യു.ഡി.എഫിൻ്റെ മാറുന്ന മുഖം എന്തിൻ്റെ പേരിൽ?

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനോടുള്ള സമീപനം വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഈ ചർച്ചയെ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവങ്ങളിൽ മാത്രം ഒതുക്കുന്നത് യാഥാർഥ്യത്തെ പൂർണമായി കാണാത്തതായിരിക്കും. കാരണം, യു.ഡി.എഫ്. ഇന്ന് സ്വീകരിക്കുന്ന മൃദുസമീപനത്തിൻ്റെ തുടക്കം അധികാരമേറ്റ ശേഷമല്ല; പ്രതിപക്ഷത്തിരുന്ന കാലത്തുതന്നെ അതിൻ്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. അധികാരത്തിലെത്തിയാൽ ബി.ജെ.പി. സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന പ്രഖ്യാപനങ്ങൾ വേദികളിൽ മുഴങ്ങിയെങ്കിലും, യഥാർഥ രാഷ്ട്രീയ ഏറ്റുമുട്ടൽ ആവശ്യമായ ഓരോ ഘട്ടത്തിലും യു.ഡി.എഫ്. സുരക്ഷിതമായ അകലം പാലിക്കുകയായിരുന്നു എന്ന വിമർശനം ഇടതുപക്ഷം നിരന്തരം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ ഫെഡറൽ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ അധികാരങ്ങളിൽ കേന്ദ്രം ഇടപെട്ടപ്പോൾ, ഗവർണർ പദവി രാഷ്ട്രീയ ആയുധമാക്കിയപ്പോൾ, ദേശീയ വിദ്യാഭ്യാസ നയം, സർവകലാശാലാ നിയമനങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ, കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ എൽ.ഡി.എഫ്. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങി. നിയമസഭയിലും കോടതിയിലും തെരുവിലും ആ പോരാട്ടം തുടർന്നു. എന്നാൽ അതേ ഘട്ടങ്ങളിൽ യു.ഡി.എഫ്. പലപ്പോഴും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാതെ നിശ്ശബ്ദതയിലോ ആശയക്കുഴപ്പത്തിലോ ഒതുങ്ങി. കേന്ദ്രത്തിനെതിരായ ശക്തമായ പ്രതിരോധത്തിൻ്റെ മുന്നണിയിൽ നിൽക്കുന്നതിനുപകരം, അകലം പാലിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്.

അതുകൊണ്ടുതന്നെ ഇന്ന് കാണുന്ന വിധേയത്വത്തെ കേവലം ഭരണത്തിൻ്റെ ആദ്യ മാസങ്ങളിലെ നയമാറ്റമായി മാത്രം കാണാൻ കഴിയില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പോലും കേന്ദ്രസർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ യു.ഡി.എഫ്. ശ്രമിച്ചിരുന്നുവെങ്കിൽ, അധികാരത്തിലെത്തിയ ശേഷം ആ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ വാക്കുകളും പിന്നീട് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള വൈരുധ്യം ഇന്ന് കൂടുതൽ പ്രകടമായിരിക്കുകയാണ്.

ഇവിടെയാണ് മറ്റൊരു ചോദ്യവും ഉയരുന്നത്. ഈ തുടർച്ചയായ മൃദുസമീപനത്തിന് പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാത്രമാണോ, അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ? ഉയരുന്ന പ്രധാന സംശയം കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നിലുള്ള കേസുകളാണ്. മുഖ്യമന്ത്രി വി.ഡി.സതീശനുമായി ബന്ധപ്പെട്ട് മുമ്പ് ഉയർന്നുവന്ന പുനർജനി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പലപ്പോഴും രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. വിദേശനാണയ വിനിമയ ചട്ടലംഘനം മുതൽ വഞ്ചന ഉൾപ്പെടെ വിവിധ നിയമവശങ്ങൾ ഉൾപ്പെടുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കേന്ദ്ര ഏജൻസികളുടെ പരിധിയിലാണ്. അത്തരം അന്വേഷണങ്ങളുടെ നിഴൽ നിലനിൽക്കുമ്പോൾ കേന്ദ്രത്തിനെതിരെ നിർഭയമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്.

പിണറായി വിജയൻ്റെ മകൾ വീണയുടെ പിന്നാലെ നടക്കുന്ന ഇ.ഡിയുടെ റഡാറിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയുമുണ്ട്. തങ്ങൾ പണം വാങ്ങിയെന്ന് ഇരുവരും സമ്മതിച്ചിട്ടുള്ളതിനാൽ ഇ.ഡിയുടെ വണ്ടി എപ്പോൾ വേണമെങ്കിലും അവർക്കുനേരെ തിരിയാം. അതിന് ഇ.ഡി. മുതിരാതിരിക്കുന്നതിനു കാരണം ബി.ജെ.പിയുമായി നിലനില്ക്കുന്ന യു.ഡി.എഫിൻ്റെ ഡീലാണെന്ന് ആരോപണമുയരുമ്പോൾ അതിന് വിശ്വാസ്യത കല്പിക്കപ്പെടുന്നുണ്ട്.

അതുപോലെ തന്നെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പ്രതിസ്ഥാനത്തുള്ള കരിമണൽ കേസ് ഫയൽ എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാമെന്ന തരത്തിൽ സി.ബി.ഐയുടെ കൈയിലുണ്ട്. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം.ഷാജിക്കെതിരായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം, വിവിധ ഘട്ടങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ, സഹകരണ ബാങ്ക് തട്ടിപ്പ് എന്നിവയുമുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സാധ്യതാപരമായ ഇടപെടലുകൾ മുന്നിൽകണ്ട് ലീഗും ബി.ജെ.പിക്കെതിരെ നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പ്രഖ്യാപിച്ച നിലപാടുകളും ഇന്ന് ഭരണത്തിൽ സ്വീകരിക്കുന്ന സമീപനവും തമ്മിലുള്ള അന്തരം ഈ സംശയങ്ങളെ കൂടുതൽ ശക്തമാക്കുന്നു.

ഇവിടെ ഇടതുപക്ഷം ഉയർത്തിക്കാണിക്കുന്ന മറ്റൊരു താരതമ്യവുമുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ വരെ അന്വേഷണം വ്യാപിപ്പിച്ചു. ലൈഫ് മിഷൻ, സ്വർണക്കടത്ത്, വിവിധ സാമ്പത്തിക ആരോപണങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉയർത്തി കേന്ദ്ര ഏജൻസികൾ ശക്തമായ ഇടപെടൽ നടത്തി. എന്നിട്ടും കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് എൽ.ഡി.എഫ്. പിന്മാറിയില്ല. നിയമപരമായും രാഷ്ട്രീയപരമായും ആശയപരമായും കേന്ദ്രത്തിനെതിരെ നിലകൊണ്ടു.

ഇന്ന് അതേ സാഹചര്യത്തിൽ യു.ഡി.എഫ്. സ്വീകരിക്കുന്ന സമീപനം എന്തുകൊണ്ടാണ് ഇത്ര വ്യത്യസ്തമെന്നതാണ് ഇടതുപക്ഷം ഉയർത്തുന്ന ചോദ്യം. കേന്ദ്രം സംസ്ഥാനത്തിൻ്റെ അധികാരങ്ങളിൽ കടന്നുകയറുമ്പോൾ പോലും ശക്തമായ പ്രതിഷേധമില്ല. ഗവർണറുടെ വിവാദ ഇടപെടലുകളിൽ മുൻകാലത്തെ പോലെ രാഷ്ട്രീയ സമരങ്ങളില്ല. ദേശീയ വിദ്യാഭ്യാസ നയം മുതൽ കേന്ദ്ര പദ്ധതികളുടെ ബ്രാൻഡിങ് വരെ പല വിഷയങ്ങളിലും വിട്ടുവീഴ്ചയുടെ ഭാഷയാണ് കേൾക്കുന്നത്.

കേന്ദ്രസർക്കാരിനെ എതിർക്കുക എന്നത് തിരഞ്ഞെടുപ്പ് വേദികളിലെ മുദ്രാവാക്യമല്ലെന്ന് ഇടതുപക്ഷം പറയുന്നത് ഇതിനാലാണ്. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ഒരേ നിലപാടോടെ മുന്നോട്ടുപോകേണ്ടത് രാഷ്ട്രീയ പ്രതിബദ്ധതയാണ്. ആ പ്രതിബദ്ധതയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമെന്നും അവർ വാദിക്കുന്നു.

രാഷ്ട്രീയത്തിൽ ആശയങ്ങൾക്ക് വിലയുണ്ടാകണമെങ്കിൽ അവ അധികാരത്തിനനുസരിച്ച് മാറരുത്. കേന്ദ്രത്തെ എതിർക്കുമെന്ന് പ്രഖ്യാപിച്ചവർ കേന്ദ്രത്തിന് മുന്നിൽ വഴങ്ങുകയും, ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞവർ നിശ്ശബ്ദരാകുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കേരളം കാണുന്നത്. അത് വ്യക്തികളുടെ മാത്രം പ്രശ്നമല്ല; കേരളത്തിൻ്റെ രാഷ്ട്രീയ ദിശയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യമാണ്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special