തിരഞ്ഞെടുപ്പ് കഴിഞ്ഞു, വരുന്നു കനത്ത അടി; പെട്രോൾ, ഡീസൽ, ഗാർഹിക ഗ്യാസ് വില കൂട്ടുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പുകൾ പൂർത്തിയായതോടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു. വോട്ടെടുപ്പ് കഴിഞ്ഞപാടെ വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് എണ്ണക്കമ്പനികൾ 1000 രൂപയോളം വർധിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായി പെട്രോൾ, ഡീസൽ, ഗാർഹിക എൽ.പി.ജി. എന്നിവയുടെ വിലയും കൂട്ടാനാണ് പരിപാടി. വില വർധിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടാവശ്യത്തിനുള്ള എൽ.പി.ജി. സിലിണ്ടറിന് 40 മുതൽ 50 വരെ രൂപ കൂട്ടാനാണ് നീക്കം. പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 വരെ രൂപ കൂടുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിലവിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് ലിറ്ററിന് വില. വില വർധന ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയത്തിൻ്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലുണ്ട്. എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 20 രൂപയും ഡീസല്‍ ഏതാണ്ട് 100 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന കണക്കുകളും പുറത്തുവന്നിരുന്നു.

2022 ഏപ്രിൽ മുതൽ വില മാറ്റമില്ലാതെ നിൽക്കുകയാണ്. ഈ കാലയളവിൽ ചില മാസങ്ങളിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയും മറ്റുചില മാസങ്ങളിൽ കുറയുകയും ചെയ്തിട്ടുണ്ട്. വില കുറഞ്ഞപ്പോൾ, എണ്ണ കമ്പനികൾ നല്ല ലാഭം നേടുകയും ചെയ്തിട്ടുണ്ട്, വില വർധിക്കുമ്പോൾ നഷ്ടം നികത്താൻ ഈ ലാഭം ഉപയോഗിക്കുയും ചെയ്തിരുന്നു. എന്നാൽ, നഷ്ടത്തെക്കാളേറെ ലാഭമുണ്ടാക്കുന്ന അവസരങ്ങളായിരുന്നു കൂടുതൽ എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപ വരെ കൂട്ടിയേക്കുമെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ അത്തരമൊരു നീക്കം ഇല്ലെന്നായിരുന്നു പെട്രോളിയം മന്ത്രാലയത്തിൻ്റെ പ്രതികരണം. അതിനുശേഷമാണ് വിലവർധന ഒഴിവാക്കാനാവില്ലെന്ന ധനമന്ത്രാലയത്തിൻ്റെ പ്രതിമാസ അവലോകന റിപ്പോർട്ട് പുറത്തുവന്നത്.

Recent Articles

Related Articles

Special