Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും 123.04 ശതമാനം പ്രാഥമിക ‘ആൻ്റി ഡംപിങ് ഡ്യൂട്ടി’ ചുമത്തി ട്രംപ് ഭരണകൂടം. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിക്കു പുറമെയാണിത്. ഇന്ത്യ – യു.എസ്. വ്യാപാര കരാറിലെ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയുണ്ടായ അമേരിക്കയുടെ അപ്രതീക്ഷിത നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാണ്.
യഥാർത്ഥ നിരക്കിനേക്കാൾ കുറച്ചാണ് ഇന്ത്യൻ സോളാർ ഉല്പന്നങ്ങൾ യു.എസിൽ വിൽക്കുന്നതെന്നു ആരോപിച്ചാണ് നീക്കം. ഇന്ത്യൻ കമ്പനികളുടെ വിപണന തന്ത്രം തദ്ദേശീയ ഉല്പാദകരുടെ സാധ്യത കുറയ്ക്കുന്നതായി വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും യു.എസ്. ആരോപിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് വലിയ തിരിച്ചടിയാണിത്.
മുന്ദ്ര സോളാർ പി.വി., മുന്ദ്ര സോളർ എനർജി, കോവ കമ്പനി, പ്രീമിയർ എനർജി ഫോട്ടോവോൾട്ടാനിക് തുടങ്ങിയ കമ്പനികൾക്കെതിരെയാണ് യു.എസ്. അന്വേഷണം നടത്തിയത്. ഇതിൽ ‘ഗുരുതരമായ വീഴ്ചകൾ’ കണ്ടെത്തിയെന്നാണ് യു.എസ്. പറയുന്നത്. എന്നാൽ ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റാണെന്ന് ഇന്ത്യൻ സോളാർ വ്യവസായ മേഖല പറയുന്നു. കണ്ടെത്തലുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ സി.ഇ.ഒ. സുബ്രഹ്മണ്യം ആരോപിച്ചു. തീരുമാനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നികുതിയോടെ ഇന്ത്യൻ സോളാർ ഉല്പന്നങ്ങൾ യു.എസിലെത്തിക്കാൻ 250 ശതമാനത്തോളം നികുതി കൊടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഇത്രയും നികുതി നൽകി ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നും ഇവർ പറയുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സോളാർ കമ്പനികളുടെ പ്രകടനത്തെയും യു.എസ്. തീരുമാനം ബാധിക്കും.
ഇന്ത്യയ്ക്ക് പുറമെ ഇൻഡൊനീഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ സോളാർ ഉൽപന്ന കയറ്റുമതിക്കും യു.എസ്. അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ 3 രാജ്യങ്ങളും ചേർന്ന് 450 കോടി ഡോളറിന് തുല്യമായ സോളാർ ഉൽപന്നങ്ങൾ യു.എസ്. വിപണിയിൽ വില്പന നടത്തിയെന്നാണ് കണക്ക്. ആ വർഷത്തിൽ രാജ്യത്തെത്തിയ സോളാർ ഉല്പന്നങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം വരുമിത്.






























