Follow the FOURTH PILLAR LIVE channel on WhatsApp
പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും. ഇലവൻ ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിക്കുന്ന ചിത്രം ഷഹദ് ആണ് സംവിധാനം ചെയ്യുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം റിയലിസ്റ്റിക് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. കഥയുടെ കെട്ടുറപ്പിലും അവതരണത്തിലെ മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പാർവതിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പി.എസ്.സുബ്രഹ്മണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതം പകരുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം റോബി രാജാണ്. എഡിറ്റിംഗ് ചമൻ ചാക്കോ നിർവഹിക്കുന്നു. മഹേഷ് മോഹൻ കലാസംവിധാനവും അമൽ മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. സ്റ്റിൽസ് റിജാഷ് മുഹമ്മദാണ്. ലൈൻ പ്രൊഡ്യൂസർ ദീപക്, പ്രൊഡക്ഷൻ മാനേജർ എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫഹദ് അപ്പു, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.






























