യു.എസ്. തീരുവ കുറച്ചാലും ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് പണം കിട്ടില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: നിയമവിരുദ്ധമെന്നു കണ്ട് യു.എസ്. സുപ്രീം കോടതി റദ്ദാക്കിയ ഇറക്കുമതി തീരുവകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട്‌ തിരിച്ചുലഭിക്കില്ല. ഈ പണം തിരിച്ചുകിട്ടുന്നതിന് ഇന്ത്യൻ കയറ്റുമതിക്കാർ അമേരിക്കൻ ഇടപാടുകാരുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കേണ്ടിവരുമെന്ന് കയറ്റുമതിമേഖലയിലെ അനലിസ്റ്റ് കമ്പനിയായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് (ജി.ടി.ആർ.ഐ.) വ്യക്തമാക്കി. ഏപ്രിൽ 2 മുതൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന വിവിധ തീരുവകളാണ് നിയമവിരുദ്ധമെന്ന് യു.എസ്. സുപ്രീംകോടതി വിധിച്ചത്.

വിധി വന്നെങ്കിലും ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് റീഫണ്ട് ലഭിക്കാൻ നിയമപരമായി വഴികളില്ല. യു.എസിലെ ഇറക്കുമതിക്കാർക്കാണ് ഈ പണത്തിൽ അവകാശമുന്നയിക്കാനാകുക. അമേരിക്കൻ ഇറക്കുമതിക്കാരുമായി ഒത്തുതീർപ്പിലെത്തി മാത്രമേ ഈ പണം തിരിച്ചുകിട്ടൂ. ഇതിനായി അമേരിക്കയിൽ ചരക്ക് എടുക്കുന്നവരുമായി ബന്ധപ്പെടണം.

1200 കോടി ഡോളർ മാത്രമാണ് ഇന്ത്യയിൽനിന്നുള്ള ചരക്കുകളുമായി ബന്ധപ്പെട്ടുള്ളത്. തുക തിരിച്ചുകിട്ടാൻ ഷിപ്പിങ് വിവരങ്ങളും തീരുവ വിവരങ്ങളും പണംനൽകിയതിനുള്ള തെളിവുസഹിതം യു.എസിലെ ഇറക്കുമതിക്കാർ വിശദമായ ക്ലെയിം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ സജ്ജമാക്കിയ പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 53 ശതമാനവും ടെക്സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഉയർന്ന തീരുവയ്ക്കുകീഴിൽ വന്നിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടിൽ ഏകദേശം 400 കോടി ഡോളറാണ് ടെക്സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് കണക്ക്. എൻജിനീയറിങ് ഉത്പന്നങ്ങളുടെ റീഫണ്ടും 400 കോടി ഡോളറിനടുത്തുവരുമെന്നാണ് കണക്ക്. രാസവസ്തുക്കൾ 200 കോടി ഡോളറോളമുണ്ട്.

3.3 ലക്ഷം ഇറക്കുമതിക്കാരിൽനിന്നായി 5.3 കോടിയിലധികം ചരക്കുകൾക്ക് ശേഖരിച്ച 16,600 കോടി ഡോളറാണ് (ഏകദേശം 15 ലക്ഷം കോടി രൂപ) യു.എസ്. ഭരണകൂടം തിരിച്ചുനൽകേണ്ടിവരുക. ഇതുവരെ 56,000 ഇറക്കുമതിക്കാർ തുക ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

 

Recent Articles

Related Articles

Special