തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിന് തിരിച്ചടി, അപ്പീൽ സുപ്രീം കോടതിയും തള്ളി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷ തടയണം എന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആൻ്റണി രാജു നൽകിയ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിൻ്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജനുവരിയിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ഈ വിധി റദ്ദാക്കാനായിരുന്നു അപ്പീൽ. ശിക്ഷ വന്നതിനു പിന്നാലെ രണ്ടാം പ്രതിയായ ആൻ്റണി രാജുവിനെ എം.എൽ.എ. സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. 6 വർഷത്തേക്കു മത്സരിക്കാനാകില്ല. വഞ്ചിയൂർ കോടതിയിലെ തൊണ്ടി ക്ലാർക്ക് ആയിരുന്ന കെ.എസ്.ജോസാണ് ഒന്നാം പ്രതി. ജോസിനും 3 വർഷം ശിക്ഷ ലഭിച്ചിരുന്നു.

1990 ഏപ്രിൽ 4നു തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സൽവഡോർ സർവലിയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിൻ്റെ തുടക്കം. കേസിലെ തൊണ്ടിമുതലുകൾ വ‍ഞ്ചിയൂർ കോടതിയിലാണു സൂക്ഷിച്ചിരുന്നത്. കോടതി ആൻഡ്രുവിനെ 10 വർഷത്തെ തടവിനു ശിക്ഷിച്ചു. അഭിഭാഷകനായ ആൻ്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയെ രക്ഷപ്പെടുത്തിയെന്നാണു കേസ്.

വിശ്വാസ വഞ്ചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കുള്ള വകുപ്പുകളിൽ ഒന്നാം പ്രതി ജോസിന് ആകെ ഒൻപതര വർഷം തടവും 15,000 രൂപ പിഴയും ആൻ്റണി രാജുവിന് ആകെ എട്ടര വർഷം തടവും 10,000 രൂപ പിഴയുമാണു നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് റൂബി ഇസ്മായിൽ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

Recent Articles

Related Articles

Special