Follow the FOURTH PILLAR LIVE channel on WhatsApp
സ്വകാര്യ മദ്യലോബിക്ക് അനുകൂലമായി ബജറ്റിൽ പ്രഖ്യാപിച്ച മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിക്കാട്ടിയിരുന്ന ‘ടീം യു.ഡി.എഫ്.’ എന്ന ആശയം പോലും ഇപ്പോൾ സ്വകാര്യവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും, മദ്യക്കമ്പനികളും തീരദേശ മേഖലയിൽ താൽപര്യമുള്ള കുത്തകകളും ആ കൂട്ടായ്മയിലെ പുതിയ സഖ്യകക്ഷികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ മുന്നണിയെയോ മന്ത്രിസഭയെയോ അറിയിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. മദ്യനികുതി ഇളവ് സംബന്ധിച്ച ബജറ്റ് നിർദ്ദേശം യു.ഡി.എഫിൽ ചർച്ച ചെയ്തശേഷമേ നടപ്പാക്കൂ എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയെ ഫിനാൻസ് ബില്ലിലെ വ്യവസ്ഥകൾ തന്നെ തള്ളുന്നതാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
നിയമസഭയിൽ അവതരിപ്പിച്ച ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് (ഐ.എം.എഫ്.എൽ.) നികുതി കുറയ്ക്കുന്ന ഭേദഗതി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 ശതമാനമായും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനമായും കുറയ്ക്കാനുള്ള നിർദേശമാണ് ബില്ലിലുള്ളത്. ഈ വിഭാഗത്തെ ഹോർട്ടി വൈൻ വിഭാഗത്തോടൊപ്പം ചേർത്താണ് ഭേദഗതി അവതരിപ്പിച്ചിരിക്കുന്നതെന്നും, സംസ്ഥാനത്ത് ആദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐ.എം.എഫ്.എൽ. വിഭാഗത്തിന് നികുതിയിളവ് നൽകാൻ നീക്കം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനികുതി ഇളവ് നൽകാൻ എൽ.ഡി.എഫ്. സർക്കാർ ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങൾ ഈ ഭേദഗതി നിർദേശത്തോടെ തന്നെ പൊളിയുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന ഫിനാൻസ് ബിൽ നിയമസഭ പാസാക്കിയാൽ അതിലെ നികുതി വ്യവസ്ഥകൾ നിയമത്തിൻ്റെ ഭാഗമാകുമെന്നും പിന്നീട് യു.ഡി.എഫിൻ്റെ ചർച്ചയുടെ പേരിൽ അത് നടപ്പാക്കാതിരിക്കാനോ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മരവിപ്പിക്കാനോ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഫിനാൻസ് ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയശേഷം യു.ഡി.എഫ്. ചർച്ച നടത്തുമെന്ന പ്രഖ്യാപനത്തിന് പ്രസക്തിയില്ലെന്നും, അത് മദ്യക്കമ്പനികളുടെ ആവശ്യം അംഗീകരിക്കാനുള്ള പുകമറ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ബജറ്റിലെ മറ്റ് നിർദേശങ്ങളെല്ലാം സർക്കാരിൻ്റെ നയപരമായ നിലപാടാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചപ്പോഴും, മദ്യനികുതി ഇളവിൻ്റെ കാര്യത്തിൽ മാത്രം അത് യു.ഡി.എഫിൻ്റെ തീരുമാനമായിട്ടില്ലെന്ന വിശദീകരണം നൽകിയത് വൈരുധ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും മത-സാമുദായിക സംഘടനകളും ശക്തമായ വിമർശനമാണ് ഉയർത്തിയതെന്നും കോൺഗ്രസിലെ ഒരു വിഭാഗവും മുന്നണിയിലെ ഘടകകക്ഷികളും ആശങ്ക പ്രകടിപ്പിച്ചതിലൂടെ ഇത് കൂട്ടായ തീരുമാനമായിരുന്നില്ലെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സൈസ് നയത്തിലെ മാറ്റം സംബന്ധിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലെന്ന നിലപാടാണ് എക്സൈസ് മന്ത്രി സ്വീകരിച്ചതെന്നും, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ ഇടപെട്ടുവെന്ന അതൃപ്തി ഭരണമുന്നണിക്കുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ബജറ്റ് തയ്യാറാക്കുന്ന പതിവ് നടപടിക്രമത്തിൽ നിന്ന് വ്യത്യസ്തമായി, മറ്റ് വകുപ്പുകൾക്ക് മേൽ മുഖ്യമന്ത്രി സ്വന്തം നിലപാട് അടിച്ചേൽപ്പിക്കുന്ന സമീപനമാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മദ്യത്തിന് നികുതിയിളവ് നൽകാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും, ഫിനാൻസ് ബില്ലിലെ ഭേദഗതി പുനഃപരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.





















