Follow the FOURTH PILLAR LIVE channel on WhatsApp
കേരള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ കാഴ്ച അധികാരമാറ്റമല്ല; നിലപാടുകളുടെ അതിവേഗ മാറ്റമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അധികാരത്തിലെത്തിയതോടെ സർക്കാർ രേഖകളുടെയും നിയമസഭയിലെ ഔദ്യോഗിക മറുപടികളുടെയും മുന്നിൽ ഒന്നൊന്നായി തകർന്നുവീഴുകയാണ്. മദ്യനയം മുതൽ പി.എം.ശ്രീ പദ്ധതി വരെ, ലൈഫ് മിഷൻ മുതൽ സർവകലാശാലാ നിയമനങ്ങൾ വരെ, പ്രതിപക്ഷമായിരുന്ന കാലത്ത് യു.ഡി.എഫ്. ഉയർത്തിയ പല പ്രചാരണങ്ങളും ഭരണത്തിലെത്തിയപ്പോൾ യു-ടേണുകളായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ സംബന്ധിച്ച നിയമസഭാ ചർച്ച.
ഇതോടൊപ്പം മറ്റൊരു വലിയ രാഷ്ട്രീയ ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ പരാജയത്തിന് പ്രധാന കാരണം എന്തായിരുന്നു? അതിന് നിരവധി ഉത്തരങ്ങളുണ്ടാകാം. എന്നാൽ ഏറ്റവും ശക്തമായ ഉത്തരങ്ങളിലൊന്ന് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ സംഘടിത നുണപ്രചാരണങ്ങളെ രാഷ്ട്രീയമായും ആശയപരമായും ഫലപ്രദമായി നേരിടാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല എന്നതാണ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾക്കപ്പുറം ആരോപണങ്ങളാണ് പൊതുബോധത്തെ സ്വാധീനിച്ചത്. ആ പ്രചാരണങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതം തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. എന്നാൽ അധികാരമാറ്റത്തിന് ശേഷവും ആ കുപ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊളിച്ചുകാട്ടുന്ന രാഷ്ട്രീയ പ്രചാരണം എൽ.ഡി.എഫ്. ഇപ്പോഴും ശക്തമായി ഏറ്റെടുത്തിട്ടില്ല.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ യു.ഡി.എഫ്. പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ പ്രചാരണം അതിൻ്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. കേരളത്തിലെ ഏറ്റവും മികച്ച സഹകരണ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ ഊരാളുങ്കലിനെ, അഴിമതിയുടെയും കള്ളപ്പണത്തിൻ്റെയും സി.പി.എം. സാമ്പത്തിക ശൃംഖലയുടെയും പ്രതീകമായി ചിത്രീകരിക്കാനാണ് അന്ന് ശ്രമിച്ചത്. സർക്കാർ പദ്ധതികൾ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനത്തിൻ്റെ പേരിലാണെന്നും ഓരോ പദ്ധതിയും സി.പി.എമ്മിൻ്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമാണെന്നുമുള്ള പ്രചാരണം വലിയ തോതിൽ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കപ്പെട്ടു. രാഷ്ട്രീയ വേദികളിലും ടെലിവിഷൻ ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ഈ ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടു. ആരോപണങ്ങൾക്ക് തെളിവില്ലായിരുന്നെങ്കിലും അവ പൊതുബോധത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു.
ഈ പ്രചാരണത്തിൽ മുൻനിരയിൽ നിന്നവരിൽ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയും ഉൾപ്പെട്ടിരുന്നു. ഊരാളുങ്കലിനെ ദേശീയതലത്തിൽ അദാനി ഗ്രൂപ്പുമായി ഉപമിച്ചും, രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ വളർന്ന സ്ഥാപനമാണെന്നുമുള്ള ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഇന്ന് അതേ നേതാവ് യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗമാണ്. ഇതാണ് രാഷ്ട്രീയത്തിൻ്റെ വിരോധാഭാസം. പ്രതിപക്ഷത്ത് പറഞ്ഞ വാക്കുകൾ അധികാരത്തിൽ എത്തിയപ്പോൾ സ്വന്തം സർക്കാരിൻ്റെ ഔദ്യോഗിക നിലപാടുകൾ തന്നെ തിരുത്തുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.
ഇപ്പോൾ നിയമസഭയിൽ ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ച് യു.ഡി.എഫ്. അംഗങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വന്നത് യു.ഡി.എഫ്. സർക്കാരിലെ മന്ത്രിക്കാണ്. നിയമസഭയിൽ മന്ത്രി പി.കെ.ബഷീർ നൽകിയ മറുപടികൾ, പ്രതിപക്ഷകാലത്ത് യു.ഡി.എഫ്. നടത്തിയ പല ആരോപണങ്ങൾക്കും വിരുദ്ധമായ യാഥാർഥ്യമാണ് മുന്നോട്ടുവെച്ചത്. അങ്ങനെയാണെങ്കിൽ വർഷങ്ങളോളം ഊരാളുങ്കലിനെ അപകീർത്തിപ്പെടുത്തിയ പ്രചാരണങ്ങൾക്ക് രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്തം യു.ഡി.എഫ്. ഏറ്റെടുക്കേണ്ടിവരില്ലേയെന്ന ചോദ്യവും ശക്തമാകുന്നു.
ഇവിടെ ഒരു സ്ഥാപനത്തിൻ്റെ പ്രതിച്ഛായ മാത്രമല്ല തകർന്നത്. ഒരു സഹകരണ പ്രസ്ഥാനത്തിൻ്റെ വിശ്വാസ്യതയെയാണ് ലക്ഷ്യമിട്ടത്. കേരളത്തിലെ സാധാരണ തൊഴിലാളികൾ ചേർന്ന് വളർത്തിയെടുത്ത ഒരു സംരംഭത്തെ സംഘടിതമായി അപമാനിക്കുകയും അതിനെ അധോലോക സ്ഥാപനമായി ചിത്രീകരിക്കുകയും ചെയ്തത് പൊതുസമൂഹത്തോടുള്ള അനീതിയായിരുന്നു. ആ പ്രചാരണങ്ങൾ വിശ്വസിച്ച് ഊരാളുങ്കലിനെ സംശയത്തോടെ നോക്കിയ നിരവധി സാധാരണക്കാരുണ്ട്. അവരോട് സത്യം പറയാനുള്ള ഉത്തരവാദിത്തം ആ പ്രചാരണം നടത്തിയവർക്കുണ്ട്.
ഇതിനിടെ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ അംഗീകാരവും നേടിക്കൊണ്ടിരുന്നു. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി തലപ്പാടി–ചെങ്കള റീച്ചിൽ നിർമിച്ച ആറുവരി ഒറ്റത്തൂൺ പാലം ഇന്ത്യയിലെ തന്നെ ഏറ്റവും നീളമുള്ള നിർമാണങ്ങളിലൊന്നാണ്. ഈ റീച്ചിൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയതിനുള്ള മികവിൻ്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റിയുടെ എക്സലൻസ് അവാർഡും സൊസൈറ്റിക്ക് ലഭിച്ചു. ആരോപണങ്ങളുടെ പൊടിപടലങ്ങൾക്കിടയിൽ ദേശീയതലത്തിലുള്ള ഈ അംഗീകാരങ്ങൾ പലപ്പോഴും മറച്ചുവെയ്ക്കപ്പെട്ടു.
കേരള രാഷ്ട്രീയത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ള പാഠം വ്യക്തമാണ്. പ്രതിപക്ഷത്തിരുന്നാൽ എതിരാളിക്കെതിരെ എന്തും പറയാമെന്ന ധാരണ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ആരോപണങ്ങൾ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേക്കാം. എന്നാൽ അധികാരത്തിൽ എത്തിയ ശേഷം സർക്കാർ രേഖകളും ഔദ്യോഗിക മറുപടികളും അതേ ആരോപണങ്ങളെ തിരുത്തുമ്പോൾ വിശ്വാസ്യതയാണ് ഏറ്റവും വലിയ നഷ്ടം നേരിടുന്നത്.
അതേസമയം, ഈ അനുഭവം എൽ.ഡി.എഫിനും ഒരു മുന്നറിയിപ്പാണ്. വികസന പദ്ധതികൾ നടപ്പാക്കുക മാത്രമല്ല, അവയ്‌ക്കെതിരെ ഉയരുന്ന കുപ്രചാരണങ്ങളെ സമയബന്ധിതമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊളിച്ചുകാട്ടുകയും വേണം. അല്ലാത്തപക്ഷം രാഷ്ട്രീയ എതിരാളികൾ നിർമ്മിക്കുന്ന നുണകളാണ് പൊതുബോധത്തെ നിയന്ത്രിക്കുക. ഇന്ന് യു.ഡി.എഫ്. സ്വന്തം വാദങ്ങൾ തിരുത്തേണ്ട സാഹചര്യം നേരിടുന്നുണ്ടെങ്കിൽ, അതിൻ്റെ രാഷ്ട്രീയ അർഥം തിരിച്ചറിയുകയും ജനങ്ങൾക്കുമുന്നിൽ സത്യത്തിൻ്റെ രാഷ്ട്രീയം ശക്തമായി അവതരിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം എൽ.ഡി.എഫിനുമുണ്ട്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























