രേഖകൾ പറയുന്ന 3 പതിറ്റാണ്ടിൻ്റെ ചരിത്രം: കേരളത്തിലെ ഖനനത്തിന് അടിത്തറ പാകിയത് യു.‍ഡി.എഫ്.

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിൽ ഖനന പ്രവർത്തനങ്ങൾക്കുള്ള വഴിയൊരുക്കിയത് ഏത് സർക്കാരാണെന്ന ചർച്ച വീണ്ടും സജീവമാകുകയാണ്. പോക്കറ്റടിക്കാരൻ ‘കള്ളൻ കള്ളൻ’ എന്നു വിളിച്ച് മുന്നിലോടുന്ന പോലെയാണ് യു.ഡി.എഫിൻ്റെ നില്പ്. 1995 മുതൽ 2026 വരെയുള്ള സർക്കാർ ഉത്തരവുകളും ഭരണനടപടികളും പരിശോധിക്കുമ്പോൾ ഖനന പദ്ധതിയുടെ പരിണാമം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിൻ്റെയും അതിൽ യു.ഡി.എഫ്. നടത്തിയ ഖനനാനുകൂല നീക്കങ്ങളുടെയും തെളിവുകൾ പുറത്തുവരുന്നു.

ഖനന പദ്ധതിക്ക് തുടക്കമിട്ടതും സ്ഥാപനങ്ങൾക്ക് രൂപം നൽകിയതും വിവിധ അനുമതികൾ നൽകിയതും യു.ഡി.എഫ്. സർക്കാരുകളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ പൊതുതാല്പര്യം സംരക്ഷിക്കുന്ന രീതിയില്‍ ഖനന പദ്ധതിയുടെ ഭരണപരമായ ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവന്നത് എൽ.ഡി.എഫ്. സർക്കാരുകളാണ്.

1995 നവംബർ 16ന് വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ലിമിറ്റഡിന് (ഡബ്ല്യു.എസ്.ഐ.എൽ.) സംയുക്ത സംരംഭത്തിന് കേരള സർക്കാർ തത്വത്തിൽ അനുമതി നൽകിയതാണ് നടപടികളുടെ തുടക്കം. ജി.ഒ.(എം.എസ്.) 185/95/ഇൻഡസ്ട്രീസ് പ്രകാരമാണ് അനുമതി നൽകിയത്. യു.ഡി.എഫ്. ഭരണകാലത്ത് എടുത്ത ഈ തീരുമാനത്തിലൂടെ പദ്ധതിക്ക് സർക്കാർ തലത്തിൽ ആദ്യ അനുമതി ലഭിച്ചു.

തുടർന്ന് 1996 മാർച്ച് 29ന് ഡബ്ല്യു.എസ്.ഐ.എല്ലും കൊച്ചിൻ മിനറൽസ് ആൻ‍ഡ് റൂട്ടൈൽസ് ലിമിറ്റഡും (സി.എം.ആർ.എൽ.) തമ്മിലുള്ള സംയുക്ത സംരംഭത്തിന് ജി.ഒ.(എം.എസ്.) 84/96/ഇൻഡസ്ട്രീസ് പ്രകാരം അംഗീകാരം നൽകി. ഇതും യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്താണ് നടപ്പാക്കിയത്. ഇതോടെ സ്വകാര്യ പങ്കാളിത്തത്തോടെ ഖനന പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ കൂടുതൽ വ്യക്തമായി.

2002 ഒക്ടോബർ 22ന് കായംകുളം പൊഴി-ആലപ്പുഴ സംയുക്ത സംരംഭത്തിന് ജി.ഒ.(എം.എസ്.) 101/2002/ഇൻഡസ്ട്രീസ് പ്രകാരം വീണ്ടും സർക്കാർ അനുമതി നൽകി. ഈ തീരുമാനവും യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്തായിരുന്നു. ഈ കാലഘട്ടത്തിലാണ് ആലപ്പുഴ തീരം ഖനനത്തിനായി ആദ്യമായി തുറന്നുകൊടുക്കുന്ന നടപടികൾ ആരംഭിച്ചത്.

ഖനന പദ്ധതിയുടെ അടുത്ത നിർണായക ഘട്ടം 2003 മേയ് 5നാണ്. ആലപ്പുഴ–തൃക്കുന്നപ്പുഴ മേഖലയിൽ പദ്ധതിയുടെ നടത്തിപ്പിനായി കേരള റെയർ എർത്ത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡ് (കെ.ആർ.ഇ.എം.എൽ.) രൂപവത്കരിക്കാൻ ജി.ഒ.(എം.എസ്.) 50/2003/ഇൻഡസ്ട്രീസ് പ്രകാരം സർക്കാർ അനുമതി നൽകി. യു.ഡി.എഫ്. ഭരണകാലത്ത് എടുത്ത ഈ തീരുമാനത്തിലൂടെ സി.എം.ആർ.എല്ലിന് 63 ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭത്തിന് സ‍ർക്കാർ രൂപം നൽകി. തുടർന്ന് 2004 സെപ്റ്റംബർ 15ന് ജി.ഒ.(എം.എസ്.) 105/2004/ഇൻഡസ്ട്രീസ് പ്രകാരം കെ.ആർ.ഇ.എം.എല്ലിന് ഖനനത്തിനുള്ള അന്തിമ അനുമതിയും യു.ഡി.എഫ്. നല്കി.

പദ്ധതിയുടെ ഭരണനടപടികൾ അതിനുശേഷവും തുടർന്നു. 2006 ജനുവരി 1ന് ലെറ്റർ നമ്പ‌ർ 12320/എ3/2005 പ്രകാരം ചവറ ബ്ലോക്കിലെ 49.0390 ഹെക്ടർ ഭൂമി കെ.ആർ.ഇ.എം.എല്ലിന് ഖനനത്തിനായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഖനി വകുപ്പിന് യു.ഡി.എഫ്. സർക്കാർ കത്തുനല്കി. ഖനന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലെ നിർണായക ഘട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഭരണമാറ്റത്തിനുശേഷം 2007 ജൂൺ 18ന് എൽ.ഡി.എഫ്. സർക്കാരിൻ്റെ വ്യവസായ നയമനുസരിച്ച് ജി.ഒ.(എം.എസ്.) 28/2007/ഇൻഡസ്ട്രീസ്  പ്രകാരം ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തി. ഇതിനെതിരെ കെ.ആർ.ഇ.എം.എൽ. കോടതിയെ സമീപിച്ചു. 2007 മുതൽ 2011 വരെയുള്ള എൽ.ഡി.എഫ്. ഭരണകാലത്ത് ഖനന പദ്ധതി സംബന്ധിച്ച് നടന്ന കേസുകളിൽ കേന്ദ്രത്തിലെ കോൺഗ്രസ് സ‍ര്‍ക്കാർ കെ.ആർ.ഇ.എം.എല്ലിന് അനുകൂലമായി നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനത്തെ എൽ.ഡി.എഫ്. സര്‍ക്കാരിൻ്റെ ഉറച്ചനിലപാട് നിമിത്തമാണ് അന്ന് കെ.ആർ.ഇ.എം.എല്ലിന് കോടതിയിൽ വിജയം നേടാനാവാതെ പോയത്.

യു.ഡി.എഫ്. ഭരണത്തിൽ തിരിച്ചെത്തിയ 2011-16 കാലത്തും കോടതിയിൽ കേസുകൾ നടന്നു. സംസ്ഥാന സർക്കാർ കോടതിയിൽ കേസുകൾ തോറ്റുകൊടുക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെതിരെ എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ വലിയ സമരങ്ങൾ നടന്നു. 2016 മുതൽ 2026 വരെയുള്ള എൽ.ഡി.എഫ്. ഭരണകാലത്ത് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി അവസാനിപ്പിച്ചു.

ലഭ്യമായ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, ഖനനവുമായി ബന്ധപ്പെട്ട അടിസ്ഥാന നയതീരുമാനങ്ങൾ, സംയുക്ത സംരംഭങ്ങൾക്ക് അനുമതി, സ്വകാര്യ കമ്പനിക്ക് കൂടുതൽ ഓഹരിപങ്കാളിത്തം നല്കി കെ.ആർ.ഇ.എം.എൽ. രൂപവത്കരണം, ഭരണാനുമതി, ഭൂമി അനുവദിക്കൽ തുടങ്ങിയ നിർണായക നടപടികളെല്ലാം യു.ഡി.എഫ്. ഭരണകാലത്താണ് നടന്നതെന്ന് വ്യക്തം. യു.ഡി.എഫ്. ഈ തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം വ്യവസായ-ഖനന വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആണെന്നതും ശ്രദ്ധേയം.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special