‘ലോ ആൻഡ് ഓർഡർ’: ആക്ഷൻ ഭാവത്തിൽ രഞ്ജിത്ത് ചിത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ടീസർ ചിത്രത്തിന്റെ സംഘർഷഭരിതമായ കഥാലോകത്തിലേക്കുള്ള സൂചന നൽകുന്നു. സെപ്റ്റംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തും.

“കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ സംഘം… അവരോടാണ് യുദ്ധം… ചോര വീഴ്ത്താതെ, ചോര കൊടുക്കാതെ തീർക്കാൻ പറ്റുമെന്നുറപ്പില്ലാത്ത കളി…” എന്ന സംഭാഷണത്തോടെയാണ് ടീസർ ശ്രദ്ധ നേടുന്നത്. നീതിയും നിയമവും നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു സംഘം നേരിടുന്ന കടുത്ത സംഘർഷങ്ങളാണ് ചിത്രം ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്നത്.

പ്രകാശ് വർമ്മ ‘ജോർജ് സാർ’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യവും പ്രധാന ആകർഷണമാണ്. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രവും തോക്കുമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രം മമ്മൂട്ടിയുടേതാണെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. അഭിരാമിയും പ്രധാന വേഷത്തിലെത്തുന്നു.

സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 90 ദിവസത്തോളം നീണ്ടു. കൊച്ചിക്കുപുറമേ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഫീനിക്സ് പ്രദു, പി.സി.സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം നൽകുന്നു. ബിജിപാലാണ് പശ്ചാത്തലസംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

കിഷൻ സപ്തയാണ് സൗണ്ട് ഡിസൈൻ. സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറും വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ആന്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനും ശാലിനി കാസ്റ്റിങ് ഡയറക്ഷനും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യുട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

COMMENT

Recent Articles

Related Articles

Special