Follow the FOURTH PILLAR LIVE channel on WhatsApp
കൊൽക്കത്ത: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകർന്ന് എസ്.എഫ്.ഐയുടെ തകർപ്പൻ പ്രകടനം. ജാദവ്പുർ സർവകലാശാലയിലെ ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മറ്റെല്ലാ വിദ്യാർഥി സംഘടനകളെയും അപ്രസക്തരാക്കിക്കൊണ്ട് എസ്.എഫ്.ഐ. തകർപ്പൻ വിജയം നേടി.
എൻജിനീയറിങ്, ആർട്സ്, സയൻസ് എന്നീ 3 വിഭാഗങ്ങളിലുമുള്ള എല്ലാ സീറ്റുകളും എസ്.എഫ്.ഐ. സ്ഥാനാർത്ഥികൾ സ്വന്തമാക്കി. തൃണമൂൽ കോൺഗ്രസിൻ്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി. സ്ഥാനാർഥികൾ നോട്ടയേക്കാൾ പിന്നിലേക്ക് തള്ളപ്പെടുകയും ചെയ്തു.
ഏപ്രിൽ 21, 24 തീയതികളിൽ നടന്ന വോട്ടെടുപ്പിന് ശേഷം തിങ്കളാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. ഐ.സി.സി.യിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രവർത്തനക്ഷമതയില്ലായ്മയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിജയം. അതിശക്തമായ പ്രചാരണപ്രവർത്തനങ്ങളാണ് വോട്ടെടുപ്പിനു മുന്നോടിയായി എല്ലാ കക്ഷികളും നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വീറും വാശിയും കാമ്പസിലേക്കും കടന്നുവന്നിരുന്നു.


























