Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലുൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസിൻ്റെ വിലയിരുത്തൽ.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നിലവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ഇനത്തിൽ പ്രതിമാസം 27,000 കോടി രൂപയുടെ അധികബാധ്യത നേരിടുന്നുണ്ടെന്നാണ് കണക്ക്. ക്രൂഡ് ഓയിൽ വില 120 ഡോളറിന് അടുത്തേക്ക് ഉയർന്നപ്പോൾ എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 24 രൂപയും ഡീസൽ വില ലിറ്ററിന് 60 രൂപയും നഷ്ടം നേരിട്ടിരുന്നു.
കൊട്ടക്കിൻ്റെ വിലയിരുത്തൽ പ്രകാരം ഡീസൽ വില ലിറ്റിന് 13.1 രൂപ മുതൽ 24.9 രൂപവരെ കൂടേണ്ട സാഹചര്യമാണുള്ളത്. ക്രൂഡ് വില ബാരലിന് 100-120 ഡോളർ കണക്കാക്കുമ്പോഴാണിത്. പെട്രോളിന് 10.6 മുതൽ 22.3 രൂപവരെയും കൂടണം. നിലവിൽ കേരളത്തിൽ വില പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ്.
ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇങ്ങനെ മാറ്റമില്ലാതെ നിർത്തി മുന്നോട്ടുപോവുക എണ്ണവിതരണ കമ്പനികൾക്ക് പ്രയാസമാണെന്ന് റിപ്പോർട്ട് പറയുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്ര സർക്കാരിൻ്റെ സമ്മർദമുള്ളതിനാലാണ് നിലവിൽ വില പരിഷ്കാരിക്കാത്തത്. തിരഞ്ഞെടുപ്പിന് ശേഷം വില കൂട്ടിയേക്കാം.
ഇന്ധനവില വർധനയ്ക്ക് തടയിടാനായി കേന്ദ്രം അടുത്തിടെ പെട്രോളിൻ്റെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപ കുറയ്ക്കുകയും ഡീസലിൻ്റേത് എടുത്തുകളയുകയും ചെയ്തിരുന്നു. രാജ്യത്ത് വില പിടിച്ചുനിർത്താനും ലഭ്യത ഉറപ്പുവരുത്താനുമായി കയറ്റുമതി തീരുവയും വർധിപ്പിച്ചു. ഈ നടപടികൾ പര്യാപ്തമല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
വില കൂടിയതിനാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 17.1 ശതമാനം കുറഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിൻ്റെ (പി.പി.എ.സി.) കണക്കുപ്രകാരം 22.8 ദശലക്ഷം ടണ്ണിൽ നിന്ന് 18.9 ദശലക്ഷം ടണ്ണിലേക്കാണ് വാർഷികാടിസ്ഥാനത്തിൽ ഇറക്കുമതി കുറഞ്ഞത്. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്.





























