Follow the FOURTH PILLAR LIVE channel on WhatsApp
ബെയ്ജിങ്: തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയ്ക്ക് ചൈനയുടെ ഭീഷണി. വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഷി മുന്നറിയിപ്പ് നൽകിയത്.
തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയതായി ചൈനീസ് സർക്കാർ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി നിലപാട് കടുപ്പിച്ചത്. തായ്‌വാൻ കടലിടുക്കിലെ സമാധാനവും സ്ഥിരതയും ചൈന-യു.എസ്. ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നു ഷി പറഞ്ഞതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
“തായ്‌വാൻ പ്രശ്നമാണ് ചൈന-യു.എസ്. ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇത് നന്നായി കൈകാര്യം ചെയ്താൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ തുടരാൻ സാധ്യതയുണ്ട്. ഇത് തെറ്റായി കൈകാര്യം ചെയ്താൽ, രണ്ട് രാജ്യങ്ങളും സംഘർഷത്തിലേക്ക് വരാം. ഇത് ചൈന-യു.എസ്. ബന്ധത്തെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിടും – ഷി വ്യക്തമാക്കി.
7 പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തർക്കമാണ് ചൈനയ്ക്കും തായ്‌വാനുമിടയിലുള്ളത്. തായ്‌വാൻ തങ്ങളുടെ പ്രദേശത്തിൻ്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ തായ്‌വാൻ ദ്വീപിനെ ചൈന ഭരിച്ചിട്ടില്ല. എങ്കിലും ഒരു വിമത പ്രവിശ്യയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തായ്‌വാനെ ചൈനയുമായി ചേർക്കാനാണ് ശ്രമങ്ങൾ. സമാധാനപരമായ മാർഗങ്ങളോ ആവശ്യമെങ്കിൽ ബലപ്രയോഗം തന്നെയോ നടത്തുമെന്നാണ് ചൈനയുടെ പക്ഷം.
എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും രണ്ടരക്കോടിയോളം ജനസംഖ്യയുമുള്ള തായ്‌വാൻ ചൈനീസ് അധീനത ഒരിക്കലും അംഗീകരിക്കുന്നില്ല. മേഖലയിലെ ചൈനീസ് അധിനിവേശത്തേയും ഇടപെടലുകളേയും തായ്‌വാൻ നിരന്തരം വിമർശിക്കുകയും അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. തായ്‌വാൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാനായി അമേരിക്ക ആയുധങ്ങൾ കൈമാറുന്നത് നേരത്തേ തന്നെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഷി ഭീഷണിയുടെ സ്വരത്തിൽ ട്രംപിനോടു സംസാരിച്ചത്.






























