തമിഴ്നാട്ടിൽ കലാലയരാഷ്ട്രീയം തിരികെവരുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: നിധിൻ രാജിൻ്റെ മരണത്തെത്തുടർന്ന് കേരളത്തിൽ കലാലയ രാഷ്ട്രീയത്തിൻ്റെ പ്രസക്തി ചർച്ചാവിഷയമായിരിക്കെ തമിഴ്നാട്ടിൽ കലാലയരാഷ്ട്രീയം തിരിച്ചുവരാനുള്ള സാഹചര്യമൊരുങ്ങുന്നു. കർണാടകയ്ക്കുപിന്നാലെ കലാലയ രാഷ്ട്രീയം തിരികെക്കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാടും. സമൂഹത്തിൻ്റെ വിവിധ തുറകളിൽനിന്ന് ഇതിനുള്ള ആവശ്യമുയരുന്ന സാഹചര്യത്തിൽ വൈകാതെ തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിക്കാനാണ് സാധ്യത.

വിദ്യാർഥിസംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ 2015ലാണ് തമിഴ്‌നാട്ടിൽ കലാലയരാഷ്ട്രീയം നിരോധിച്ചത്. അതിനുമുമ്പുതന്നെ തെക്കൻ, പടിഞ്ഞാറൻ തമിഴ്നാട്ടിൽ വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പുകളിൽ ജാതിസംഘർഷങ്ങളും പതിവായിരുന്നു. കർണാടകയിൽ നാലു പതിറ്റാണ്ടിനുശേഷമാണ് കലാലയരാഷ്ട്രീയം തിരികെവരുന്നത്.

തമിഴ്‌നാട്ടിലെ കാമ്പസുകളിൽ നിലവിൽ രാഷ്ട്രീയമുണ്ടെങ്കിലും പ്രതിഷേധങ്ങളിലും ധർണകളിലും മാത്രം ഒതുങ്ങിനിൽക്കുന്നു. സർക്കാർ കോളേജുകളോ സർവകലാശാലയോപോലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്തുന്നില്ല. 170ലധികം സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും 161 സർക്കാർ എയ്ഡഡ് കോളേജുകളും എല്ലാ ജില്ലകളിലും ഒരു സർക്കാർ മെഡിക്കൽ കോളേജും 11 സർക്കാർ എൻജിനിയറിങ് കോളേജുകളും 22 സംസ്ഥാന സർവകലാശാലകളും എട്ട് സ്വകാര്യ സർവകലാശാലകളും തമിഴ്‌നാട്ടിലുണ്ട്. എന്നാൽ, ഇവിടെയെല്ലാം നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളില്ല.

വിദ്യാർഥികളും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയനിരീക്ഷകരും കർണാടകയെപ്പോലെ കലാലയ രാഷ്ട്രീയം തിരികെക്കൊണ്ടുവരാൻ സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യമുന്നയിക്കുകയാണിപ്പോൾ. വിദ്യാർഥികളിൽ രാഷ്ട്രീയാവബോധം വളർത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസത്ത മനസ്സിലാക്കി ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും ഭാവിയിൽ രാഷ്ട്രീയബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കാനും കലാലയരാഷ്ട്രീയം അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കലാലയരാഷ്ട്രീയം തിരികെക്കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രു ശുപാർശ ചെയ്തിരുന്നു.

Recent Articles

Related Articles

Special