Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50) വെട്ടിക്കുറച്ചു. കാൽ ശതമാനം (0.25) ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അതിൻ്റെ ഇരട്ടി ഇളവ് വരുത്തിയത്.
നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും വലിയ ആശ്വാസമാണ് ഈ നടപടി. 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് റീപോ നിരക്ക് കുറച്ചത്. ഇതോടെ, കഴിഞ്ഞ 3 യോഗങ്ങളായി ഒരു ശതമാനമാണ് പലിശഭാരം കുറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തിൽ പണ നയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി -എം.പി.സി.) കാൽ ശതമാനം വീതം പലിശ കുറച്ചിരുന്നു.
വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. റിസർവ് ബാങ്ക് ഗവർണറായി സ്ഥാനമേറ്റ സഞ്ജയ് മൽഹോത്ര തൻ്റെ മൂന്നാമത്തെ പണനയ യോഗത്തിലും പലിശനിരക്ക് കുറച്ചുവെന്ന പ്രത്യേകതയുമുണ്ട്.































