മാപ്പെഴുതി ‘വീര’നായ കഥ

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിലെ കുട്ടികൾക്ക് സ്വാതന്ത്ര്യസമരചരിത്രം പഠിപ്പിക്കാൻ ഒരു ക്വിസ് വന്നു. ചോദ്യം ഏതാണ്ട് ഇങ്ങനെ: ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്? ഉത്തരവും തയ്യാറായിരുന്നു — വി.ഡി.സവർക്കർ.

കാസറഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എൽ.പി. വിദ്യാർഥികൾക്കായി ഓഗസ്റ്റ് 6ന് നടത്തിയ ക്വിസിലാണ് ചോദ്യം വന്നത്. ശക്തമായ പ്രതിഷേധമുയർന്നപ്പോൾ വിദ്യാഭ്യാസവകുപ്പ് ഇത് ഔദ്യോഗികമായി അംഗീകരിച്ച ക്വിസല്ലെന്നും ചോദ്യം ചരിത്രപരമായി തെറ്റാണെന്നും വ്യക്തമാക്കി അന്വേഷണം പ്രഖ്യാപിച്ചു. വിവാദം കനത്തതോടെ ബന്ധപ്പെട്ട അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ക്വിസ് തയ്യാറാക്കിയവർക്ക് ഒരു ചോദ്യംകൂടി ചേർക്കാമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന് 10 ദയാഹർജികൾ നൽകിയതായി സ്വന്തം ബന്ധു കോടതിയിൽ സമ്മതിച്ച നേതാവ് ആര്? ഉത്തരം അതേ വി.ഡി.സവർക്കർ.

അപ്പോൾ പ്രശ്നം ക്വിസിലല്ല. ഏതു ഭാഗം ചരിത്രമാക്കണം, ഏതു ഭാഗം കുട്ടികളിൽനിന്ന് മറച്ചുവെയ്ക്കണം എന്ന തിരഞ്ഞെടുപ്പിലാണ്.

10 ഹർജികളുണ്ടെന്ന് പറഞ്ഞത് എതിരാളികളല്ല

സവർക്കറുടെ ദയാഹർജികളുടെ എണ്ണത്തെക്കുറിച്ച് വർഷങ്ങളായി തർക്കമുണ്ടായിരുന്നു. 5, 6, 7 എന്നിങ്ങനെ പല കണക്കുകളും പ്രചരിച്ചു. 2026 ജൂണിൽ രസകരമായൊരു വഴിത്തിരിവുണ്ടായി.

രാഹുൽ ഗാന്ധിജിക്കെതിരായ അപകീർത്തിക്കേസിൽ പൂണെ കോടതിയിൽ സാക്ഷിപറയുന്നതിനിടെ സവർക്കറുടെ പ്രപൗത്രൻ സാത്യകി സവർക്കർ പറഞ്ഞത് വി.ഡി.സവർക്കർ ബ്രിട്ടീഷ് സർക്കാരിന് 10 ദയാഹർജികൾ അഥവാ മാപ്പപേക്ഷകൾ നൽകിയിട്ടുണ്ടെന്നാണ്. തടവുകാർക്ക് ഇത്തരം അപേക്ഷ നൽകേണ്ട നിർബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മൊഴിയിൽ വന്നു. അതേസമയം അവ കീഴടങ്ങലായിരുന്നുവെന്ന വ്യാഖ്യാനം സാത്യകി നിഷേധിക്കുകയും സവർക്കറുടെ മോചനം ഹർജികൾ കൊണ്ടു മാത്രമായിരുന്നില്ലെന്ന് വാദിക്കുകയും ചെയ്തു.

അതുകൊണ്ട് “10 ഹർജി” ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ ലഘുലേഖയിലെ കണക്കല്ല. സവർക്കറുടെ കുടുംബത്തിൽനിന്നുതന്നെ കോടതിയിലെത്തിയ കണക്കാണ്. ഇനിയൊരു ക്വിസ് തയ്യാറാക്കുമ്പോൾ അത് കൂടി ഓർക്കുന്നത് നന്നായിരിക്കും.

“ഏറ്റവും കൂടുതൽ ദയാഹർജി എഴുതിയ സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യം എഴുതണമെന്നില്ല. കാരണം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ തടവുകാരുടെയും ഹർജികൾ എണ്ണി ഒരു ഔദ്യോഗിക റാങ്കിങ് തയ്യാറാക്കിയിട്ടില്ല. അതുകൊണ്ട് “ഏറ്റവും കൂടുതൽ” എന്ന അവകാശവാദം ചരിത്രപരമായി തെളിയിച്ച കണക്കല്ല. പക്ഷേ 10 ഹർജിയെന്നത് ഇപ്പോൾ നിഷേധിക്കാൻ അത്ര എളുപ്പവുമല്ല.

ദയാഹർജിയിൽ ഒരു ചെറിയ ‘വീർ’ പ്രശ്നം

സവർക്കർ അനുയായികൾക്ക് ഈ ഹർജികളെക്കുറിച്ച് ഒരു വിശദീകരണമുണ്ട്. ബ്രിട്ടീഷുകാരെ തന്ത്രപരമായി കബളിപ്പിച്ച് പുറത്തുവരാൻ ശ്രമിച്ചതാണെന്നും മറ്റുപല രാഷ്ട്രീയ തടവുകാരും അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. സവർക്കറുടെ ബന്ധുവും പൂണെ കോടതിയിൽ ഹർജികളുടെ ഭാഷ വിധേയത്വപരമായിരുന്നില്ലെന്നാണ് വാദിച്ചത്. ബ്രിട്ടീഷുകാർ അദ്ദേഹത്തെ മോചിപ്പിച്ചാൽ വീണ്ടും വിപ്ലവപ്രവർത്തനത്തിലേക്ക് പോകുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ വാദം ചരിത്രചർച്ചയുടെ ഭാഗമാകട്ടെ.

എന്നാൽ ഒരു നേതാവിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ഭാഗം മാത്രം തിരഞ്ഞെടുത്ത് മിനുക്കുന്ന രീതിയാണ് ചോദ്യംചെയ്യേണ്ടത്. സെല്ലുലാർ ജയിലിലെ തടവുജീവിതം പറയണം. അതോടൊപ്പം ദയാഹർജികളും പറയണം. ആദ്യകാല വിപ്ലവപ്രവർത്തനം പറയണം. അതോടൊപ്പം പിന്നീട് ഹിന്ദു മഹാസഭയുടെ രാഷ്ട്രീയവും ബ്രിട്ടീഷ് ഭരണത്തോടുള്ള സമീപനത്തിലെ മാറ്റവും പഠിപ്പിക്കണം. അതാണല്ലോ ചരിത്രം. അല്ലാതെ ചരിത്രപാഠം ഒരു ഹീറോയുടെ പരസ്യബ്രോഷറല്ല.

സ്വന്തം കൈകൊണ്ട് ചാർത്തിയ ‘വീർ’ പട്ടം

ആരാണ് സവർക്കർക്ക് വീർ പട്ടം ചാർത്തിയത്? സവർക്കർ സ്വയം നല്കിയ പട്ടമാണ് വീർ എന്നാണ് വാദം. സവർക്കർ സ്വന്തം ജീവചരിത്രം ‘ചിത്രഗുപ്തൻ’ എന്ന പേരിൽ എഴുതി, അതിൽ സ്വയം മഹത്വപ്പെടുത്തി, അങ്ങനെ സ്വന്തം പേരിന് ‘വീർ’ ചേർത്തു എന്ന് പില്ക്കാലത്ത് തെളിഞ്ഞു. ഇതു സംബന്ധിച്ചും സാത്യകി സവർക്കർക്ക് വിശദീകരണമുണ്ട്. 2026 ഏപ്രിലിൽ പുണെ കോടതിയിൽ സാത്യകി പറഞ്ഞത് ‘സ്വാതന്ത്ര്യവീർ’ എന്ന വിശേഷണം ഏതെങ്കിലും സർക്കാർ ഔദ്യോഗികമായി നൽകിയതല്ലെന്നും എഴുത്തുകാരനായ സദാശിവ് റാനഡെയാണ് തന്റെ സവർക്കർ ജീവചരിത്രത്തിൽ അത് ഉപയോഗിച്ചതെന്നുമാണ്.

ശരിയാണ്, 1924ലെ റാനഡെയുടെ ജീവചരിത്രത്തിൽ ‘സ്വാതന്ത്ര്യവീർ’ പ്രയോഗം ഉണ്ടായിരുന്നതായുള്ള രേഖകൾ ചൂണ്ടിക്കാട്ടപ്പെടുന്നു. ‘ചിത്രഗുപ്തൻ’ എന്ന പേരിലുള്ള Life of Barrister Savarkar 1939ലാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ പിന്നീടുള്ള പതിപ്പിലെ അവതാരികയിലാണ് സവർക്കർ തന്നെയായിരിക്കാം ചിത്രഗുപ്തനെന്ന വാദം ഉയർന്നത്.

പക്ഷേ അതിലും രസകരമായ സത്യം ബാക്കിയുണ്ട്. ഔദ്യോഗികമായി ഒരു സർക്കാരും നൽകിയ പട്ടമല്ല വീർ. കോടതിയിൽ അദ്ദേഹത്തിന്റെ ബന്ധുതന്നെ അത് സമ്മതിക്കുന്നു. എന്നിട്ടും ഇന്ന് സർക്കാർ സ്ഥാപനങ്ങളും കേന്ദ്രമന്ത്രിമാരും പാർലമെന്റ് പരിപാടികളും അദ്ദേഹത്തിന്റെ പേരിനുമുമ്പിൽ ‘വീർ’ ചേർത്താണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ചരിത്രത്തിൽ ലഭിക്കാത്ത അംഗീകാരം പിന്നീട് അധികാരം നൽകി പൂർത്തിയാക്കുന്ന മനോഹരമായ പ്രക്രിയ!

ബ്രിട്ടീഷുകാരിൽ നിന്ന് അലവൻസ്

ബ്രിട്ടീഷുകാരിൽ നിന്ന് സവർക്കർ വാങ്ങിയിരുന്ന അലവൻസും അദ്ദേഹത്തിൻ്റെ അനുയായികൾക്ക് കല്ലുകടിയാണ്. 1924ൽ ജയിൽമോചിതനായശേഷം സവർക്കർ രത്നഗിരി ജില്ല വിട്ടുപോകരുതെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള നിയന്ത്രണങ്ങൾക്ക് വിധേയനായിരുന്നു. ആ കാലത്ത്, 1929 ഓഗസ്റ്റ് 1 മുതൽ ബ്രിട്ടീഷ് സർക്കാർ മാസം 60 രൂപ അദ്ദേഹത്തിന് നൽകി. സവർക്കറുടെ പാരമ്പര്യം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന Savarkar.org തന്നെയാണ് ഈ വിവരം രേഖപ്പെടുത്തുന്നത്. 1937ൽ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഈ തുക ലഭിച്ചിരുന്നുവെന്നും അവർ പറയുന്നു.

ഇവിടെയും പല ചോദ്യങ്ങൾ ഉയരുന്നുണ്ട്. സവർക്കർ ബ്രിട്ടനിൽ നിന്നു മോചനം ലഭിക്കാൻ ശ്രമിക്കുന്നയാൾ ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന് ബ്രിട്ടീഷ് സർക്കാർ തന്നെ അലവൻസ് കൊടുക്കുമായിരുന്നോ? ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിപ്ലവപ്രതീകമായി ഉയർത്തപ്പെടുന്ന ഒരാൾക്ക് കോളനി സർക്കാർ പ്രതിമാസം 60 രൂപ നൽകിയിരുന്നുവെന്ന ചരിത്രവും കുട്ടികൾ പഠിക്കേണ്ടതല്ലേ? അല്ലെങ്കിൽ ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളിൽനിന്ന് ചില പേജുകൾ മാത്രം പാഠപുസ്തകത്തിന് നിരോധിതമാണോ?

ഗാന്ധിജിക്കും 100 രൂപ കിട്ടിയെന്ന് പറയുന്നവരോട്

ഇവിടെ ഉടൻ വരാൻ പോകുന്ന മറുചോദ്യം അറിയാം. “ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ മാസം 100 രൂപ നൽകിയില്ലേ?” സമൂഹമാധ്യമങ്ങളിൽ പലവട്ടം പ്രചരിച്ച കഥയാണിത്. വസ്തുത വ്യത്യസ്തമാണ്.

1930ൽ യെർവാദ ജയിലിൽ സ്റ്റേറ്റ് പ്രിസണറായി തടവിലായിരുന്ന ഗാന്ധിജിയുടെ പരിപാലനച്ചെലവിനായി മാസം 100 രൂപ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ബ്രിട്ടീഷ് സർക്കാർ രേഖയുണ്ട്. പക്ഷേ ആ പണം ഗാന്ധിജിയുടെ കൈയിൽ വ്യക്തിപരമായ അലവൻസായി നൽകിയിരുന്നില്ല; ജയിൽ ഭരണകൂടത്തിന്റെ ചെലവിനായാണ് വകയിരുത്തിയത്. ഗാന്ധിജി വ്യക്തിപരമായി 100 രൂപ കൈപ്പറ്റിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രേഖകൾ പരിശോധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. ഗാന്ധിജി തന്റെ പരിപാലനത്തിന് അത്രയും തുക ആവശ്യമില്ലെന്നും സർക്കാർ നിർദേശിച്ച തുക ചെലവാക്കേണ്ടതില്ലെന്നും ജയിൽ അധികൃതരെ അറിയിച്ചിരുന്നു.

ഇവിടെയാണ് താരതമ്യം ശ്രദ്ധേയമാകുന്നത്. സവർക്കറുടെ കാര്യത്തിൽ 1929 മുതൽ മാസം 60 രൂപ ലഭിച്ചിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന സവർക്കർ വെബ്സൈറ്റ് തന്നെയാണ് പറയുന്നത്. ഗാന്ധിജിയുടെ കാര്യത്തിൽ പ്രചരിപ്പിക്കുന്ന “100 രൂപ ബ്രിട്ടീഷ് അലവൻസ്” വ്യക്തിപരമായി കൈപ്പറ്റിയ പണമല്ല.

ചരിത്രത്തിന്റെ തമാശ ചിലപ്പോൾ വളരെ ക്രൂരമാണ്. 60 രൂപ കൈയിൽ വാങ്ങിയ ചരിത്രപുരുഷനെ ബ്രിട്ടീഷിനെ വിറപ്പിച്ച ഏകവീരനാക്കണം. 100 രൂപ കൈപ്പറ്റാതിരുന്ന ഗാന്ധിജിയെ ബ്രിട്ടീഷുകാരുടെ ഏജന്റാക്കണം. അതിന് ചരിത്രം പോരാ. വാട്സാപ്പ് യൂണിവേഴ്സിറ്റി വേണം.

കത്ത് എഴുതിയാൽ ഭീരുവാകുമോ?

രാഷ്ട്രീയ തടവുകാർ വിവിധ സാഹചര്യങ്ങളിൽ നിയമപരമായ അപേക്ഷകൾ നൽകിയിട്ടുണ്ട്. സവർക്കർ സെല്ലുലാർ ജയിലിൽ അനുഭവിച്ച ക്രൂരമായ തടവുജീവിതത്തെയും അവഗണിക്കാനാവില്ല. അദ്ദേഹത്തിന്റെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രവർത്തനവും ചരിത്രത്തിന്റെ ഭാഗമാണ്.

പക്ഷേ പ്രശ്നം അതല്ല. 10 ദയാഹർജികൾ നൽകിയ മനുഷ്യനെക്കുറിച്ച് ആ 10 ദയാഹർജികളും മറച്ചുവച്ച് മാത്രം ‘വീരചരിത്രം’ എഴുതുന്നതാണ് പ്രശ്നം.

അദ്ദേഹത്തിന്റെ അനുയായികൾ പറയുന്ന തന്ത്രപരമായ വിശദീകരണവും കുട്ടികൾ പഠിക്കട്ടെ. വിമർശകരുടെ വ്യാഖ്യാനവും പഠിക്കട്ടെ. ഹർജികളുടെ യഥാർഥ പാഠവും വായിക്കട്ടെ. ശേഷം കുട്ടികൾ തന്നെ തീരുമാനിക്കട്ടെ. അതാണ് വിദ്യാഭ്യാസം.

“ചോദ്യം — ഏറ്റവും വലിയ വീരൻ ആര്? ഉത്തരം — സവർക്കർ” എന്നത് വിദ്യാഭ്യാസമല്ല. അത് ഉത്തരസൂചികയോടുകൂടിയ രാഷ്ട്രീയ പ്രചാരണമാണ്.

ഭഗത് സിങ്ങിനെപ്പറ്റി ചോദ്യമില്ല

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ തൂക്കുമരത്തിലേക്ക് നടന്നുപോയവരുണ്ട്. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ശിക്ഷയിളവ് ലഭിച്ചില്ല. ബ്രിട്ടീഷ് വെടിയുണ്ടയ്ക്കുമുന്നിൽ വീണവരുണ്ട്. ജാലിയൻവാലാബാഗിൽ വീട്ടിലേക്ക് മടങ്ങാൻ പോലും അവസരം കിട്ടാത്ത മനുഷ്യരുണ്ട്. കാലാപാനിയിൽ മരിച്ചവരുണ്ട്. അനേകം വർഷങ്ങൾ ജയിലുകളിൽ ചെലവഴിച്ചവരുണ്ട്.

അവരെയെല്ലാം മറികടന്ന് “ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയത് സവർക്കർ” എന്ന ഒറ്റ ഉത്തരമുള്ള ചോദ്യം ഒരു എൽ.പി. കുട്ടിയുടെ മുന്നിൽ വെയ്ക്കുമ്പോൾ അത് ചരിത്രപരമായ താരതമ്യമല്ല. ഒരു രാഷ്ട്രീയ നായകനെ നിർമ്മിക്കാനുള്ള ശ്രമമാണ്. അതുകൊണ്ടാണ് ചോദ്യം ചരിത്രപരമായി തെറ്റാണെന്ന് പവിദ്യാഭ്യാസ വകുപ്പിനു തന്നെ പിന്നീട് സമ്മതിക്കേണ്ടി വന്നത്. പക്ഷേ, ആ സമ്മതത്തിന് പ്രതിഷേധമുയരേണ്ടി വന്നു എന്നുമാത്രം.

പുതിയ ചരിത്രത്തിൽ ഉത്തരമാണ് ആദ്യം

ചരിത്രപഠനത്തിന്റെ പഴയ രീതി ഇങ്ങനെയായിരുന്നു: ആദ്യം രേഖകൾ പരിശോധിക്കുക. പിന്നെ തെളിവുകൾ കൂട്ടിച്ചേർക്കുക. അതിനുശേഷം നിഗമനത്തിലെത്തുക.

പുതിയ രീതി കുറേക്കൂടി ലളിതമാണ്. ആദ്യം ഉത്തരം തീരുമാനിക്കുക. ഉത്തരം: സവർക്കർ. പിന്നെ അതിന് പറ്റിയ ചോദ്യം ഉണ്ടാക്കുക.

ഏറ്റവും വലിയ വീരൻ ആര്? സവർക്കർ.

ഏറ്റവും വലിയ ദേശസ്നേഹി ആര്? സവർക്കർ.

ബ്രിട്ടീഷുകാരെ ഏറ്റവും പേടിപ്പിച്ചത് ആര്? സവർക്കർ.

10 ദയാഹർജി എഴുതിയത് ആര്? ഈ ചോദ്യം സിലബസിലില്ല.

മാസം 60 രൂപ ബ്രിട്ടീഷ് സർക്കാരിൽനിന്ന് ലഭിച്ചത് ആര്? അതും ഔട്ട് ഓഫ് സിലബസ്.

ക്വിറ്റ് ഇന്ത്യ സമരകാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാട് എന്തായിരുന്നു? അടുത്ത അധ്യായത്തിൽ നോക്കാം.

ചരിത്രത്തെ ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ പിന്നെ ചരിത്രകാരന്മാരുടെ ആവശ്യമില്ല. ഒരു നല്ല പി.ആർ. ഏജൻസി മതി.

സവർക്കറെ പഠിപ്പിക്കുന്നെങ്കിൽ മുഴുവനായി വേണം

സവർക്കറെ പാഠപുസ്തകത്തിൽനിന്ന് മായ്ക്കേണ്ടതില്ല. പഠിപ്പിക്കണം. അദ്ദേഹത്തിന്റെ വിപ്ലവകാലം പഠിപ്പിക്കണം. മാർസെയിൽ കപ്പലിൽനിന്നുള്ള രക്ഷപ്പെടൽ ശ്രമം പഠിപ്പിക്കണം. സെല്ലുലാർ ജയിലിലെ പീഡനം പഠിപ്പിക്കണം. അദ്ദേഹത്തിന്റെ രചനകൾ പഠിപ്പിക്കണം. അതോടൊപ്പം ദയാഹർജികളും പഠിപ്പിക്കണം. രത്നഗിരിയിലെ നിയന്ത്രിത ജീവിതവും ബ്രിട്ടീഷ് സാമ്പത്തിക സഹായവും പഠിപ്പിക്കണം. ഹിന്ദുത്വ സിദ്ധാന്തവും പഠിപ്പിക്കണം. ഹിന്ദു മഹാസഭാ രാഷ്ട്രീയവും രണ്ടാം ലോകമഹായുദ്ധകാലത്തെ നിലപാടുകളും പഠിപ്പിക്കണം. അപ്പോൾ സവർക്കർ ചരിത്രപുരുഷനാകും.

ഒരൊറ്റ വശം മാത്രം പഠിപ്പിച്ചാൽ അദ്ദേഹം ചരിത്രപുരുഷനല്ല. രാഷ്ട്രീയ ഉത്പന്നമാണ്. ഇന്ന് നടക്കുന്ന പോരാട്ടവും അതുതന്നെയാണ്. സവർക്കറെ ചരിത്രത്തിൽ ഉൾപ്പെടുത്തണമോ എന്നതല്ല ചോദ്യം. ചരിത്രത്തിലെ സവർക്കറെ പഠിപ്പിക്കണോ, ആർ.എസ്.എസ്. നിർമ്മിച്ച സവർക്കറെ പഠിപ്പിക്കണോ എന്നതാണ്.

കുട്ടികളുടെ ക്വിസ് അതുകൊണ്ട് ചെറിയ കാര്യമല്ല. ഒരു എൽ.പി. കുട്ടിയുടെ ഉത്തരക്കടലാസിലേക്ക് രാഷ്ട്രീയത്തിന്റെ കൈ നീളുന്നതിന്റെ സൂചനയാണ്.

അടുത്ത തവണ ക്വിസ് തയ്യാറാക്കുന്നവർക്ക് ഒരു ചോദ്യം നിർദേശിക്കാം: ചരിത്രം പഠിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് എന്ത്?

എ) ഇഷ്ടപ്പെട്ട നേതാവിനെ വീരനാക്കുക
ബി) ഇഷ്ടമില്ലാത്ത വസ്തുത ഒഴിവാക്കുക
സി) വാട്സാപ്പിലെ സന്ദേശം പകർത്തുക
ഡി) രേഖകൾ മുഴുവൻ വായിക്കുക

ശരിയായ ഉത്തരം പറയേണ്ടതില്ല. കുട്ടികൾക്ക് അറിയാം.

COMMENT

Recent Articles

Related Articles

Special