വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വിഷയങ്ങളെക്കുറിച്ച് മഖൻലാൽ ചതുർവേദി സർവകലാശാലാ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തയ്യാറാക്കിയ ഗവേഷണപ്രബന്ധം യു.ജി.സി. കെയർ പട്ടികയിലുള്ള ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





























