Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിലെ വോട്ടിങ് ശതമാനം സംബന്ധിച്ച അന്തിമമെന്നു പറയാവുന്ന കണക്കുകൾ പുറത്തുവന്നു കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയം സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ടു ചെയ്തിരിക്കുന്നു എന്നതാണ്. പുരുഷന്മാരെക്കാൾ 6 ശതമാനം അധികം സ്ത്രീകൾ വോട്ടു ചെയ്തിട്ടുണ്ട്. ഇത് രാഷ്ട്രീയപ്പാർട്ടികളുടെ, വിശിഷ്യാ യു.ഡി.എഫിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുണ്ട്.
കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് ആദ്യം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നയാളാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധനും സീ-വോട്ടർ സ്ഥാപകനുമായ യശ്വന്ത് ദേശ്മുഖ്. സ്വാഭാവികമായും യു.ഡി.എഫിന് മേൽക്കൈ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ. എന്നാൽ പോളിങ് സംബന്ധിച്ച കണക്കുകൾ വന്നതോടെ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റേതായി പുറത്തുവന്ന ഏറ്റവും പുതിയ അവലോകനത്തിൽ സ്ത്രീ വോട്ടർമാർ പിണറായിയെ രക്ഷിക്കുമെന്നാണ് വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങൾ കൈയിൽ വന്നതിൻ്റെ അടിസ്ഥാനത്തിലാണോ ഈ നിലപാടുമാറ്റം എന്നത് വ്യക്തമല്ല.
ക്ഷേമപദ്ധതികൾ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവണതയാണ് രാജ്യവ്യാപകമായി കണ്ടുവരുന്നതെന്ന് ദേശ്മുഖ് വിലയിരുത്തുന്നു. ക്ഷേമപദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സർക്കാരുകൾ ബിഹാറിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അധികാരത്തിൽ തുടർന്നത് ഉദാഹരണമായി അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകളുടെ വോട്ടിങ് ശതമാനം കൂടുതലായിരുന്നുതാനും.
പുരുഷന്മാർ വൈകാരികമായി തീരുമാനമെടുക്കുന്നവരാണ് എന്നാണ് യശ്വന്ത് ദേശ്മുഖിൻ്റെ പക്ഷം. അവർ സാഹചര്യവും വ്യക്തിയുമൊക്കെ നോക്കി പിന്തുണ തീരുമാനിക്കുന്നു. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. അവർ കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി നിലപാട് സ്വീകരിക്കുന്നു. അങ്ങനെ സ്വീകരിക്കുന്ന നിലപാട് അവർ മാറ്റാറില്ല. കേരളത്തിൽ സ്ത്രീകൾ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതൊരുറച്ച നിലപാടിൻ്റെ സൂചനയാണ്. ക്ഷേമപദ്ധതികളെ പിന്തുണയ്ക്കണമെന്ന നിലപാടിൻ്റെ സൂചന. അതാണ് പിണറായിക്കനുകൂലമാകാം എന്ന് യശ്വന്ത് ദേശ്മുഖിനെക്കൊണ്ട് പറയിക്കുന്നത്.
കണക്കുകൾ നോക്കുമ്പോൾ ഈ വിലയിരുത്തൽ ശരിയാകാനുള്ള സാദ്ധ്യത കൂടുതലാണ്. എൽ.ഡി.എഫ്. നടത്തിയ ഏറ്റവും ശക്തമായ പ്രചാരണം യു.ഡി.എഫ്. ഭരണമെന്ന ഇരുണ്ട കാലത്തെപ്പറ്റിയാണ്. യു.ഡി.എഫ്. വന്നാൽ ക്ഷേമപെൻഷനുകൾ മുടങ്ങുമെന്ന പ്രചാരണം അവർ ശക്തമായി ഉയർത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അത് അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യം ഇല്ലാതാകുന്നത് തടയാൻ എല്ലാവരും ശ്രദ്ധിക്കും, വിശിഷ്യാ സ്ത്രീകൾ. ഇതു തന്നെയാണ് എൽ.ഡി.എഫിൻ്റെ ബലം.
കേരളത്തിൽ 62 ലക്ഷം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ പകുതി പേർ നിലവിൽത്തന്നെ എൽ.ഡി.എഫിന് വോട്ടു ചെയ്യുന്നതായി കണക്കാക്കിയാലും ബാക്കി 31 ലക്ഷം പേരുണ്ട്. ഇതുപോലെ സ്ത്രീസുരക്ഷാ പെൻഷൻ വാങ്ങിത്തുടങ്ങിയവരായി 15 ലക്ഷം പേരും അപേക്ഷ നല്കി കാത്തിരിക്കുന്നവരായി 11 ലക്ഷവും ഉണ്ട്. ഈ ഗണത്തിലെ 26 ലക്ഷത്തിൽ പകുതി എൽ.ഡി.എഫിനെ തുണയ്ക്കുന്നവരാണെന്നു കൂട്ടിയാലും ബാക്കി 13 ലക്ഷം പേരുണ്ട്. പെൻഷൻ തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ഷേമപെൻഷൻ വിഭാഗത്തിലെ 10 ലക്ഷം പേരും സ്ത്രീസുരക്ഷാ പെൻഷൻകാരിലെ 5 ലക്ഷവും എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചാലോ?
ലൈഫ് മിഷനിൽ വീട് ലഭിച്ചവരും ലഭിക്കാനിരിക്കുന്നവരും, പട്ടയം കിട്ടിയവരും അപേക്ഷ നല്കി കാത്തിരിക്കുന്നവരും, കെ.എസ്.ആർ.ടി.സി. ജീവനക്കാരും പെൻഷൻകാരും എന്നിങ്ങനെ വിവിധ തലങ്ങളിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ തയ്യാറാകുന്ന വേറെയും വിഭാഗങ്ങളുണ്ട്. ഇതെല്ലാം കൂടി ഒരു 15 ലക്ഷം പേര് എൽ.ഡി.എഫിനെ പുതിയതായി പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ എന്തു സംഭവിക്കും. ഈ 15 ലക്ഷം വോട്ടുകളെ 140 മണ്ഡലങ്ങളിലായി വിഭജിച്ചാൽ ഓരോ മണ്ഡലത്തിലും 10,000ലേറെ വോട്ടു വരും. ഇതിൻ്റെ മൂന്നിലൊരു ഭാഗം വോട്ടായ 3,000 അധികമായി കിട്ടിയാലും എൽ.ഡി.എഫിന് അതൊരു നേട്ടമായി മാറാം. പല മണ്ഡലങ്ങളിലെയും മാർജിൻ ഇതിലും കുറവായതിനാൽ കളി മാറാം. ഒരു തരംഗം തന്നെ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല.
വികസനവും ക്ഷേമപദ്ധതികളും പറഞ്ഞാണ് എൽ.ഡി.എഫ്. വോട്ടുപിടിച്ചത്. ഈ വിഷയത്തിലേക്ക് ചർച്ച വരാതിരിക്കാൻ യു.ഡി.എഫ്. പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവിൽ വയനാട് ഫണ്ട് പ്രശ്നവും കൂടി വന്നത് അവർക്ക് വിനയായി. ഇതിനെല്ലാമപ്പുറം ന്യൂനപക്ഷ കേന്ദ്രീകരണം കൊണ്ട് വിജയിച്ചുകയറാനാവുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. മലപ്പുറത്തും ഒരു പരിധി വരെ കോഴിക്കോടും മാത്രം പ്രകടമാവുന്ന പ്രതിഭാസമാണതെന്ന് മറുവാദം നിലനില്ക്കുന്നു. എന്തായാലും ക്ഷേമപദ്ധതികളും സ്ത്രീകളും പിണറായി വിജയനെ രക്ഷിക്കുമെന്ന വാദത്തിന് അനുദിനം ബലംവെയ്ക്കുന്നുണ്ട്.



















