പാകിസ്താനിൽ ഹംസ ബുർഹാൻ്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ലോകം തേടുന്ന ഭീകരർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഇസ്ലാമാബാദ്: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്നറിയപ്പെടുന്ന അൽ ബദർ കമാൻഡർ അർജുമന്ദ് ഗുൽസാർ ദാർ എന്ന ഹംസ ബുർഹാൻ്റെ ശവസംസ്‌കാര ചടങ്ങിൽ കൊടുംഭീകരർ പങ്കെടുത്തതായി റിപ്പോർട്ട്. പാകിസ്താൻ ആഗോള ഭീകരതയുടെ കയറ്റുമതി കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണത്തെ എതിർത്തിരുന്ന പാക് സർക്കാരിൻ്റെ വാദങ്ങളെ തകർക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലോകം തിരയുന്ന കൊടും ഭീകരരുടെ വലിയൊരു സംഗമത്തിനാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വേദിയായത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ഹംസ ബുർഹാൻ്റെ ശവസംസ്‌കാര ചടങ്ങിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ പങ്കെടുത്തതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ത്യയിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷം പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബുർഹാനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കബറടക്ക ചടങ്ങിൽ, അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള കൊടുംഭീകരരുടെ സാന്നിധ്യം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

അൽ ബദർ തലവൻ ഭക്ത് സമീൻ ഖാനും ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭീകരർക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന സുരക്ഷയും സംരക്ഷണവും തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികൾക്ക് അയൽരാജ്യം സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണത്തിന് ഈ ദൃശ്യങ്ങൾ വലിയ തെളിവായി മാറിയിരിക്കുകയാണ്.

ഇസ്ലാമാബാദിൽ നടന്ന ബുർഹാൻ്റെ ശവസംസ്‌കാര ചടങ്ങിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു. സായുധരായ ഭീകരരുടെ വലിയ തോതിലുള്ള വിന്യാസം സ്ഥലത്തുണ്ടായിരുന്നു.

ഇതിൽ ഭക്ത് സമീൻ ഖാന് ചുറ്റുമുള്ള കനത്ത സുരക്ഷാ സന്നാഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എകെ-47 അടക്കമുള്ള ആധുനിക ആയുധങ്ങളേന്തിയ ഭീകരർ ഇയാൾക്ക് ചുറ്റും സുരക്ഷാവലയം തീർത്തിരുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും അടുത്ത കാലത്തായി നടന്ന ഭീകരരുടെ കൊലപാതകങ്ങളെത്തുടർന്ന് ഇയാളുടെ സുരക്ഷ വർധിപ്പിച്ചതായാണ് കരുതപ്പെടുന്നത്.

പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ കുറച്ചുകാലമായി ഹംസ ഒളിവിൽ കഴിയുകയായിരുന്നു. ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പ്രാദേശിക പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ കോളേജ് പരിസരത്തുനിന്ന് പുറത്തേക്ക് വരുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

തലയിൽ 3 വെടിയുണ്ടകളേറ്റ ബുർഹാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിച്ചതായി പാകിസ്താൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽനിന്ന് ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് ഭീകര സംഘടനകൾക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്. പാകിസ്താൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് ഭരണകൂടം നൽകുന്ന പിന്തുണയുടെ പേരിൽ പാകിസ്താൻ പലപ്പോഴും അന്താരാഷ്ട്ര തലത്തിൽ വിമർശം ഏറ്റുവാങ്ങിയിട്ടുണ്ട്.

Recent Articles

Related Articles

Special