Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 ചരക്കുകപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചു. ഐ.ആർ.ജി.സി. നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ 2 കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യു.കെ. മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന.
പാനമ പതാകയേന്തിയ എം.എസ്.സി. ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്കുകപ്പലുകളാണ് പിടിച്ചെടുത്തത്. ഇതിൽ എപാമിനോണ്ടാസ് യു.എ.ഇയിലെ ജബൽ അലി തുറമുഖത്ത് നിന്നു ഗുജറാത്തിലെ മുന്ദ്രയിലേക്കാണ് യാത്ര ചെയ്തിരുന്നതെന്നു കപ്പൽ ട്രാക്കിങ് ഡാറ്റയിൽ കാണിക്കുന്നുണ്ട്. 2 കപ്പലുകളും ഇറാനിയൻ തീരത്തേക്ക് മാറ്റിയിരിക്കുകയാണ്. കപ്പലുകളിലെ ചരക്കുകൾ, രേഖകൾ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനായാണിത്.
ഹോർമുസ് കടലിടുക്കിൽ ക്രമവും സുരക്ഷയും തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുത്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഈ 2 കപ്പലുകളും ഹോർമുസ് കടക്കാൻ ശ്രമിച്ചതെന്നും ഐ.ആർ.ജി.സിയുടെ പ്രസ്താവനയിൽ പറയുന്നു. ഈ കപ്പലുകൾ രഹസ്യമായി ഹോർമുസ് കടലിടുക്ക് വിട്ട് പുറത്തേക്ക് പോകാൻ ശ്രമിക്കവെയാണ് ഇറാൻ നാവിക സേനയുടെ യൂണിറ്റുകൾ ഇവയെ കണ്ടെത്തി തടഞ്ഞത്. തന്ത്രപ്രധാനമായ കടലിടുക്കിൽ ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു.
എം.എസ്.സി ഫ്രാൻസിസ്‌ക ഇറാൻ തീരത്ത് നിന്ന് ഏകദേശം 6 നോട്ടിക്കൽ മൈൽ അകലെ, കടലിടുക്കിൽ നിന്ന് പുറപ്പെട്ട് ഒമാൻ ഉൾക്കടലിലേക്ക് തെക്ക് ദിശയിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടതായി ഐ.ആർ.ജി.സി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രകൾക്കുള്ള ഇറാൻ പ്രഖ്യാപിച്ച ചട്ടങ്ങൾ ലംഘിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.




























