വെടിയുണ്ടകൾക്ക് താടിയെല്ല് തകർക്കാനായി, മനോധൈര്യം തൊടാനായില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

ലാൻസ് നായിക് മീനാക്ഷി സുന്ദരത്തിന് കീർത്തിചക്ര. സമാധാനകാലത്ത് നൽകുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ധീരതാ പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് ഈ ബഹുമതി സമ്മാനിച്ചു.

2024 ഡിസംബർ 19ന് ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടന്ന അത്യന്തം അപകടകരമായ ഒരു ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ലാൻസ് നായിക് മീനാക്ഷി സുന്ദരം അസാധാരണമായ ധീരത പ്രകടിപ്പിച്ചത്. ആർട്ടിലറി റെജിമെൻ്റിലെ അംഗമായിരുന്ന അദ്ദേഹം അന്ന് 34 രാഷ്ട്രീയ റൈഫിൾസിനൊപ്പമാണ് സേവനമനുഷ്ഠിച്ചിരുന്നത്.

ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിൻ്റെ മുഖത്തും വലത് തോളിലും വെടിയേറ്റു. വെടിയുണ്ടകൾ താടിയെല്ലുകൾ തകർത്തു. കടുത്ത വേദനയും അമിത രക്തസ്രാവവും മരണഭീഷണിയും മുന്നിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്മാറിയില്ല.

സ്വന്തം ജീവനെക്കാൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിശ്വസിച്ച ആ ജവാൻ, ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും പോരാട്ടം തുടർന്നു. അസാമാന്യമായ ധൈര്യത്തോടെ ഭീകരരെ നേരിട്ട അദ്ദേഹം വളരെ അടുത്ത ദൂരത്തുനിന്ന് ഒരു കൊടുംഭീകരനെ വധിക്കുകയും ഓപ്പറേഷൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

ലാൻസ് നായിക് മീനാക്ഷി സുന്ദരം

സുന്ദരത്തിൻ്റെ അചഞ്ചലമായ മനോവീര്യമാണ് സഹപ്രവർത്തകർക്കും കരുത്തും ആത്മവിശ്വാസവും നൽകിയത്. മാതൃരാജ്യത്തോടുള്ള ഈ സമർപ്പണത്തിനും അസാധാരണമായ വീരത്വത്തിനുമുള്ള അംഗീകാരമായി സർക്കാർ അദ്ദേഹത്തെ കീർത്തി ചക്ര നൽകി ആദരിച്ചു.

യഥാർത്ഥ ധൈര്യം ഭയമില്ലായ്മയല്ല, ഭയത്തെയും വേദനയെയും മരണഭീഷണിയെയും മറികടന്ന് കടമ നിർവഹിക്കാനുള്ള മനക്കരുത്താണെന്ന് സുന്ദരം തൻ്റെ ജീവിതംകൊണ്ട് തെളിയിച്ചു. മുഖം തകർന്നിട്ടും പോരാട്ടം അവസാനിപ്പിക്കാതെ നിലയുറപ്പിച്ച അദ്ദേഹത്തിൻ്റെ കഥ ഇന്ത്യൻ സൈന്യത്തിൻ്റെ അർപ്പണബോധത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഉജ്ജ്വല ഉദാഹരണമാണ്.

Recent Articles

Related Articles

Special