Follow the FOURTH PILLAR LIVE channel on WhatsApp
മിസിസിപ്പി: മനസ്സാന്നിദ്ധ്യവും നിശ്ചയദാർഢ്യവും പ്രകടമാക്കുന്നതിലൂടെ വലിയൊരു ബസ് നിയന്ത്രിച്ചുനിർത്തി വൻ അപകടം ഒഴിവാക്കി തങ്ങളുടെയും കൂട്ടുകാരുടെയും ജീവൻ രക്ഷിച്ച 5 മിഡിൽ സ്കൂൾ കുട്ടികളാണ് ഇന്ന് ലോകത്തെ ശ്രദ്ധേയ താരങ്ങൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂൾ വിദ്യാർഥികളാണ് ഈ മിടുക്കർ. സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ആസ്ത്മ ബാധിച്ചാണ് ഡ്രൈവർ ബോധരഹിതയായത്.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളിൽനിന്ന് 40ഓളം കുട്ടികളുമായി പോവുകയായിരുന്നു ഡ്രൈവർ ലിയ ടെയ്‌ലർ (46). പെട്ടെന്ന് അവർക്ക് ആസ്ത്മ കടുത്തു. മരുന്നെടുക്കും മുൻപേ ടെയ്‌ലറുടെ ബോധംമറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നിമാറാൻ തുടങ്ങി.
ഡ്രൈവറുടെ തൊട്ടുപിന്നിലിരുന്ന 12കാരൻ ജാക്സൺ കസൻവെ ഇതു ശ്രദ്ധിച്ചു. ജാക്സൺ ഉടൻ സ്റ്റിയറിങ് പിടിച്ചുനിയന്ത്രിച്ചു. സഹായത്തിനു കൂട്ടുകാരെയും വിളിച്ചു. വിളി കേട്ടെത്തിയ മറ്റൊരു 12കാരൻ ഡാരിയസ് ക്ലാർക്ക് ബ്രേക്ക് ചവിട്ടി. ഇരുവരും ചേർന്ന് ബസ് സുരക്ഷിതമായി നിർത്തി.
ഡാരിയസിൻ്റെ 13കാരി സഹോദരി കെയ്‌ലി അടിയന്തരസുരക്ഷാ നമ്പറിൽവിളിച്ച് സഹായം തേടി. മറ്റു 2 വിദ്യാർഥികൾ ഡ്രൈവർക്ക് പ്രഥമശുശ്രൂഷ നൽകി. ഇതിനിടെ ഡ്രൈവർക്കുവന്ന ഫോണെടുത്ത് സ്ഥിതിഗതികൾ അറിയിച്ചു. കുട്ടികളുടെ ധീരകൃത്യത്തെ ആദരിക്കാൻ അവർക്ക് അടുത്തയാഴ്ച വിരുന്നുനൽകാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































