ട്രംപിൻ്റെ വാദങ്ങൾക്ക് തിരിച്ചടിയായി യു.എസ്. ഔദ്യോഗിക റിപ്പോർട്ട്: ഇറാൻ യുദ്ധം ഇസ്രായേലിൻ്റെ ആവശ്യപ്രകാരം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിൻ്റെ അഭ്യർഥന പ്രകാരമാണെന്ന് പരസ്യമായി സമ്മതിച്ച് അമേരിക്ക. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തലുള്ളത്.

സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഈ വെളിപ്പെടുത്തൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനകൾക്ക് വിപരീതമാണ്. ഇറാനെതിരായ യുദ്ധത്തിന് തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും ഇസ്രയേലിന് ഇതിൽ പങ്കില്ലെന്നുമാണ് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നത്.

ഇസ്രയേലിൻ്റെ സുരക്ഷയ്ക്കും അമേരിക്കയുടെ സ്വയം പ്രതിരോധത്തിനുമായാണ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി.റൂബിൻസ്റ്റീൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.എൻ. രക്ഷാസമിതിക്ക് യു.എസ്. കത്തുകൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫെബ്രുവരി 11ന് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരെ സൈനിക നീക്കം ശക്തമാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനെതിരെയുള്ള നെതന്യാഹുവിൻ്റെ നിരന്തരമായ സമ്മർദം അമേരിക്കയുടെ തീരുമാനത്തെ സ്വാധീനിച്ചതായി ‘ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ട് ചെയ്തിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഒരു ‘സംയുക്ത’ തീരുമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

COMMENT

Recent Articles

Related Articles

Special