Follow the FOURTH PILLAR LIVE channel on WhatsApp
വിവരങ്ങൾ പരതാൻ ലോകം ആശ്രയിക്കുന്ന ഗുഗിൾ സേവനങ്ങൾ വ്യാപകമായി തടസ്സ്സപ്പെട്ടു. മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും ഗൂഗിൾ ആക്സസ് ചെയ്യുന്നതിൽ നിരവധി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടു. സെർച്ച് റിസൾട്ടുകൾ ലോഡ് ആകാത്തതും പേജുകൾ റിഫ്രഷ് ചെയ്യാൻ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ. ആഗോളതലത്തിൽ തന്നെ ഗൂഗിളിൻ്റെ പ്രവർത്തനത്തിൽ മന്ദത അനുഭവപ്പെട്ടതായാണ് വിവരം.
ഗൂഗിൾ സെർച്ചിനെയാണ് ഈ സാങ്കേതിക തടസ്സ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. പലർക്കും ‘ഇൻ്റേണൽ സർവർ എറർ’ എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്. വിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിക്കുന്ന വിദ്യാർഥികളെയും പ്രഫഷണലുകളെയും ഈ തടസ്സ്സം സാരമായി ബാധിച്ചു.
സെർച്ചിന് പുറമെ ഗൂഗിളിൻ്റെ മറ്റ് ചില അനുബന്ധ സേവനങ്ങളിലും ചെറിയ രീതിയിലുള്ള തടസ്സം നേരിട്ടതായി ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിലെ തകരാറുകൾ നിരീക്ഷിക്കുന്ന ‘ഡൗൺ ഡിറ്റക്ടർ’ പോലുള്ള വെബ്സൈറ്റുകളിൽ ഗൂഗിളിനെതിരെ പരാതികളുടെ പ്രവാഹമാണ്. പെട്ടെന്നുണ്ടായ ഈ തടസ്സത്തിൻ്റെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറിനെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






























