Follow the FOURTH PILLAR LIVE channel on WhatsApp
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് നടൻ ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനിൻ്റെ മകനാണ് ബബിൽ ഖാൻ. അനിൽകുമാർ ശിവദാസാണ് ഈ ചിത്രം നിർമിക്കുന്നത്.
1990കളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയ അതിഥി തൊഴിലാളികൾ പിന്നീട് വലിയ രീതിയിൽ കേരളത്തിലെത്തി. ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണായക ഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അതിഥി തൊഴിലാളികളായ 4 സുഹൃത്തുക്കൾക്കിടയിലെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എൻ്റെർടെയ്നറായി അവതരിപ്പിക്കുകയാണ് ഈ ചിത്രം.
അപർണ്ണാ ബാലമുരളിയും അത്മീയയുമാണ് നായികാനിരയിലുള്ളത്. ദീപക് പറമ്പോൽ, ജഗദീഷ്, സുധീർ കരമന, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം -നന്ദഗോപൻ വി., ഛായാഗ്രഹണം -ഫാസിൽ നാസർ, എഡിറ്റിങ് -സൂരജ് ഇ.എസ്., കലാസംവിധാനം -വിനോദ് പട്ടണക്കാടൻ , മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സക്കീർ ഹുസൈൻ, ഡിസൈൻ -തോട്ട് സ്റ്റേഷൻ, പ്രൊജക്ട് ഡിസൈൻ -ഷംനാസ് എം.അഷ്റഫ്, പ്രൊഡക്‌ഷൻ കൺട്രോളർ -ജോൺ കുടിയാൻമല, പി.ആർ.ഒ. -വാഴൂർ ജോസ്.
മെയ് 19ന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ തുടർചിത്രീകരണം കേരളത്തിൽ നടക്കും. പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം.





























