വകമാറ്റിയ വയനാട് ഫണ്ട്: കാര്യം മനസ്സിലാകാത്തതോ മനഃപൂർവം കള്ളം പറഞ്ഞതോ?

Follow the FOURTH PILLAR LIVE channel on WhatsApp 

വയനാട് ദുരന്തബാധിതർക്കു കോൺഗ്രസ് വെച്ചുകൊടുക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ട് 100 ദിവസം കഴിഞ്ഞു. ഇപ്പോൾ ആ കല്ലുതന്നെ കാണാനില്ലെന്ന വാർത്ത വരുന്നു. ആകെ ജഗപൊഗ. ഇതിനൊരു കൗണ്ടർ കോൺഗ്രസിൻ്റെയും സർക്കാരിൻ്റെയും ഭാഗത്തു നിന്നുണ്ടാവും എന്നതുറപ്പായിരുന്നു. അതിന് സ്വാഭാവികമായും അവർക്കു കൂട്ട് മാധ്യമങ്ങൾ തന്നെയാണ്.
മാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നു: വയനാട് ദുരന്തനിവാരണ ഫണ്ട് വകമാറ്റി. ഫണ്ട് ഉപയോഗിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് 6 ലാപ്‌ടോപ്പുകളും 1 ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി. മുന്‍കരുതല്‍ ശേഷി വികസന ഫണ്ടില്‍ നിന്നാണ് വകമാറ്റല്‍.
സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് എന്നു പറയുന്നത് ശരിയല്ല. വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വയനാട് ദിസാസ്റ്റർ മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫീസ് ഉപയോഗത്തിനായാണ്. ഇത് അഴിമതിയോ വകമാറ്റലോ അല്ല. കാരണം വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് 6 ലാപ്ടോപ്പുകളും 1 ഫോട്ടോകോപ്പി മെഷിനും വാങ്ങാൻ സർക്കാർ അനുമതി നല്കിയത്.
ഫോട്ടോകോപ്പി മെഷീൻ Kyocera TASKalfa MZ32C മോഡൽ ആണ്. ഇത് ഒരു Laser Monochrome (Black & White) മെഷീൻ ആണ്. A4, A3, Legal സൈസ് പേപ്പറുകളിൽ പ്രിൻ്റ്/കോപ്പി എടുക്കാൻ കഴിയും. ഈ മെഷീൻ്റെ വില 1,50,000 രൂപ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ തുക 4,32,000 രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ തുക വയനാട് ബാങ്ക് അക്കൗണ്ടിലേക്ക് (Project Implementation Unit, Wayanad Township) നൽകാനും ഉത്തരവിൽ പറയുന്നു. വാങ്ങൽ GeM (Government e-Marketplace) പോർട്ടൽ വഴി നടത്തണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഇത് വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായി ഓഫീസ് ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകളും ഒരു ഫോട്ടോകോപ്പി മെഷീനും വാങ്ങാൻ ₹4.32 ലക്ഷം അനുവദിച്ച സർക്കാർ ഉത്തരവാണ്.
വയനാട് ദുരന്തനിവാരണ ഫണ്ട് ‘വകമാറ്റിയത്’ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തന്നെയാണ്. അപ്പോൾ ഇതു സംബന്ധിച്ചു വന്ന വാർത്തകൾ പൊള്ളയാണെന്നു വ്യക്തമാവുന്നു. ഇംഗ്ലീഷിലുള്ള സർക്കാ‌ർ ഉത്തരവ് വാർത്ത തയ്യാറാക്കിയ ലേഖകന് മനസ്സിലാവാത്തതാണോ അതോ എല്ലാമറിഞ്ഞിട്ടും മനഃപൂർവ്വം കള്ളം പറഞ്ഞതാണോ എന്നേ ഇനി അറിയാനുള്ളൂ.

Recent Articles

Related Articles

Special