ദുൽഖർ സൽമാൻ്റെ ‘ലക്കി ഭാസ്കർ’ കാർ കസ്റ്റംസ് പിടിച്ചെടുത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുമ്ഖോറി’ൻ്റെ ഭാഗമായി നടൻ ദുൽഖ‍ർ സൽമാൻ്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പ്രിവൻ്റീവ് പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറാണ് പിടിച്ചെടുത്തത്. എൽദോ പോൾ എന്നയാളുടെ കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് എന്ന ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കാറുകൾ കടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ എം.എസ്. റോഡ്‌വേ കാർസിൻ്റെ പങ്കാളിയായ സൈൻ മാർവയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാൾവഴി കേരളത്തിലേക്കെത്തിച്ച 7 എസ്.യു.വി. വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടിയ ആഡംബര വാഹനങ്ങളുടെ എണ്ണം 57 ആയി.

ഭൂട്ടാനിൽനിന്ന് ആഡംബര കാറുകളുൾപ്പെടെ ഇന്ത്യയിലേക്ക് കടത്തി, വ്യാജമായി രജിസ്റ്റർ ചെയ്ത് വിൽക്കുന്ന മാഫിയക്ക് പിന്നാലെ ഒന്നരവർഷമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ അന്വേഷണം നടക്കുന്നുണ്ട്. തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പക്കൽനിന്ന് കസ്റ്റംസ് കാറുകൾ പിടിച്ചെടുത്തു. ദുൽഖറിൻ്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളാണ് നേരത്തേ പിടിച്ചെടുത്തത്.

എന്നാൽ താൻ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ നിയമപരമായാണ് കാറുകൾ വാങ്ങിച്ചിരിക്കുന്നതെന്ന് കാട്ടി ദുൽഖർ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ കാറുകൾ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ കാറുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോൾ കാറുകൾ ഹാജരാക്കണമെന്നുമായിരുന്നു കോടതി നിർദേശം. അതിനിടെയാണ് ‘ഭൂട്ടാൻ/നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത വാഹനമാണെന്ന ന്യായമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ’ മറ്റൊരു കാർ കൂടി പിടിച്ചെടുത്തിരിക്കുന്നത്.

ഓപ്പറേഷൻ നുമ്ഖോർ ആരംഭിച്ചതിനു ശേഷം അസം പൊലീസ് ബോങ്യാഗാവോൺ ഡി.ടി.ഒ., ബോങ്യാഗാവോൺ ജോയിൻ്റ് ടിഡിടിഒ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇവിടെ വ്യാജ രേഖകൾ ഉപയോഗിച്ച് 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരുന്നു. മിക്ക വാഹനങ്ങളുടേയും ആദ്യ രജിസ്ട്രേഷനായി കാണിച്ചത് ലക്ഷദ്വീപാണ്. 7 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഓപ്പറേഷൻ നുമ്ഖോറിൻ്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഉദ്യോഗസ്ഥർ അസമിലെ ബൊങ്യാഗാവോൺ ഡി.ടി.ഒ. ദീപക് പൊഠാവാരിയെയും മറ്റ് 4 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

ഈ കള്ളക്കടത്ത് സംഘത്തിന്റെ സൂത്രധാരനായ ബിശ്വജിത് ദാസ് ഭൂട്ടാനിൽനിന്ന് നിരവധി എസ്.യു.വി. വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങൾ ഡൽഹി സ്വദേശിയായ ഒരാൾ വഴി കോഴിക്കോട്ടെ റോഡ്‌വേ കാർസ് എന്ന സ്ഥാപനത്തിന് വിറ്റതായും കണ്ടെത്തി. റോഡ്‌വേ കാർസിന്റെ പങ്കാളിയായ സെയ്ൻ മർവയ്ക്ക് കള്ളക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇയാൾ കേരളത്തിൽ ഇത്തരം വാഹനങ്ങൾ വിതരണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.

ഇതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 7 വാഹനങ്ങൾ പിടിച്ചെടുത്തത്. 1.5 കോടി രൂപയിലധികം വിലവരുന്ന ഈ വാഹനങ്ങളെല്ലാം ഒരേ ബ്രാൻഡിലുള്ളതാണെന്നാണ് സൂചന. പിടിച്ചെടുത്തതിനുപുറമേ കൂടുതൽ എസ്.യു.വികൾ കേരളത്തിൽ ആർക്കൊക്കെയാണ് വിറ്റിട്ടുള്ളതെന്ന് സെയിൻ മർവ കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ഇയാളുടെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കാനിടയില്ല.

ഇതിന് സമാന്തരമായിനടന്ന മറ്റൊരു അന്വേഷണത്തിലാണ് ലക്കി ഭാസ്‌കർ സിനിമയിലെ പട്രോൾ വാഹനം പിടികൂടുന്നത്. ഈ വാഹനം ഭൂട്ടാൻ അതിർത്തി വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന ശക്തമായ സംശയത്തെ തുടർന്നാണ് നടപടി. സിനിമയിൽ ഈ വാഹനം ദുൽഖർ സൽമാൻ വാങ്ങുന്നതായാണ് കാണിക്കുന്നത്.

 

Recent Articles

Related Articles

Special