Follow the FOURTH PILLAR LIVE channel on WhatsApp
സമ്പത്തും പ്രൗഢിയുമുള്ള ചില പഴയ തറവാടുകളിലെ ആരും ഉപയോഗിക്കാത്ത മുറിക്കു പിന്നിലെ രഹസ്യം തേടുന്ന സൂചനകളുമായി ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ, വാർത്താ അവതരണത്തിന്റെ ശൈലിയിൽ കഥയുടെ പ്രധാന ഘടകങ്ങളിലൊന്ന് പരിചയപ്പെടുത്തുന്നതാണ് ശ്രദ്ധേയമാകുന്നത്.
“ഈ ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെക്കൊണ്ടും സാധിക്കും” എന്ന വാചകത്തോടെയാണ് ടീസറിൽ ദുരൂഹത വർധിപ്പിക്കുന്നത്. പഴയ തറവാടുകളിലെ ആളൊഴിഞ്ഞ മുറിയും ‘കറുത്തച്ചൻ’ എന്ന വിശ്വാസവുമായി ബന്ധപ്പെട്ട സൂചനകളും ടീസറിലുണ്ട്. ഇതോടൊപ്പം ഭീതിയും വയലൻസും നിറഞ്ഞ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുരാതന ക്രിസ്ത്യൻ തറവാടുകളുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന വിശ്വാസവും ആചാരരീതികളും ചിത്രത്തിന്റെ പ്രമേയത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വിശ്വാസം, ദുരൂഹത, വിപരീത ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്. ‘കളങ്കാവൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജിതിൻ കെ. ജോസിന്റെ പുതിയ സംവിധാന സംരംഭമാണിത്. ആക്ഷൻ, വയലൻസ്, ഇമോഷണൽ ഡ്രാമ, മിസ്റ്ററി എന്നിവ ചേർന്ന എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്.
‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നൈല ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം.റാഫി, വൈഷ്ണവി എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും ജിതിൻ കെ.ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രവീൺ കുമാറാണ് എഡിറ്റർ. രോഹിത് ആർ.നായർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
സിനറ്റ് സേവ്യറാണ് സ്റ്റിൽ ഫോട്ടോഗ്രഫി. വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജരും എബി ബെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. കിരൺ കാന്ത് പ്രൊഡക്ഷൻ വിഭാഗത്തിലും ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.




























