Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന 5 വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 14 പേർ മരിച്ചു. 5 മൃതദേഹങ്ങളും 3 പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിൻ്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെ ഉള്ളവർക്കാണ് പൊള്ളലേറ്റത്.
ഉച്ചയ്ക്ക് 3.30നാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. പിന്നീട് 2 മണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. വൈകീട്ട് 6 മണിയോടെ തീ അണച്ചിട്ടുണ്ട്. എങ്കിലും സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നു.
ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.
ഈ മാസം 24ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. 2 വലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.


























