Follow the FOURTH PILLAR LIVE channel on WhatsApp
കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രസംഗം ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നില്ല; അത് കേരളത്തിൻ്റെ സാമൂഹിക ഐക്യത്തെയും സാമ്പത്തിക യാഥാർഥ്യങ്ങളെയും സ്പർശിക്കുന്നതായിരുന്നു. കേരളത്തിലെ പണത്തിൻ്റെ സിംഹഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന പണമായി പുറത്തുപോകുകയാണെന്നും, ഇത് കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നുമാണ് മുഖ്യമന്ത്രി വാദിച്ചത്. ഒരു മുഖ്യമന്ത്രിയുടെ പ്രസംഗമായതിനാൽ അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ടത്, ആ പ്രസ്താവന വസ്തുതകളുടെ അടിസ്ഥാനത്തിലാണോ എന്ന ചോദ്യമാണ്.
നിർഭാഗ്യവശാൽ, മുഖ്യമന്ത്രിയുടെ വാദം ലഭ്യമായ പഠനങ്ങളുടെയും ഔദ്യോഗിക കണക്കുകളുടെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ല. അതിനുമപ്പുറം, കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും അവരെ സാമ്പത്തിക ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു അപകടകരമായ രാഷ്ട്രീയ സമീപനമാണ് ആ പ്രസംഗം മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിലെ കുടിയേറ്റത്തെയും പ്രവാസി സമ്പദ്‌വ്യവസ്ഥയെയും കുറിച്ച് ഇന്ത്യയിൽ ഏറ്റവും ദീർഘകാലമായി പഠനം നടത്തുന്ന സ്ഥാപനങ്ങളാണ് സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് സ്റ്റഡീസ് (സി.ഡി.എസ്.), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്), ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഐ.ഐ.എം.എ.ഡി.). 1998 മുതൽ തുടർച്ചയായി നടത്തുന്ന കേരള മൈഗ്രേഷൻ സർവേയുടെ (കെ.എം.എസ്.) ഒമ്പതാം പതിപ്പാണ് 2023ലെ പഠനം. ഡോ.എസ്.ഇരുദയ രാജൻ്റെ നേതൃത്വത്തിൽ 20,000 കുടുംബങ്ങളെ ഉൾപ്പെടുത്തി, 14 ജില്ലകളിലെയും 77 താലൂക്കുകളിലെയും 500 പ്രദേശങ്ങളിൽ നടത്തിയ ഈ സർവേ കേരള രൂപവത്കരണത്തിന് ശേഷം നടന്ന ഏറ്റവും വലിയ സാമൂഹ്യ-സാമ്പത്തിക പഠനങ്ങളിലൊന്നാണ്. ഈ പഠനങ്ങൾ പറയുന്ന ചിത്രം മുഖ്യമന്ത്രിയുടെ അവകാശവാദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
2023ൽ കേരളത്തിലേക്ക് വിദേശത്തുനിന്ന് വന്ന ആകെ റെമിറ്റൻസ് 2,16,893 കോടി രൂപയാണ്. ഇത് 2018നെ അപേക്ഷിച്ച് 154.9 ശതമാനം വർധനയാണ്. സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (എൻ.എസ്.ഡി.പി.) 23.2 ശതമാനത്തിന് തുല്യമാണ് ഈ പ്രവാസി വരുമാനം. സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിൻ്റെ 1.7 മടങ്ങാണ് പ്രവാസി പണം. അതായത്, കേരള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളിലൊന്നാണ് റെമിറ്റൻസ്.
ഇതേ പഠനത്തിലാണ് ആദ്യമായി കേരളത്തിൽ നിന്ന് പുറത്തേക്കുള്ള റെമിറ്റൻസും കണക്കാക്കിയത്. ആകെ 43,378 കോടി രൂപയാണ് ഔട്ട്‌വേഡ് റെമിറ്റൻസ് എന്ന് കെ.എം.എസ്. 2023 കണക്കാക്കുന്നു. ഇത് അകത്തേക്ക് വരുന്ന റെമിറ്റൻസിൻ്റെ ഏകദേശം 20 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ “സിംഹഭാഗം പണവും പുറത്തേക്ക് പോകുന്നു” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പഠനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. കേരളത്തിലേക്ക് വരുന്ന ഓരോ 100 രൂപയിലും ഏകദേശം 80 രൂപയും കേരള സമ്പദ്‌വ്യവസ്ഥയിൽ തന്നെ തുടരുന്നു.
ഇവിടെയും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കെ.എം.എസ്. റിപ്പോർട്ടിൽ പറയുന്ന 43,378 കോടി രൂപ എന്ന ഔട്ട്‌വേഡ് റെമിറ്റൻസ് മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് അയച്ച പണമല്ല. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന എല്ലാ തരത്തിലുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെയും ആകെ കണക്കാണ് അത്. അതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾ അയയ്ക്കുന്ന പണം അതിൻ്റെ ഒരു ഭാഗം മാത്രമാണ്. ഗിഫ്റ്റ്, ഐ.ഐ.എം.എ.ഡി. എന്നിവയുടെ മുൻകാല പഠനങ്ങളിൽ അവരുടെ വരുമാനം, സമ്പാദ്യം, ചെലവ് എന്നിവ പരിശോധിക്കുമ്പോൾ കേരളത്തിലേക്ക് വരുന്ന മൊത്തം പ്രവാസി പണത്തിൻ്റെ ഏകദേശം 7 മുതൽ 12 ശതമാനം വരെ, പരമാവധി 15 ശതമാനത്തിനുള്ളിൽ മാത്രമാണ് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ അത് “സിംഹഭാഗം” അല്ല.
കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിൻ്റെ വലിയൊരു വിഹിതം കേരളത്തിൽ തന്നെ ചെലവഴിക്കപ്പെടുന്നു. ബാങ്ക് നിക്ഷേപങ്ങൾ, വീടുകളുടെ നിർമ്മാണം, ഭൂമി വാങ്ങൽ, കെട്ടിട നിർമ്മാണ സാമഗ്രികൾ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വായ്പ തിരിച്ചടവ്, ഉപഭോഗച്ചെലവുകൾ എന്നിവയിലൂടെ ആ പണം വീണ്ടും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ തന്നെ സഞ്ചരിക്കുന്നു. കെ.എം.എസ്. 2023 പ്രകാരം റെമിറ്റൻസിൻ്റെ 15.8 ശതമാനം വീടുകളുടെയും കടകളുടെയും നവീകരണത്തിനും, 14 ശതമാനം ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും, 10 ശതമാനം വിദ്യാഭ്യാസത്തിനുമാണ് ഉപയോഗിച്ചത്. അതിനാൽ സാമ്പത്തികമായി കേരളത്തെ താങ്ങിനിർത്തുന്ന പ്രധാന ഘടകമായ റെമിറ്റൻസിനെക്കുറിച്ച് സംസാരിക്കുമ്പോൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല, പഠനങ്ങളാണ് അടിസ്ഥാനമാക്കേണ്ടത്.
ഈ വിഷയത്തിൻ്റെ മറ്റൊരു അപകടകരമായ വശം മുഖ്യമന്ത്രിയുടെ ഭാഷയാണ്. കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നവരായി ഇതര സംസ്ഥാന തൊഴിലാളികളെ അവതരിപ്പിക്കുന്ന സമീപനം സാമ്പത്തികമായി തെറ്റാണെന്നതിലുപരി സാമൂഹികമായും അപകടകരമാണ്. കേരളത്തിൻ്റെ നിർമ്മാണ മേഖല, ഹോട്ടൽ-റെസ്റ്റോറൻ്റ് മേഖല, കൃഷി, ചരക്കുനീക്കം, സേവന മേഖല തുടങ്ങി നിരവധി മേഖലകൾ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ അധ്വാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. തൊഴിൽക്ഷാമം നേരിടുന്ന കേരളത്തിൽ അവരുടെ സംഭാവനയെ അവഗണിച്ചുകൊണ്ട് അവരെ സാമ്പത്തിക ശത്രുക്കളായി ചിത്രീകരിക്കുന്നത് സമൂഹത്തിൽ അനാവശ്യമായ ഭിന്നത സൃഷ്ടിക്കാനേ ഉപകരിക്കൂ.
കേരളം ഒരിക്കലും വിദ്വേഷ രാഷ്ട്രീയത്തിൻ്റെ മണ്ണായിരുന്നിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിയപ്പോൾ, അവിടെയുള്ള സമൂഹങ്ങൾ അവരെ സ്വീകരിച്ചതുകൊണ്ടാണ് കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ നിലയിലെത്തിയത്. അതേ കേരളം, ഉപജീവനത്തിനായി ഇവിടെ എത്തുന്ന തൊഴിലാളികളെ സംശയത്തോടെയും വിദ്വേഷത്തോടെയും കാണാൻ തുടങ്ങുന്നത് നമ്മുടെ സാമൂഹിക ചരിത്രത്തിന് യോജിച്ചതല്ല.
ഒരു മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്ന നേതൃത്വമാണ്; കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വിലയിരുത്തലുകളാണ്. പഠനങ്ങൾ വ്യക്തമായി പറയുന്ന വസ്തുതകളെ അവഗണിച്ച്, സഹജീവികളെ അപരവത്കരിക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യുന്ന പ്രസ്താവനകൾ കേരളത്തിൻ്റെ മതനിരപേക്ഷവും മാനവികവുമായ പാരമ്പര്യത്തിന് ചേർന്നതല്ല.
രാഷ്ട്രീയ വാദങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ സാമ്പത്തിക വസ്തുതകൾക്ക് ഒരു രാഷ്ട്രീയ നിറവുമില്ല. അവയെ മാറ്റിയെഴുതാൻ കഴിയില്ല. കേരള മൈഗ്രേഷൻ സർവേയും, സി.ഡി.എസും ഗിഫ്റ്റും ഐ.ഐ.എം.എ.ഡിയും നടത്തിയ ദീർഘകാല പഠനങ്ങളും പറയുന്നത് വ്യക്തമാണ് — കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിൻ്റെ സിംഹഭാഗം കേരളത്തിൽ തന്നെയാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ, വസ്തുതകൾക്ക് പകരം വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള പ്രചാരണം പൊതുസമൂഹം തിരിച്ചറിയുകയും തള്ളിക്കളയുകയും വേണം.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























