Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബി.ജെ.പി. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖ. വട്ടിയൂർക്കാവിലുണ്ടായ സംഘർഷത്തിനുപിന്നാലെയായിരുന്നു പൊലീസിനെതിരായ പ്രതിഷേധം.
‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, പിണറായിയുടെ തെമ്മാടികളേ’, ഇങ്ങനെ പോയി മുദ്രാവാക്യം. ഇത് മഴനനഞ്ഞ് ശ്രീലേഖയും ഏറ്റുവിളിച്ചു. കേരളാ പൊലീസിൻ്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഡി.ജി.പിയായിരുന്ന ശ്രീലേഖ വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി മുൻ സഹപ്രവർത്തകർക്കെതിരേ തന്നെ തെരുവിൽ മുദ്രാവാക്യം വിളിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. മഴ നനഞ്ഞെത്തിയ മഹിളാമോർച്ച പ്രവർത്തകർ ഇരുമ്പുവേലിക്കു മുകളിൽക്കയറി പ്രതിഷേധിച്ചു. ഇതിനിടെ പൊലീസുമായി ഉന്തുംതള്ളും വാക്കുതർക്കവുമുണ്ടായി. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഞ്ജനയും സംസാരിച്ചു.


























