Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽ.ഡി.എഫ്. സർക്കാർ കല്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ ഗൃഹപ്രവേശനം. ചൂരൽമല സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന കെ.വിജയനും കുടുംബവുമാണ് മുണ്ടക്കൈ ടൗൺഷിപ്പിലെ വീട്ടിൽ പാലുകാച്ചിയത്. പകൽ 10.30നായിരുന്നു പാലുകാച്ചൽ ചടങ്ങ്. കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയ 178 വീടുകളിൽ ഒന്നിലേക്കാണ് ആദ്യ കുടുംബം ഞായറാഴ്ച ഔദ്യോഗികമായി കുടിയേറിയത്. ദുരന്തത്തിൻ്റെ കൺകെട്ടാത്ത ഓർമ്മകളിൽ നിന്നും പ്രതീക്ഷയുടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച കുടുംബത്തിന് ഇരട്ടി മധുരമേകി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സർപ്രൈസ് വീഡിയോ കോളും എത്തി. പുതിയ വീട്ടിലേക്ക് മാറിയ സന്തോഷം പങ്കുവെക്കാനും അവരുടെ വിശേഷങ്ങൾ നേരിട്ട് അന്വേഷിക്കാനുമാണ് പിണറായി വിജയൻ വീഡിയോ കോളിലൂടെ കുടുംബത്തെ ബന്ധപ്പെട്ടത്.
വീട്ടിലെത്തിയ കുടുംബാംഗങ്ങളോട് പുതിയ വീടിൻ്റെ വിശേഷങ്ങളും ടൗൺഷിപ്പിലെ ക്രമീകരണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. “എല്ലാവർക്കും സുഖമല്ലേ, പുതിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടില്ലേ?” എന്ന് പിണറായി സ്നേഹാന്വേഷണം നടത്തി. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും കൈപിടിച്ചുയർത്തി സുരക്ഷിതമായ ഒരു വീടും ജീവിതവും ഒരുക്കി നൽകിയതിന് കുടുംബാംഗങ്ങൾ അദ്ദേഹത്തോട് വികാരാധീനരായി നന്ദി അറിയിച്ചു.
വീടിൻ്റെ ദൃശ്യങ്ങൾ അവർ വീഡിയോ കോളിലൂടെ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. മുന്നൂറോളംപേരെ ക്ഷണിച്ചായിരുന്നു പാലുകാച്ചൽ. വിജയൻ്റെ ഭാര്യ ലാലു, മകൻ കെ.വി.സ്‌മിജിത്ത്, മരുമകൾ സജിത, പേരക്കുട്ടികളായ ദ്രുപത്, ദ്രുവൽജിത്ത്, ദ്രുവദത്ത് എന്നിവരാണ് വീട്ടുകാർ.
കഴിഞ്ഞ മാർച്ച് 1നാണ് ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. അഞ്ച് സോണിലായി 410 വീടാണ് ടൗൺഷിപ്പിൽ ഉയരുന്നത്. കഴിഞ്ഞ 5നാണ് കുടുംബത്തിന് ഒന്നാം സോണിലെ ‘ഡി’ ക്ലസ്റ്ററിൽ 38ാം വീട് കൈമാറിയത്. വീട് കൈപ്പറ്റുന്നതായി മഹസറിൽ ഒപ്പുവച്ച് വെള്ളിയാഴ്‌ചയാണ് ജില്ലാ ഭരണസംവിധാനത്തിൽനിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങിയത്. സർക്കാർ നൽകുന്ന ഒരുലക്ഷം രൂപയ്‌ക്കുള്ള ഗൃഹോപകരണങ്ങളെല്ലാം ശനിയാഴ്‌ചയോടെ വീട്ടിലെത്തിച്ചു.
ഒന്നാം ഘട്ട ഉദ്‌ഘാടനത്തിൽ പട്ടയവും ഉടമസ്ഥാവകാശവും നൽകിയ 178ാമത്തെ വീടും ഗുണമേന്മ പരിശോധന പൂർത്തിയാക്കി തിങ്കളാഴ്‌ച ഗുണഭോക്താക്കൾക്ക് കൈമാറും. വരും ദിവസങ്ങളിൽ ബാക്കി കുടുംബങ്ങളും പുതിയ വീടുകളിലേക്ക് താമസം മാറുമെന്നും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.






























