കളങ്കാവലിന് ശേഷം ജിതിൻ കെ.ജോസ് ഒരുക്കുന്ന മായൻ-ചാപ്റ്റർ 1

Follow the FOURTH PILLAR LIVE channel on WhatsApp 

സൂപ്പർഹിറ്റായ മമ്മൂട്ടി ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ.ജോസ് ഒരുക്കുന്ന മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. കൊച്ചി അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജ.

മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചിയും സഹോദരി സജിതയും ചേർന്ന് ചിത്രത്തിൻ്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു.

ഈ ചിത്രം കഴിഞ്ഞമാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്തമാസം ചിത്രത്തിൻ്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ.ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.

അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പങ്കുവെച്ച ഒരു സമൂഹമാധ്യമ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. മലയാളസാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലറായ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.

എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും പ്രധാന വേഷങ്ങൾ ചെയ്യുന്നു. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതികപ്രവർത്തകർ എല്ലാംതന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. ലൈൻ പ്രൊഡ്യൂസർ രോഹിത് ആർ.നായർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പി.ആർ.ഒ. വാഴൂർ ജോസ്.

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക് , അയർലൻഡ് എന്നിവിടങ്ങളിലും, മൂന്നാർ വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമായി പൂർത്തിയാകും.

Recent Articles

Related Articles

Special