ട്രംപിൻ്റെ വിരുന്നിൽ വെടിവെച്ചയാളുടെ ചിത്രവും കീഴ്‌പ്പെടുത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്ത്; പുറത്തുവിട്ടത് ട്രംപ് തന്നെ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയത് കാലിഫോർണിയക്കാരനായ കോൾ തോമസ് അലൻ (31) ആണെന്നു തിരിച്ചറിഞ്ഞു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നിരവധി മുതിർന്ന യു.എസ്. നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാൾ ഓടിക്കയറിയത്. അലൻ്റെ ചിത്രവും ഇയാളെ യു.എസ്. സീക്രട്ട് സർവീസ് കീഴടക്കുന്നതിൻ്റെ ദൃശ്യങ്ങളും ട്രംപ് പുറത്തുവിട്ടു.

രോഗിയായ ഒരാളെന്ന് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചു. വാഷിങ്ടൺ ഹിൽട്ടണിൽ നടന്നുക്കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. ട്രംപിനെയും മറ്റു ഉന്നതരേയും ഉടൻ തന്നെ സുരക്ഷിതമായി മാറ്റി.

സംഭവത്തിന് മുമ്പ് ഭീഷണിയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അറിയിച്ചു. അതേസമയം തനിക്ക് സുരക്ഷയെ കുറിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ മികച്ച ജോലി ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ദൃശ്യത്തിൽ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അതിവേഗം കീഴടക്കുന്നത് കാണാം. ചടങ്ങ് നടക്കുന്ന മുറിയുടെ 50 വാര അകലത്തിൽവെച്ചാണ് ഇയാളെ പിടികൂടിയതെന്നും ട്രംപ് അറിയിച്ചു. സംഭവത്തിൽ വളരെ അടുത്തുനിന്ന് ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിൻ്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.

വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിങ്ക്ഡ് ഇൻ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മെക്കാനിക്കൽ എൻജിനീയർ, കംപ്യൂട്ടർ സയൻ്റിസ്റ്റ്, ഗെയിം ഡെവലപ്പർ, പാർട്‌ടൈം അധ്യാപകൻ എന്നൊക്കെയാണ് അലൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ഇയാൾ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. പിന്നീട് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.

കാൽടെക്കിൽ അധ്യാപകനായും മറ്റൊരു സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ പറയുന്നു. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെല്ലോഷിപ്പിലും 2014ൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ബോർഡം, ഫസ്റ്റ് ലോ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. 2014ൽ കമലാ ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇയാൾ സംഭാവന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കോൾ അലനെതിരെ തോക്ക് ഉപയോഗിച്ച് ആക്രമണമുണ്ടാക്കിയതിനും പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസെടുക്കമെന്ന് കൊളംബിയയിലെ യുഎസ് അറ്റോർണി ജീനെൻ പിറോ പറഞ്ഞു. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special