‘കാവിയാണ് ഇഷ്ടനിറം’; കൃഷ്ണകുമാറിനെയും പേളിയെയും പരിഹസിച്ച് ചന്തു സലിംകുമാർ

Follow the FOURTH PILLAR LIVE channel on WhatsApp 

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ജെ.പി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനെയും നടിയും അവതാരകയുമായ പേളി മാണിയെയും പരിഹസിച്ചാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചന്തുവിൻ്റെ പ്രതികരണം.
കാവി നിറത്തിലുള്ള പശ്ചാത്തലത്തിലാണ് ചന്തു കുറിപ്പ് പങ്കുവെച്ചത്. “കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു, ശരിയാണോ ഗയ്സ്?” എന്നായിരുന്നു സ്റ്റോറിയിലെ വാക്കുകൾ. ഇതിനൊപ്പം “കാവി എൻ്റെ ഇഷ്ടനിറം” എന്നും ചന്തു തമാശരൂപത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ച് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. “കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ… പിന്നെയാ ഡൽഹി…” എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. ഈ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
കൃഷ്ണകുമാറിന് പിന്നാലെ സി.ജെ.പി. സമരത്തെക്കുറിച്ച് പേളി മാണിയും പ്രതികരിച്ചിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം അക്രമ സംഭവങ്ങളിൽനിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച ദീർഘമായ കുറിപ്പാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും പേളി സ്റ്റാറ്റസാക്കിയിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നതോടെ ആ സ്റ്റാറ്റസ് നീക്കം ചെയ്ത പേളി, കാവി നിറമാണ് തൻ്റെ പ്രിയപ്പെട്ട നിറമെന്ന് വ്യക്തമാക്കി മറ്റൊരു സ്റ്റാറ്റസ് പങ്കുവെച്ചു. ഇതോടെ പേളിക്കെതിരായ വിമർശനം കൂടുതൽ ശക്തമായി.
പിന്നീട് വിവാദമായ സ്റ്റാറ്റസുകൾ നീക്കം ചെയ്ത പേളി നിലപാട് മയപ്പെടുത്തി വീണ്ടും രംഗത്തെത്തി. എന്നാൽ “കാവി എൻ്റെ ഇഷ്ടനിറം” എന്ന പരാമർശത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ പേളിക്കെതിരെ ഇപ്പോഴും വിമർശനം തുടരുകയാണ്. ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവിടങ്ങളിൽ ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ കുറവുണ്ടായതായും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ചന്തു സലിംകുമാറിൻ്റെ പരിഹാസ പ്രതികരണം ശ്രദ്ധ നേടുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടും വിദ്യാർഥി സമരവും ധർമേന്ദ്ര പ്രധാൻ്റെ രാജിയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ സമൂഹമാധ്യമങ്ങളിലും സിനിമാരംഗത്തും സജീവമായി തുടരുകയാണ്.

COMMENT

Recent Articles

Related Articles

Special