Follow the FOURTH PILLAR LIVE channel on WhatsApp
ലൈംഗിക പീഡനാരോപണ വിധേയനായ കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുലിനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടക്കുന്നുണ്ട്. ഇതിനാവശ്യമായ ശ്രമങ്ങളുമായി അതുൽ തന്നെ രംഗത്തിറങ്ങിയിട്ടുമുണ്ട്. പക്ഷേ, ഒന്നും അങ്ങോട്ട് വിജയിക്കുന്ന മട്ടില്ല.
ആരോഗ്യം മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള രാഷ്ട്രീയ വേട്ടയാടലാണ് തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് എന്നാണ് കെ.എസ്.യു. നേതാവിന്റെ വിലാപം. ഇതിലും വലിയൊരു കോമഡി ഈ അടുത്ത കാലത്തൊന്നും കേരളം കേട്ടിട്ടുണ്ടാകില്ല.
അതുലിനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരിക്കുന്നത് ഡി.വൈ.എഫ്.ഐക്കാരോ സി.പി.എമ്മുകാരോ അല്ല. പരാതി കൊടുത്തിരിക്കുന്നത് അതുലിന്റെ കൂടെ നടക്കുന്ന ഒരു കെ.എസ്.യു. പ്രവർത്തക തന്നെയാണ്. സ്വന്തം പാർട്ടിയിലെ ഒരു വനിതാ പ്രവർത്തക നൽകിയ പരാതി എങ്ങനെയാണ് മന്ത്രി വീണാ ജോർജിന്റെ വേട്ടയാടലാകുന്നത്?
ഇനി അതുൽ പറയുന്നതുപോലെ അയാളുടെ ഭാഗത്താണ് ശരിയെങ്കിൽ, ഇതൊരു വ്യാജ പരാതിയാണെങ്കിൽ കൂടെ നിന്ന് കാലുവാരിയത് അതുലിന്റെ സ്വന്തം ആളുകൾ തന്നെയാണ്. അപ്പോൾ അതുൽ ആദ്യം കുറ്റം പറയേണ്ടതും തിരുത്തേണ്ടതും കൂടെയുള്ളവരെ തന്നെയാണ്. സ്വന്തം പാളയത്തിലെ പ്രശ്നങ്ങൾക്കാണ് സർക്കാരിനെയും മന്ത്രിയെയും പഴിചാരുന്നത്.
കോൺഗ്രസിനകത്തും കെ.എസ്.യുവിനകത്തും നടക്കുന്ന ഗ്രൂപ്പ് കളികൾക്കും കാലുവാരലുകൾക്കും, അവിടെയുള്ള സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ഉത്തരവാദി ആ പാർട്ടിയുടെ സംസ്കാരം തന്നെയാണ് എന്നു വ്യക്തമാകുന്നു.






















