ഹോർമുസിൽ ഇറാൻ സ്ഥാപിച്ച ‘സ്മാർട്ട്’ മൈനുകൾ യു.എസിന് തലവേദന; നീക്കാൻ 6 മാസമെങ്കിലും വേണം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള ‘സ്മാർട്ട്’ മൈനുകൾ യു.എസിന് കടുത്ത തലവേദനയാകുന്നു. ഈ മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് 6 മാസമെങ്കിലും വേണ്ടിവരുമെന്ന് യു.എസ്. കോൺഗ്രസിനെ പെൻ്റഗൺ അറിയിച്ചു. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഹോർമുസിൽ കുറഞ്ഞത് 20 മൈനുകളെങ്കിലും ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പെൻ്റഗൺ കണക്കാക്കുന്നത്. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജി.പി.എസ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന ചെറുബോട്ടുകളുടെ സഹായത്തോടെ ഇവയെ സ്ഥാപിക്കാനാകും. റിമോട്ട് ട്രിഗറുകൾ, ജി.പി.എസ്. പൊസിഷനിങ് സംവിധാനം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്ന ഇറാൻ്റെ മൈനുകളെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് യു.എസ്. നാവികസേനയ്ക്ക് ബുദ്ധിമുട്ടേറിയ ജോലിയാണെന്നാണ് വിലയിരുത്തൽ.

യു.എസ്. കോൺഗ്രസിൻ്റെ ഹൗസ് ആംഡ് സർവീസ് കമ്മിറ്റിക്കു (എച്ച്.എ.എസ്‌.സി.) കൈമാറിയ റിപ്പോർട്ടിലാണ് ഡിഫൻസ് ഡിപ്പാർട്‌മെൻ്റ് (ഡി.ഒ.ഡി.) ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാന കാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും റിപ്പോ‌ർട്ടിലുണ്ട്.

അതേസമയം, ഹോർമുസ് ‘ശുദ്ധീകരണ’ത്തിന് 6 മാസം വേണ്ടിവന്നേക്കുമെന്ന വിലയിരുത്തൽ റിപ്പബ്ലിക്കൻ പ്രതിനിധികളിലും ഡെമോക്രാറ്റിക് പ്രതിനിധികളിലും അമർഷത്തിന് വഴിതെളിച്ചു. ഹോർമുസിലൂടെയുള്ള ഗതാഗത തടസ്സം ദീർഘകാലം നീണ്ടുനിൽക്കുന്നത് ആഗോള ഊർജവിപണിയിൽ വലിയതോതിലുള്ള വിലക്കയറ്റത്തിന് വഴിവെക്കുമെന്നതാണ് അവരുടെ അമർഷത്തിന് കാരണം.

Recent Articles

Related Articles

Special