മലയാളത്തിലെ ആദ്യ എ.ഐ. സിനിമയാകാൻ മണികണ്ഠൻ -ദ ലാസ്റ്റ് അവതാർ

Follow the FOURTH PILLAR LIVE channel on WhatsApp 

നിർമ്മിതബുദ്ധി ഉപയോഗിച്ച് മലയാളത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ സിനിമയാകാൻ ഒരുങ്ങുകയാണ് മണികണ്ഠൻ ദ ലാസ്റ്റ് അവതാർ. പാപ്പരാസി എൻ്റർടെയ്ൻമെൻ്റ് കമ്പനി ഒരുക്കുന്ന ചിത്രം, പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിക്കുന്ന മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമ ആയിരിക്കും.

ജീവിതത്തിലെ നഷ്ടങ്ങൾക്കിടയിലും വിശ്വാസവും കടമയും മുറുകെപ്പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനുമിടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന യുവാവിൻ്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവത്കരിക്കുന്നതാണ് ഈ സിനിമയെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പ്രകൃതിദുരന്തത്തിലൂടെ അനാഥനായ കഥാനായകൻ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും അയ്യപ്പൻ്റെ ആത്മീയ പ്രഭാവലയത്തിലൂടെയും തികഞ്ഞ യോദ്ധാവും കർമ്മനീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമം ഹിമാലയത്തിൻ്റെ പശ്ചാത്തലത്തിൽ ദൃശ്യവത്കരിക്കുന്നു. 5000 വർഷം പഴക്കമുള്ള ഇന്ത്യൻ പുരാണങ്ങളെയും ദാർശനികതയെയും സംയോജിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്ക്രിപ്റ്റിങ്, വിഷ്വൽ ഡിസൈൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള ചലച്ചിത്രനിർമ്മാണ പ്രക്രിയയിലുടനീളം നിർമ്മിതബുദ്ധിയുടെ പ്രയോഗിമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സാങ്കേതികവിദ്യയുടെയും കഥപറച്ചിലിൻ്റെയും സംയോജനത്തിലൂടെ നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ ലക്ഷ്യമിടുന്നു.

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മെയ് 29ന് 5 ഭാഷകളിലായി മണികണ്ഠൻ -ദ ലാസ്റ്റ് അവതാർ റിലീസ് ചെയ്യും.

Recent Articles

Related Articles

Special