Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊടുന്നനെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നവയാണ്. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ ഒരു മാസം മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ചില കാര്യങ്ങൾ ഇന്ന് ഒരു വിവാദവുമില്ലാതെ കടന്നുപോകുന്നു. അതാണ് ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം. സംഘപരിവാറുമായുള്ള ബന്ധമോ അതിനോടുള്ള മൃദുസമീപനമോ എൽ.ഡി.എഫ്. ഭരണകാലത്ത് കേരളത്തിൽ രാഷ്ട്രീയ ആത്മഹത്യാപരമായ നിലപാടായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് അതേ കാര്യം യു.ഡി.എഫ്.ഭരണത്തിൻ്റെ സ്വാഭാവിക ഭാഗമാകുകയാണ്. അതിനേക്കാൾ ശ്രദ്ധേയമായത്, അതിനെതിരെ ഉയരേണ്ട സാമൂഹിക-രാഷ്ട്രീയ പ്രതിരോധം ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്.
ഉന്നതതല നിയമനങ്ങൾ മുതൽ ഭരണത്തിൻ്റെ നിർണായക മേഖലകൾ വരെ സംഘപരിവാറിന് വ്യക്തമായ സ്വാധീനം കൈവന്നിരിക്കുന്നു. സംഘപരിവാറിനോട് രാഷ്ട്രീയമോ ആശയപരമോ ആയ ആഭിമുഖ്യമുള്ള വ്യക്തികൾ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നത് ഇന്ന് വലിയ വാർത്തയല്ല. എൽ.ഡി.എഫ്. കാലത്ത് ഇത്തരമൊരു നിയമനത്തിൻ്റെ വിദൂര സൂചന വന്നാൽ പോലും മാധ്യമങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്യുമായിരുന്നു. രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുമായിരുന്നു. ഭരണപക്ഷത്തിനുള്ളിൽ പോലും ചിലപ്പോൾ അഭിപ്രായഭിന്നതകൾ ഉയരുന്നതായി വാർത്ത വരുമായിരുന്നു. എന്നാൽ ഇന്ന് ഈ നിയമനങ്ങൾ സാധാരണ ഭരണനടപടിയായി മാറിയിരിക്കുന്നു. ഇതാണ് സംഘപരിവാർ അനുകൂല രാഷ്ട്രീയത്തിൻ്റെ അപകടകരമായ സാധാരണവൽക്കരണം.
അതേസമയം, ആശയപരമായ അതിരുകളും അതിവേഗം മാഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിൻ്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും പോലും “ഞങ്ങളും അവരും അവരുടെ രാഷ്ട്രീയവും രണ്ടല്ല” എന്ന ആശയം പൊതുവേദിയിൽ തുറന്നു പറയാൻ മടിക്കുന്നില്ല. സംഘപരിവാറിനെതിരെ നിലകൊള്ളുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ അവകാശവാദവും, അതോടൊപ്പം സംഘപരിവാറിൻ്റെ രാഷ്ട്രീയവുമായി അടിസ്ഥാനപരമായ വൈരുധ്യമില്ലെന്ന സന്ദേശവും ഒരേസമയം മുന്നോട്ടുവയ്ക്കുന്ന ഈ സമീപനം കേരളത്തിലെ യു.ഡി.എഫ്. രാഷ്ട്രീയത്തിൻ്റെ പുതിയ രൂപമാണ്.
ഇതിനൊപ്പം ഭരണശൈലിയിലും മറ്റൊരു സമാനത കാണാം. 2014ന് ശേഷം നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ സ്വീകരിച്ച ഒരു പ്രധാന സമീപനം എന്തായിരുന്നു? ശക്തമായ പൊതുഎതിർപ്പുകളെയും രാഷ്ട്രീയ പ്രതിഷേധങ്ങളെയും വകവയ്ക്കാതെ തങ്ങൾ തീരുമാനിച്ച നയങ്ങൾ നടപ്പാക്കുക. പൗരത്വ ഭേദഗതി നിയമം മുതൽ കാർഷിക നിയമങ്ങൾ വരെയുള്ള നിരവധി വിഷയങ്ങളിൽ ഈ സമീപനം രാജ്യം കണ്ടതാണ്. ഇന്ന് കേരളത്തിലും ഭരണപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെയോ പൊതുസമൂഹത്തിൻ്റെയോ വിമർശനങ്ങളെ ഗൗരവമായി കണക്കാക്കാതെ മുന്നോട്ടുപോകുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു. ഈ കാര്യത്തിൽ വി.ഡി.സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫ്. സർക്കാർ കേന്ദ്രത്തിലെ ബി.ജെ.പി. ഭരണശൈലിയിൽ നിന്ന് പാഠം ഉൾക്കൊണ്ടതായി തോന്നുന്നു. അധികാരം ലഭിച്ചാൽ, നേരത്തേ ഉയർത്തിയിരുന്ന എതിർപ്പുകളെ മറികടന്ന് ഇഷ്ടമുള്ളത് നടപ്പാക്കുക എന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിലും സ്വീകാര്യമായി മാറുകയാണ്.
ഇതിൻ്റെ മറ്റൊരു കൗതുകകരമായ വശം കേരളത്തിലെ സ്വയം പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൻ്റെ ഇന്നത്തെ അവസ്ഥയാണ്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയാകെയും “മൃദു ഹിന്ദുത്വം” ആരോപിച്ച് നിരന്തരം ആക്രമിച്ചിരുന്ന ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ബൗദ്ധിക-രാഷ്ട്രീയ വൃത്തങ്ങൾ ഇന്ന് യു.ഡി.എഫിൻ്റെ ഈ പുതിയ രാഷ്ട്രീയത്തെ എങ്ങനെ വിശദീകരിക്കാമെന്നും അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും ആലോചിക്കുന്ന അവസ്ഥയിലാണ്. മുമ്പ് ചെറിയ സൂചനകളെ പോലും ‘ഹിന്ദുത്വ വഴങ്ങൽ’ എന്ന് വിശേഷിപ്പിച്ചവർ, ഇന്ന് കൂടുതൽ വ്യക്തമായ രാഷ്ട്രീയ സമീപനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നത് യാദൃശ്ചികമല്ല. അത് രാഷ്ട്രീയ സൗകര്യവാദത്തിൻ്റെ പ്രകടനമാണ്.
ഇവിടെ ചോദിക്കേണ്ട ചോദ്യം വളരെ ലളിതമാണ്. സംഘപരിവാറുമായി ബന്ധപ്പെട്ട ഒരു നിയമനം ഇടതുപക്ഷ സർക്കാർ നടത്തിയിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ടെലിവിഷൻ ചാനലുകൾ എത്ര ദിവസം ചർച്ച നടത്തിയേനെ? എത്ര എഡിറ്റോറിയലുകൾ എഴുതപ്പെട്ടേനെ? എത്ര ബുദ്ധിജീവികൾ ആശങ്ക രേഖപ്പെടുത്തിയേനെ? എത്ര രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചേനെ? ഇന്ന് അതേ വിഷയങ്ങൾ യു.ഡി.എഫ്. ഭരണകാലത്ത് ഉയരുമ്പോൾ എന്തുകൊണ്ടാണ് ഈ നിശ്ശബ്ദത?
ഈ ഇരട്ടത്താപ്പാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ഫാസിസത്തെ എതിർക്കുന്നതും മതനിരപേക്ഷതയെ സംരക്ഷിക്കുന്നതും ഭരണകക്ഷിയെ ആശ്രയിച്ച് മാറുന്ന രാഷ്ട്രീയ നിലപാടുകളാകരുത്. സംഘപരിവാറുമായുള്ള അടുപ്പം ഒരു സർക്കാരിന് അപകടകരമാണെങ്കിൽ, അത് എല്ലാ സർക്കാരുകൾക്കും ഒരുപോലെ അപകടകരമായിരിക്കണം. അല്ലാത്തപക്ഷം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തന്നെ വിശ്വാസ്യത നഷ്ടപ്പെടും.
ഐക്യകേരളത്തിൻ്റെ എഴുപതാം വാർഷികത്തിൽ നാം കാണുന്നത് ഒരു പുതിയ രാഷ്ട്രീയ പാഠഭേദമാണ്. സംഘപരിവാറുമായുള്ള ബന്ധം ഇനി അസാധാരണമല്ല; അതിനെതിരെ പ്രതികരിക്കാതിരിക്കുന്നതും അസാധാരണമല്ല. മുമ്പ് ശക്തമായ വിമർശനത്തിന് വിധേയമായിരുന്ന കാര്യങ്ങൾ ഇന്ന് സാധാരണ ഭരണരീതിയായി അംഗീകരിക്കപ്പെടുന്നു. മാധ്യമങ്ങളും ബുദ്ധിജീവികളും പ്രതിപക്ഷ രാഷ്ട്രീയവും സ്വീകരിക്കുന്ന ഈ നിശ്ശബ്ദത തന്നെയാണ് ഈ പുതിയ ‘നിയോ നോർമലിൻ്റെ’ ഏറ്റവും വലിയ അടയാളം.
ജനാധിപത്യത്തിൽ ഏറ്റവും വലിയ അപകടം ഫാസിസിൻ്റെ മുന്നേറ്റം മാത്രമല്ല; അതിനെ സാധാരണ സംഭവമായി സമൂഹം അംഗീകരിക്കാൻ തുടങ്ങുന്നതാണ്. ആ സാധാരണവൽക്കരണത്തെയാണ് നമ്മൾ പേടിക്കേണ്ടത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.
























